കെ റെയിൽ വരുമെന്ന് പുതുപ്പള്ളിയിൽ പ്രഖ്യാപിക്കുവാൻ മുഖ്യമന്ത്രി തയാറാണോയെന്ന് വി.ഡി സതീശൻ
text_fieldsകോട്ടയം: കെ റെയിൽ വരുമെന്ന് പുതുപ്പള്ളിയിൽ പ്രഖ്യാപിക്കുവാൻ മുഖ്യമന്ത്രി തയാറാണോ എന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കെ റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി കോട്ടയം ജില്ലാ കമ്മിറ്റി മാടപ്പള്ളിയിൽ തുടങ്ങിയ സത്യാഗ്രഹ സമരത്തിന്റെ 500-ാം ദിവസം സംസ്ഥാന സമരപോരാളികളുടെ സംഗമം കോട്ടയം നഗരത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എന്തുവന്നാലും കെ റെയിൽ നടപ്പിലാക്കുവാൻ അനുവദിക്കില്ലെന്നും കേന്ദ്രഗവൺമെന്റ് അനുമതി നല്കിയാലും തങ്ങളുടെ നിലപാടിൽ മാറ്റമില്ല. കേരളത്തിലുണ്ടാകുന്ന സാമൂഹിക, സാമ്പത്തിക, പാരിസ്ഥിതിക ആഘാതങ്ങളെക്കുറിച്ച് പഠിച്ച് വിലയിരുത്തിയതിനുശേഷമാണ് യു.ഡി.എഫ് ഈ നിലപാട് എടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി. ഈ പദ്ധതിക്ക് വേണ്ടി വാശി പിടിക്കുന്ന ഒറ്റയാളെ കേരളത്തിൽ ഉള്ളുവെന്നും വികസനത്തിനു വേണ്ടിയല്ല മുഖ്യമന്ത്രിയുടെ വാശി എന്നും അദ്ദേഹം കൂട്ടി ചേർത്തു.
സമരസമിതി കോട്ടയം ജില്ല ചെയർമാൻ ബാബു കുട്ടൻചിറ അധ്യക്ഷത വഹിച്ചു. പദ്ധതി പിൻവലിച്ച് ഉത്തരവ് ഇറക്കുന്നത് വരെ സമരം ശക്തമായി തുടരുമെന്ന് അദ്ദേഹം പറഞ്ഞു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, ആന്റോ ആന്റണി എം.പി, ജെബി മേത്തർ എം.പി, മോൻസ് ജോസഫ് എം.എൽ.എ, അഡ്വ. ഫ്രാൻസീസ് ജോർജ്, അഡ്വ. ജോയി എബ്രഹാം, ജോസഫ് എം.പുതുശേരി, സജി മഞ്ഞകടമ്പിൽ എന്നിവർ സംസാരിച്ചു.