പച്ചാടി സംരക്ഷണകേന്ദ്രത്തിൽ ആറാമനായി എറളോട്ടുകുന്നിലെ കടുവ
text_fieldsസുൽത്താൻ ബത്തേരി: പച്ചാടിയിലെ ആനിമൽ പാലിയേറ്റിവ് പരിചരണ കേന്ദ്രത്തിൽ ആറാമനായി എറളോട്ടുകുന്നിലെ കടുവ. നിലവിൽ അഞ്ചു കടുവകളാണ് അവിടെ ഉണ്ടായിരുന്നത്. തിങ്കളാഴ്ച രാവിലെ തന്നെ എറളോട്ടുകുന്നിലെ കടുവയെ അവിടെ എത്തിച്ചു. നാല് കടുവകളെ പാർപ്പിക്കാനുള്ള സൗകര്യമാണ് പച്ചാടിയിലെ സംരക്ഷണകേന്ദ്രത്തിൽ ഉള്ളത്. കടുവകളുടെ എണ്ണം പ്രതീക്ഷിച്ചതിലും കൂടിയതോടെയാണ് കൂടുതല്‍ എണ്ണത്തെ പാർപ്പിക്കാനുള്ള തീരുമാനം വനം വകുപ്പ് എടുത്തത്. എറളോട്ടുകുന്നിൽനിന്ന് പിടികൂടിയ കടുവക്ക് പ്രായ ക്കൂടുതലും ശാരീരിക അവശതകളും ഉള്ളതുകൊണ്ട് കാട്ടിലേക്ക് തുറന്നു വിടാനും പറ്റാത്ത സാഹചര്യമാണ്. കടുവകളെ സംരക്ഷണ കേന്ദ്രത്തിൽ തീറ്റ കൊടുത്ത് വളർത്തുന്നത് വനം വകുപ്പിനെ സംബന്ധിച്ച് വലിയ ബാധ്യതയാണ്. ഒരു കടുവക്ക് മാത്രം മാസം 50,000 രൂപയിൽ ഏറെ ചെലവാക്കണം എന്നാണ് ഉയർന്ന വനം ഉദ്യോഗസ്ഥർ പറയുന്നത്. പ്രധാന ഭക്ഷണം ബീഫ്, കോഴിയിറച്ചി എന്നിവയാണ്. ഇത് മാർക്കറ്റിൽ നിന്നും വാങ്ങി കടുവകൾക്ക് എത്തിച്ചു കൊടുക്കുന്ന രീതിയാണുള്ളത്.
ഒരു വർഷം മുമ്പ് സംരക്ഷണകേന്ദ്രം തുറക്കുമ്പോൾ കടുവകളുടെ എണ്ണം കുറഞ്ഞകാലം കൊണ്ട് പരിധിയിൽ കൂടുമെന്ന് വനംവകുപ്പ് കരുതിയില്ല. ഇപ്പോഴത്തെ അവസ്ഥയിൽ കൂടുതൽ സംരക്ഷണകേന്ദ്രങ്ങളുടെ ആവശ്യകതയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. കേരളത്തിലെ മൃഗാശാലകളിലേക്കൊന്നും കടുവകളെ പ്രവേശിപ്പിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. പിടികൂടുന്ന കടുവകളെ ഒന്നുകിൽ സംരക്ഷിക്കുക, അല്ലെങ്കിൽ ഉൾക്കാട്ടിൽ തുറന്നു വിടുക എന്നിങ്ങനെ രണ്ട് മാർഗങ്ങൾ മാത്രമാണ് വനംവകുപ്പിന്റെ പക്കലുള്ളത്.