ഷിഗെല്ലയെ തളക്കാൻ ഇന്ന് പ്രത്യേകദൗത്യം
text_fieldsകോളിയാടി മാർബസേലിയോസ് സ്കൂളിലെ വിദ്യാർഥികൾക്ക് ഷിഗെല്ല സ്ഥിരീകരിച്ച സാഹചര്യത്തിൽ കൃഷി മന്ത്രി ടി. സിദ്ദീഖിന്റെ നേതൃത്വത്തിൽ സുൽത്താൻ ബത്തേരിയിൽ ചേർന്ന യോഗം
സുൽത്താൻ ബത്തേരി: ബത്തേരി കോളിയാടി മാർബസേലിയോസ് സ്കൂളിലെ രണ്ട് വിദ്യാർഥികൾക്ക് ഷിഗെല്ല സ്ഥിരീകരിച്ചതിനെ തുടർന്ന് ബുധനാഴ്ച ജില്ലയിൽ പ്രത്യേക പ്രതിരോധദൗത്യം. പരിസര പ്രദേശങ്ങളിലെ കിണറുകള്‍ ക്ലോറിനേറ്റ് ചെയ്യാന്‍ ബുധനാഴ്ച സ്‌പെഷല്‍ ഡ്രൈവ് നടത്തുമെന്ന് കൃഷി മന്ത്രി അഡ്വ. ടി. സിദ്ദീഖ് പറഞ്ഞു. സ്ഥിതിഗതികള്‍ അവലോകനം ചെയ്യാന്‍ സുല്‍ത്താന്‍ ബത്തേരി ഗവ. ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
ഷിഗെല്ല സ്ഥിരീകരിച്ചിന് ശേഷമുള്ള തുടര്‍പ്രവര്‍ത്തനങ്ങളും അവയുടെ ഏകോപനവും ഉറപ്പുവരുത്താന്‍ യോഗത്തില്‍ തീരുമാനമായി. ശുചിത്വം ഉറപ്പാക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ അച്ചടിച്ച് എല്ലാ സ്‌കൂളുകളിലും വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും എത്തിക്കും. ജനപ്രതിനിധികളും വിദ്യാഭ്യാസ, ആരോഗ്യ, ട്രൈബല്‍ വകുപ്പുകള്‍ ഉള്‍പ്പെടെയുള്ളവയില്‍ നിന്നുള്ള ഉദ്യോഗസ്ഥരും മറ്റ് വിദഗ്ധരും ഉള്‍പ്പെടുന്ന യോഗത്തില്‍ സ്‌കൂളുകളുടെയും വീടുകളുടെയും ഉന്നതികളുടെയും നിരീക്ഷണം സംബന്ധിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കും. ഐ.സി. ബാലകൃഷണല്‍ എം.എല്‍.എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രികാ കൃഷ്ണന്‍, കലക്ടര്‍ ഡി.ആര്‍. മേഘശ്രീ, സബ് കലക്ടര്‍ അതുല്‍ സാഗര്‍, ഡി.എം.ഒ ഡോ. കെ.ടി. രേഖ, മറ്റ് ജനപ്രതിനിധികള്‍, ജില്ലതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തിൽ പങ്കെടുത്തു.
സ്ഥിതിഗതി നിയന്ത്രണ വിധേയമെന്ന്
നിലവില്‍ സ്ഥിതി ഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് അധികൃതർ അറിയിച്ചു. രോഗലക്ഷണങ്ങളുള്ള കുട്ടികളുടെ വീടുകളിലുള്ള മറ്റ് കുട്ടികള്‍ പഠിക്കുന്ന 12 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. 11 സ്‌കൂളുകളും ഒരു എൻജിനീയറിങ് കോളജുമാണ് ഇത്തരത്തിലുള്ളത്. ഇവിടങ്ങളില്‍ പ്രത്യേകം നിരീക്ഷണം നടത്തും. മെഡിക്കല്‍ സംഘങ്ങളുടെ സാന്നിധ്യം ഉറപ്പുവരുത്തും. നിലവില്‍ പഞ്ചായത്തുകള്‍ക്ക് മഴക്കാല മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു ലക്ഷം രൂപ കൈമാറിയിട്ടുണ്ട്. കൂടുതല്‍ പണം ആവശ്യമുണ്ടെങ്കില്‍ ജില്ല ഭരണകൂടവും പഞ്ചായത്തുകളും ചര്‍ച്ച ചെയ്ത് ലഭ്യമാക്കും.
ആശുപത്രിയിൽനിന്ന് മടങ്ങിയവരെ നിരീക്ഷിക്കും
ഡിസ്ചാര്‍ജ് ചെയ്യപ്പെട്ട് വീടുകളിലേക്ക് മടങ്ങിയ ചില കുട്ടികള്‍ വീണ്ടും ആശുപത്രിയിലേക്ക് മടങ്ങിയെത്തിയ സാഹചര്യത്തില്‍ ഡിസ്ചാര്‍ജ് ചെയ്യപ്പെട്ട കുട്ടികളുടെ നിരീക്ഷണത്തിന് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തി. ആവശ്യമായ മരുന്നുകളും ചികിത്സാ സംവിധാനങ്ങളും നിലവില്‍ സ്റ്റോക്കുണ്ട്. സ്‌കൂളുകളിലെ കിണറുകളിലെ വെള്ളം പരിശോധിച്ചതില്‍ എന്തെങ്കിലും അപാകതകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് കണ്ടെത്തി തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച 35 ആദിവാസി വിദ്യാര്‍ഥികളുടെ ആരോഗ്യനിലയില്‍ പ്രത്യേക നിരീക്ഷണം തുടരുകയാണെന്നും മന്ത്രി അറിയിച്ചു.
ലക്ഷണങ്ങളുമായി 58 പേർ ചികിത്സയിൽ
സുൽത്താൻ ബത്തേരി: ജില്ലയിൽ ഒരാൾക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചതോടെ ആകെ മൂന്ന് പേർക്ക് രോഗബാധ. 58 പേർ ആശുപത്രികളിൽ ചികിത്സയിലുണ്ട്. 14 പേർ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലും 44 പേർ സ്വകാര്യ ആശുപത്രിയിലുമാണ്. 473 പേർക്കാണ് ഇതുവരെ രോഗലക്ഷണങ്ങൾ പ്രകടമായിട്ടുള്ളത്. ഇവരിൽ 470 പേരും സ്കൂൾ വിദ്യാർഥികളാണ്. ഒരു അധ്യാപികയും രണ്ട് രക്ഷിതാക്കളും രോഗലക്ഷണങ്ങളുള്ളവരിൽ പെടുന്നു.
രോഗബാധ സ്ഥിരീകരിക്കപ്പെട്ട എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണ്. രോഗലക്ഷണങ്ങളുമായി ചികിത്സ തേടിയവരുടെ കുടുംബാംഗങ്ങളായ 489 പേരെ ബന്ധപ്പെടുകയും ഇവരിൽ 16 പേർക്ക് ലക്ഷണങ്ങളുള്ളതായി അറിയിക്കുകയും ചെയ്തു. ഇവരെ ആശുപത്രികളിൽ എത്തിച്ച് പരിശോധിച്ചു. ഇതിൽ 14 പേരെയും വിട്ടയക്കുകയും രണ്ട് പേരെ അഡ്മിറ്റ് ചെയ്യുകയും ചെയ്തു. രോഗലക്ഷണങ്ങളുള്ള കുട്ടികളുടെ സഹോദരങ്ങൾ പഠിക്കുന്ന മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജാഗ്രത തുടരുകയാണ്.
ആശങ്കപ്പെടേണ്ട സാഹചര്യമില്ല -മന്ത്രി കെ. മുരളീധരൻ
ഷിഗെല്ല രോഗബാധ സംബന്ധിച്ച് ജില്ലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ പറഞ്ഞു. ചികിത്സയിലുള്ളവരെ സന്ദർശിച്ചശേഷം സുൽത്താൻ ബത്തേരി ഗസ്റ്റ് ഹൗസിൽ നടന്ന അവലോകന യോഗത്തിലും മന്ത്രി പങ്കെടുത്തു. രോഗലക്ഷണങ്ങളുമായി എത്തുന്നവരുടെ ചികിത്സക്കായി പ്രത്യേക പ്രോട്ടോക്കോൾ തയാറാക്കാൻ മന്ത്രി നിർദേശം നൽകി. വൃത്തിഹീനമായി പ്രവർത്തിക്കുന്ന തട്ടുകടകളിലും ഹോട്ടലുകളിലും ശക്തമായ പരിശോധന നടത്താനും ശുചിത്വം ഉറപ്പുവരുത്താനുമുള്ള നിർദേശവും മന്ത്രി നൽകി.
സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടികളെ ആരോഗ്യ മന്ത്രി കെ. മുരളീധരൻ സന്ദർശിച്ചപ്പോൾ
രോഗബാധയുടെ ഉറവിടം കണ്ടെത്താനുള്ള പരിശോധനകൾ നടക്കുകയാണെന്നും മന്ത്രി പറഞ്ഞു. സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്കുള്ള എല്ലാ സൌകര്യങ്ങളും ഉറപ്പാക്കിയിട്ടുണ്ട്. ആവശ്യമായ മരുന്നുകളും ലഭ്യമാണെന്നും മന്ത്രി അറിയിച്ചു. എം.എല്‍.എമാരായ ഐ.സി. ബാലകൃഷണല്‍, ഉഷാ വിജയൻ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രികാ കൃഷ്ണന്‍, സുൽത്താൻ ബത്തേരി നഗരസഭ ചെയർമാൻ റസീന അബ്ദുൾ ഖാദർ, സബ് കലക്ടര്‍ അതുല്‍ സാഗര്‍, ഡി.എം.ഒ ഡോ. കെ.ടി. രേഖ, ജനപ്രതിനിധികൾ, ജില്ലതല ഉദ്യോഗസ്ഥര്‍, ആരോഗ്യവകുപ്പ് അധികൃതർ എന്നിവര്‍ പങ്കെടുത്തു.
പ്രതിരോധം ഊർജിതമാക്കി തദ്ദേശ സ്ഥാപനങ്ങൾ
കോളിയാടി സ്കൂളിലെ കുട്ടികൾക്ക് ഷിഗെല്ല സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധം പ്രവർത്തനങ്ങൾ ഊർജിതമാക്കി തദ്ദേശ സ്ഥാപനങ്ങൾ. നെന്മേനി, നൂല്‍പ്പുഴ, അമ്പലവയല്‍ പഞ്ചായത്തുകളിലും സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റിയിലും ചൊവ്വാഴ്ച പ്രത്യേക യോഗം ചേർന്നു. ജനപ്രതിനിധികളും വിദ്യാഭ്യാസ, ആരോഗ്യ, ട്രൈബല്‍ വകുപ്പുകള്‍ ഉള്‍പ്പെടെയുള്ളവയില്‍ നിന്നുള്ള ഉദ്യോഗസ്ഥരും മറ്റ് വിദഗ്ധരും യോഗങ്ങളിൽ പങ്കെടുത്തു.
കോളിയാടിയിൽ ഷിഗെല്ല സ്ഥിരീകരിച്ച സാഹചര്യത്തിൽ നെൻമേനി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ചേർന്ന പ്രത്യേകയോഗം സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
കോളിയാടി സ്കൂളിലെ കിണറുകളിൽനിന്നുള്ള വെള്ളം വാട്ടർ അതോറിറ്റിയുടെ ക്വാളിറ്റി കൺട്രോൾ വിഭാഗത്തിലെ പ്രത്യേക സംഘം പരിശോധനയ്ക്കായി കൊണ്ടുപോയി. ഒരു കുഴൽ കിണറും ഒരു ഓപ്പൺ കിണറുമാണ് ഇവിടെയുള്ളത്. രണ്ട് കിണറുകൾക്കും പ്രത്യേകം ടാങ്കുകളുണ്ട്. സ്കൂളിൽ പാചകത്തിനായി ഉപയോഗിക്കുന്നത് കുഴൽ കിണറിലെ വെള്ളമാണ്. ഓപ്പൺ കിണറിലെ വെള്ളം ടോയ്‌ലറ്റിലേക്കും കൈ കഴുകാനുള്ള ടാപ്പുകളിലേക്കും മാറ്റുമാണ് കണക്ട് ചെയ്തിട്ടുള്ളത്. ടാപ്പുകളിൽനിന്നുള്ള വെള്ളം പരിശോധനക്ക് എടുത്തിട്ടുണ്ട്.
രണ്ട് കിണറുകളിലെയും വെള്ളം സ്കൂൾ തുറക്കുംമുമ്പ് വൃത്തിയാക്കിയതായി അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു. വെള്ളം ശുദ്ധമാണെന്ന് ഉറപ്പുവരുത്താൻ ആരോഗ്യവകുപ്പിനും ബാധ്യതയുണ്ട്. വെള്ളത്തിലൂടെയാണ് രോഗബാധ ഉണ്ടായതെങ്കിൽ ആരുടെ ഭാഗത്താണ് വീഴ്ചപറ്റിയതെന്നും കണ്ടെത്തേണ്ടിയിരിക്കുന്നു.
കുട്ടികളെ ഭക്ഷ്യകമീഷന് അംഗം സന്ദര്‍ശിച്ചു
വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന കോളിയാടി മാര്‍ ബസേലിയോസ് എ.യു.പി സ്കൂളിലെ കുട്ടികളെ ചൊവ്വാഴ്ച സംസ്ഥാന ഭക്ഷ്യകമീഷന് അംഗം പി. രമേശനും മറ്റ് ഉദ്യോഗസ്ഥരും സന്ദര്‍ശിച്ചു. സ്കൂളിലെ അധ്യാപരോടും രക്ഷിതാക്കളോടും വിദ്യാര്‍ത്ഥികളോടും വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ജില്ല വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫിസിലെ നൂണ് ഫീഡിങ് സൂപ്പര്‍വൈസര്‍, സുല്‍ത്താന്‍ ബത്തേരി ഉപജില്ല വിദ്യാഭ്യാസ ഓഫിസര്‍, സുല്‍ത്താന്‍ ബത്തേരി ഉപജില്ല നൂണ്മീല് ഓഫിസര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
കലക്ടർ അടിയന്തര യോഗം വിളിച്ചു
കൽപറ്റ: ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ കലക്ടർ ഡി.ആർ. മേഘശ്രീ ജില്ലതല ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചു. ജൂൺ അഞ്ചിന് രോഗ ലക്ഷണങ്ങളോടെ ചികിത്സ തേടിയ കുട്ടികളിൽനിന്ന് ശേഖരിച്ച് കോഴിക്കോട് മെഡിക്കൽ കോളജിൽ ആര്‍.ടി.പി.സി.ആർ പരിശോധനക്ക് അയച്ച രണ്ട് സാമ്പിളുകളുടെ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചതെന്ന് ജില്ല മെഡിക്കൽ ഓഫിസർ ഡോ. കെ.ടി. രേഖ യോഗത്തിൽ അറിയിച്ചു. 19 സാമ്പിളുകളുടെ ഫലം വരാനുണ്ട്.
നിലവിൽ മറ്റുള്ളവരിലേക്ക് രോഗബാധ വ്യാപിക്കാതിരിക്കാനുള്ള നടപടികളാണ് സ്വീകരിക്കുന്നത്. പനിയും വയറിളക്കവും ഉൾപ്പെടെയുള്ള ലക്ഷണങ്ങളോടെ ചികിത്സ തേടിയ എല്ലാ കുട്ടികളുടെയും വീടുകളുമായി ആരോഗ്യപ്രവർത്തകർ ബന്ധപ്പെടുന്നുണ്ട്. കുടുംബാംഗങ്ങളിൽ ആർക്കെങ്കിലും രോഗലക്ഷണങ്ങൾ പ്രകടമാവുകയാണെങ്കിൽ ചികിത്സ തേടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. വീടുകളിലെ കിണറുകൾ ക്ലോറിനേറ്റ് ചെയ്യാൻ നടപടികൾ സ്വീകരിച്ചു. ഇതിന് പുറമെ ഷിഗെല്ല രോഗബാധയെക്കുറിച്ചും രോഗവ്യാപനം തടയാൻ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും വ്യാപകമായ ബോധവത്കരണ പ്രവർത്തനങ്ങളും നടത്തണമെന്ന് കലക്ടർ നിർദേശിച്ചു. രോഗലക്ഷണങ്ങളുമായി ചികിത്സയിലുള്ള കുട്ടികൾക്ക് ആന്റിബയോട്ടിക്കുകൾ ഉപയോഗിച്ചുള്ള ചികിത്സയാണ് നൽകിവരുന്നത്.
കുട്ടികൾ എല്ലാവരും മരുന്നുകളോട് നന്നായി പ്രതികരിക്കുന്നുണ്ടെന്നും ആരോഗ്യം വീണ്ടെടുക്കുകയാണെന്നും ജില്ല മെഡിക്കൽ ഓഫിസർ അറിയിച്ചു. ഷിഗെല്ല സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ മറ്റ് സ്കൂളുകളിലെയും കിണറുകളിൽ നിന്നുള്ള വെള്ളം വീണ്ടും പരിശോധനക്ക് അയക്കാൻ നിർദേശം നൽകണമെന്ന് കലക്ടർ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. കിണറുകൾ കൃത്യമായി ക്ലോറിനേറ്റ് ചെയ്യപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാനും കളക്ടർ നിർദേശം നൽകി. സബ് കലക്ടർ അതുൽ സാഗർ, ജില്ല പൊലീസ് മേധാവി അരുൺ പവിത്രൻ, എ.ഡി.എം എ. ജയശ്രീ, ഡെപ്യൂട്ടി കലക്ടർമാർ, മൂന്ന് താലൂക്കുകളിലെയും തഹസിൽദാർമാർ, വിവിധ വകുപ്പുകളിലെ ജില്ലതല ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.


