നൂൽപ്പുഴയിലെ ആദിവാസി കോളനികളിൽ ശുചീകരണം തുടങ്ങി
text_fieldsനൂൽപ്പുഴയിലെ ആദിവാസി കോളനികളിൽ തിങ്കളാഴ്ച നടന്ന ശുചീകരണം
സുൽത്താൻ ബത്തേരി: നൂൽപ്പുഴ പഞ്ചായത്തിലെ മാറോട് ചവനൻ കോളനിയിൽ പനി, വയറിളക്കം,ഛർദി എന്നിവയെ തുടർന്ന് കഴിഞ്ഞദിവസം നികിത എന്ന കുട്ടി മരിച്ച സാഹചര്യത്തിൽ പഞ്ചായത്തിലെ കോളനികൾ കേന്ദ്രീകരിച്ച് ശുചീകരണ പ്രവൃത്തികൾ തുടങ്ങി. തിങ്കളാഴ്ച അഞ്ച് വാർഡുകളിലെ കുടിവെള്ള സ്രോതസ്സുകൾ അണുമുക്തമാക്കി. ചൊവ്വാഴ്ചയോടെ പഞ്ചായത്തിലെ എല്ലാ കോളനികളിലും ശുചീകരണം പൂർത്തിയാകുമെന്ന് വൈസ് പ്രസിഡന്റ് ഉസ്മാൻ നായ്ക്കട്ടി പറഞ്ഞു. ശുചീകരണത്തോടൊപ്പം ബോധവത്കരണ പരിപാടികളും നടത്തുന്നുണ്ട്. പഞ്ചായത്തംഗങ്ങളുടെയും ആശാ വർക്കർ, ഊരു മിത്ര, പ്രമോട്ടർമാർ, കുടുംബശ്രീ പ്രവർത്തകർ, അംഗൻവാടി അധ്യാപകർ, ആർ.ആർ.ടി എന്നിവരുടെ നേതൃത്വത്തിലാണ് ശുചീകരണം നടത്തുന്നത്.
മാറോട് ചവനൻ കോളനിയിൽ ഒരു വീട്ടിലും ശൗചാലയമില്ല. ഇവിടത്തെ കുടിവെള്ളമാണോ കുട്ടിയുടെ മരണത്തിന് കാരണമായതെന്ന കാര്യത്തിൽ സംശയമുണ്ട്. അതേസമയം, ഷിഗെല്ല രോഗമല്ല നികിതയുടെ മരണത്തിന് ഇടയാക്കിയതെന്ന മെഡിക്കൽ റിപ്പോർട്ട് തിങ്കളാഴ്ച പുറത്തുവന്നു.