നെന്മേനിയിൽ വീണ്ടും പുലി; ഭീതിയൊഴിയാതെ ബത്തേരിയും മീനങ്ങാടിയും
text_fieldsനമ്പ്യാർകുന്നിൽ പുലി പിടിച്ച ആടിന്റെ ജഡവും പരിക്കേറ്റ ആടും
സുൽത്താൻ ബത്തേരി: നെന്മേനി പഞ്ചായത്തിലെ നമ്പ്യാർകുന്ന്, ചീരാൽ മേഖലകളിൽ തമ്പടിക്കുന്ന പുലി ജനവാസ മേഖലകളിൽനിന്നു കാട്ടിലേക്ക് തിരിച്ചു പോകാത്തത് പ്രദേശവാസികളെ ഭീതിയിലാക്കുന്നു. നമ്പ്യാർകുന്ന് പാറക്കുഴുപ്പ് അറിക്കാട്ടിൽ പീതാംബരന്റെ ആടിനെ ഞായറാഴ്ച പുലർച്ച പുലി കടിച്ചു കൊന്നു. മറ്റൊരു ആടിനെ പരിക്കേൽപിച്ചു. കഴിഞ്ഞ ദിവസം പുലി നായെ ആക്രമിച്ച ചീരാൽ മുരിക്കിലാടിയിൽനിന്നു നാല് കിലോമീറ്റർ മാറിയാണ് ഞായറാഴ്ച പുലർച്ച പുലിയുടെ ആക്രമണമുണ്ടായത്. ചീരാൽ മേഖലയിൽ പുലി സാന്നിധ്യം തുടങ്ങിയിട്ട് രണ്ടു മാസത്തോളമായി. നിരവധി വളർത്തു മൃഗങ്ങൾ ആക്രമിക്കപ്പെട്ടു.
വനംവകുപ്പ് തിരച്ചിൽ നടത്തി കാമറകൾ സ്ഥാപിച്ചു പോകുന്നതല്ലാതെ കാര്യമായ നടപടികളൊന്നും ഉണ്ടാവുന്നില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. പകൽ കുറ്റിക്കാട്ടിലും മറ്റും തങ്ങുന്ന പുലി സന്ധ്യ മയങ്ങുന്നതോടെയാണ് പുറത്തിറങ്ങുന്നത്. നമ്പ്യാർകുന്ന്, കുടുക്കി, ചീരാൽ, പഴൂർ, നമ്പിക്കൊല്ലി എന്നിവിടങ്ങളിലെല്ലാം കഴിഞ്ഞ രണ്ടുമാസത്തിനുള്ളിൽ പുലി വന്നുപോയിട്ടുണ്ട്. ഒരു മാസത്തോളം സുൽത്താൻ ബത്തേരി മേഖലയും പുലി ഭീതിയിലായിരുന്നു.
കഴിഞ്ഞ ഒരാഴ്ചയായി പുലി ശല്യം ഇവിടെനിന്നൊഴിഞ്ഞിട്ടുണ്ട്. കൂട്, കാമറ എന്നിവയൊക്കെ സ്ഥാപിച്ചിട്ടും യാതൊരു പ്രയോജനവുമുണ്ടായില്ല. കോട്ടക്കുന്ന്, ഫെയർലാൻഡ് കോളനി, പട്ടരുപടി, കട്ടയാട് എന്നിവിടങ്ങളിലായിരുന്നു പുലി എത്തിയിരുന്നത്. കട്ടയാടെത്തിയ പുലി ബീനാച്ചി മധ്യപ്രദേശ് സർക്കാർ തോട്ടത്തിലേക്ക് കയറിയെന്ന നിഗമനത്തിലാണ് പ്രദേശവാസികൾ. അങ്ങനെയെങ്കിൽ പുലി വീണ്ടും എത്താനുള്ള സാധ്യതയുണ്ട്. മീനങ്ങാടി പഞ്ചായത്തിലെ മൈലംപാടിയാണ് പുലിയെത്തിയ മറ്റൊരു പ്രദേശം. കഴിഞ്ഞ ദിവസം പുലിയെ പിടികൂടാൻ ഇവിടെ കൂട് സ്ഥാപിച്ചിട്ടുണ്ട്.