സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റിയിൽ ഇടതിന് അടിതെറ്റിയത് എങ്ങനെ?
text_fieldsസുൽത്താൻ ബത്തേരി നഗരസഭാ കാര്യാലയ കവാടം
സുൽത്താൻ ബത്തേരി: 10വർഷം ഭരിച്ച മുനിസിപ്പാലിറ്റിയിൽ ഇത്തവണ ഇടതിന് അടിതെറ്റിയത് എങ്ങനെ? ഫലം വന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും ഇത് സംബന്ധിച്ചുള്ള ചർച്ചകൾ സജീവമാണ്. നല്ല ഭരണം കാഴ്ചവച്ചുവെന്നാണ് ഇടതു കേന്ദ്രങ്ങൾ പറയുന്നത്. വർഗീയത പറഞ്ഞുള്ള വോട്ട് പിടുത്തം, പണാധിപത്യം എന്നിവയൊക്കെയാണ് യു.ഡി.എഫിനെ തുണച്ചതെന്ന ആക്ഷേപമാണ് ഇടതുപക്ഷമുന്നയിക്കുത്.
ക്ലീൻ സിറ്റി, ഫ്ലവർ സിറ്റി, ഹാപ്പി ഹാപ്പി ബത്തേരി തുടങ്ങിയ ആശയത്തിലൂന്നിയുള്ള പ്രചാരണ രീതിയായിരുന്നു ഇടതുപക്ഷം കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും പയറ്റിയത്. നഗരത്തിലെ വൃത്തികാണിച്ച് മുനിസിപ്പാലിറ്റിയിലൊട്ടാകെ വോട്ട് പിടിക്കുന്ന രീതി പക്ഷെ ഇത്തവണ ജനം തള്ളുകയായിരുന്നു. ഇടതുപക്ഷത്തിന്റെ ക്ലീൻ സിറ്റി പ്രചരണത്തിനെതിരെ ശക്തമായ പ്രചരണം നടത്താൻ യു.ഡി.എഫിനുമായി. നഗരത്തിലെ ചുങ്കം ബസ് സ്റ്റാൻഡിനടുത്തുള്ള മത്സ്യ- മാംസ മാർക്കറ്റ് ഇതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടി.
പൊതുവേ നഗരത്തിൽ വൃത്തിയുണ്ടെന്നത് വസ്തുതയാണെങ്കിലും ഉൾപ്രദേശങ്ങളിലേക്ക് പോകുമ്പോൾ സ്ഥിതി മാറുകയായിരുന്നു. പൊട്ടിപ്പൊളിഞ്ഞ ഗ്രാമീണ റോഡുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും യു.ഡി.എഫ് തുറന്നുകാട്ടി. അതിൽ വസ്തുതയുണ്ടെന്ന് വോട്ടർമാർക്ക് ബോധ്യമായതാണ് ഇപ്പോഴത്തെ എൽ.ഡി.എഫിന്റെ വലിയ തിരിച്ചടിക്ക് കാരണമായത്. ബത്തേരി നഗരത്തിലെ മാലിന്യങ്ങൾ കരിവള്ളിക്കുന്ന് മാലിന്യ കേന്ദ്രത്തിലാണെത്തിക്കുന്നത്.
ഇവിടെ അത്യാധുനിക രീതിയിൽ മാലിന്യ പ്ലാന്‍റ് ഉണ്ടെന്ന് ഇടതുപക്ഷം കൊട്ടിഘോഷിച്ചിരുന്നു. എന്നാൽ, കരിവള്ളിക്കുന്ന് ഡിവിഷനിലെ വോട്ടർമാർ പോലും ഇത് തള്ളിക്കളഞ്ഞ് ചെയർമാൻ ടി.കെ. രമേശിനെ തോൽപ്പിച്ചായിരുന്നു. നഗരത്തിലെ സുൽത്താൻ ബത്തേരി ഡിവിഷനിൽപ്പെട്ട നഗരസഭ സ്റ്റേഡിയം ഒരു സംഘടനക്ക് പാട്ടത്തിന് കൊടുത്തത് സംബന്ധിച്ച് യു.ഡി.എഫ് ഏറെ ആക്ഷേപങ്ങൾ ഉന്നയിച്ചിരുന്നു.
അതിനെതിരെ പ്രതിരോധം തീർക്കാൻ ഇടതുപക്ഷവും ശ്രമിച്ചു. സ്റ്റേഡിയം പൊതുജനത്തിന് വിട്ടുകിട്ടണമെന്ന് ആഗ്രഹിക്കുന്ന ഡിവിഷനിലെ ഒരാളും ഇടതുപക്ഷത്തിന് വോട്ട് ചെയ്യാൻ ഇടയില്ലെന്ന് തിരിച്ചറിഞ്ഞതോടെ സഖ്യ കക്ഷിക്ക് ഡിവിഷൻ വിട്ടുകൊടുക്കുകയായിരുന്നു. ജോസഫ് വിഭാഗം സ്ഥാനാർഥി ജയിക്കുകയും ചെയ്തു. ജനം ഏറെ പ്രതീക്ഷയോടെ കണ്ടിരുന്ന ചില വാഗ്ദാനങ്ങൾ പാലിക്കാൻ കഴിയാത്തതും ഇടതുപക്ഷത്തിന് വിനയായി. ബുലെ വാർഡ്, നറു നറുപുഞ്ചിരി തുടങ്ങിയ വേറിട്ട പദ്ധതികൾ ചില ഉദാഹരണങ്ങൾ മാത്രം.


