കുട്ടിയെ അന്വേഷിച്ച് അമ്മക്കടുവ എത്തുന്നതായി നാട്ടുകാർ; മന്ദംകൊല്ലിക്ക് ഉറക്കമില്ലാത്ത രാത്രികൾ
text_fieldsസുൽത്താൻ ബത്തേരി: കഴിഞ്ഞ വെള്ളിയാഴ്ച കടുവക്കുട്ടി കുഴിയിൽ വീണതിനു ശേഷം മന്ദംകൊല്ലിക്ക് ഉറക്കമില്ലാത്ത രാത്രികൾ. കടുവയുടെ മുരൾച്ചയും വനംവകുപ്പിന്റെ തീകൂട്ടലും പടക്കം പൊട്ടിക്കലും ഗ്രാമാന്തരീക്ഷത്തിൽ മുഴുകുകയാണ്. ഇത് എത്രകാലം നീളുമെന്നതാണ് നാട്ടുകാരെ ആശങ്കയിലാക്കുന്നത്.
കടുവക്കുട്ടി വീണ കുഴിയുടെ സമീപം രാത്രി കടുവ എത്തുന്നതായിട്ടാണ് പരിസരവാസികൾ പറയുന്നത്. മുരൾച്ചയും കടുവയുടെ കരച്ചിലും പതിവായി കേൾക്കുന്നു.
അമ്മക്കടുവ കുട്ടിയെ അന്വേഷിച്ച് എത്തുന്നതായിട്ടാണ് നാട്ടുകാരുടെ സംശയം. കർഷക സംഘടന സ്ഥാപിച്ച കാമറയിൽ ചിത്രം പതിഞ്ഞതോടെ നാട്ടുകാരുടെ ആശങ്കക്ക് ശക്തികൂടുന്നുണ്ട്. ചെതലയം വനത്തിനും ബീനാച്ചി എസ്റ്റേറ്റിനും ഇടയിലുള്ള ഭാഗമാണ് ജനവാസ കേന്ദ്രമായ മന്ദംകൊല്ലി. വനത്തിൽ നിന്നും എസ്റ്റേറ്റിലേക്കും തിരിച്ചും കടുവകൾ സഞ്ചരിക്കുന്നത് മന്ദംകൊല്ലി വഴിയാണ്.
പ്രദേശത്ത് ഒന്നിൽ കൂടുതൽ കടുവകൾ ഉണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. രാത്രിയും പകലും വനംവകുപ്പ് കാവലുണ്ടെങ്കിലും ശാശ്വതമായ പരിഹാരം ഉണ്ടാകുന്നില്ല.
ഒന്നിൽ കൂടുതൽ കൂടുകൾ സ്ഥാപിച്ച് കടുവകളെ പിടികൂടിയാൽ മാത്രമേ നാട്ടുകാരുടെ ആശങ്ക ഒഴിയൂ. കടുവക്കുട്ടിയുടെ കാര്യത്തിൽ നാട്ടുകാരോട് വനം വകുപ്പ് സുതാര്യ സമീപനമല്ല സ്വീകരിച്ചതെന്ന ആക്ഷേപം ശക്തമാണ്. പ്രശ്നം രൂക്ഷമാകാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്.
കടുവക്കുട്ടിയെ തുറന്നുവിട്ട സ്ഥലം വ്യക്തമാക്കണം -കിഫ
സുൽത്താൻ ബത്തേരി: മന്ദംകൊല്ലിയിൽ കടുക്കുട്ടിയെ പിടികൂടിയതുമായി ബന്ധപ്പെട്ട് വനംവകുപ്പ് ഒളിച്ചുകളി നടത്തുകയാണെന്ന് കർഷക സംഘടനയായ കിഫയും മന്ദംകൊല്ലിയിലെ നാട്ടുകാരും വാർത്തസമ്മേളനത്തിൽ ആരോപിച്ചു. ജനവാസ കേന്ദ്രത്തിൽ കടുവ എത്തിയാൽ പാലിക്കേണ്ട ചട്ടങ്ങളൊന്നും വനംവകുപ്പ് പാലിച്ചിട്ടില്ല.
വെള്ളിയാഴ്ച കുഴിയിൽനിന്ന് പിടിച്ച കടുവക്കുട്ടിയെ അമ്മക്കടുവയുടെ അടുത്ത് തുറന്നുവിട്ടുവെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ, ഇതുസംബന്ധിച്ച ദൃശ്യങ്ങളൊന്നുമില്ല. മന്ദംകൊല്ലിയിലും പരിസരങ്ങളിലുമായി 18 കാമറകൾ വനം വകുപ്പ് സ്ഥാപിച്ചതായി പറയുന്നു.
കടുവക്കുട്ടിയെ തുറന്നുവിട്ടതിന് ശേഷമുള്ള ദൃശ്യങ്ങളൊന്നും കാമറയിൽ പതിഞ്ഞിട്ടില്ല. എന്നാൽ, കിഫ സ്ഥാപിച്ച കാമറയിൽ കടുവയുടെ ചിത്രം പതിഞ്ഞു. ജനവാസ കേന്ദ്രത്തിലെത്തുന്ന കടുവകളെ കൂടുവെച്ച് പിടിക്കണമെന്നാണ് ചട്ടം. തദ്ദേശീയരെ ഉൾപ്പെടുത്തി കമ്മിറ്റിയും രൂപവത്കരിക്കണം. കമ്മിറ്റിയിൽ പഞ്ചായത്ത് പ്രതിനിധി നിർബന്ധമാണ്. പടക്കം പൊട്ടിച്ച് കടുവയെ ഓടിക്കാൻ പാടില്ല. കടുവക്കുട്ടിയെ തുറന്നുവിട്ട സ്ഥലം വ്യക്തമാക്കാൻ വനംവകുപ്പ് തയാറാകണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
കിഫ പി.ആർ.ഒ പോൾ മാത്യൂസ്, മന്ദംകൊല്ലിക്കാരായ സി. ലനീഷ്, പി. സുരേന്ദ്രൻ, ഷിജു ചാലിൽ, എം.കെ. സന്ദീപ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.