ബത്തേരിയിൽ വോട്ടുവിഹിതം വർധിപ്പിച്ച് എൽ.ഡി.എഫും യു.ഡി.എഫും
text_fieldsസുൽത്താൻ ബത്തേരി: മണ്ഡലത്തിൽ വോട്ടുവിഹിതം വർധിപ്പിച്ച് യു.ഡി.എഫും എൽ.ഡി.എഫും. 48.42 ശതമാനം വോട്ട് നേടിയ യു.ഡി.എഫിന് 2016നെ അപേക്ഷിച്ച് 4.06 ശതമാനം വോട്ട് കൂടുതലാണ്. 41.36 ശതമാനം വോട്ട് കിട്ടിയ എൽ.ഡി.എഫിന് 3.56 ശതമാനം വോട്ടാണ് കൂടിയത്. 9.08 ശതമാനവുമായി എൻ.ഡി.എ മൂന്നാം സ്ഥാനത്തെത്തിയപ്പോൾ അവരുടെ വോട്ട് നില 7.27 ശതമാനം കുറഞ്ഞു.
എൻ.ഡി.എയുടെ വോട്ടുകൾ ഇടത്, വലത് മുന്നണികളിൽ ആർക്ക് പോയെന്നതാണ് പ്രധാന ചർച്ച. തെരഞ്ഞെടുപ്പിനു മുമ്പ് എൻ.ഡി.എയിലുണ്ടായിരുന്ന സ്ഥാനാർഥി തർക്കമാണ് അവരുടെ വോട്ട് കുറച്ചതെന്ന് വ്യക്തം. എൻ.ഡി.എക്ക് 2016ലെപോലെ ഇത്തവണയും വോട്ട് കിട്ടിയിരുന്നെങ്കിൽ സംസ്ഥാനത്തൊട്ടാകെയുണ്ടായ ഇടത് തരംഗം സുൽത്താൻ ബത്തേരിയേയും ബാധിക്കുമായിരുന്നു.
എൻ.ഡി.എയുടെ ശക്തികേന്ദ്രമായി അവർ പറയുന്നത് പൂതാടി, നെന്മേനി, പുൽപ്പള്ളി എന്നിവയാണ്. പൂതാടിയിൽ 2072, നെന്മേനിയിൽ 2740, പുൽപള്ളി 1795 എന്നിങ്ങനെയാണ് അവർക്ക് കിട്ടിയ വോട്ടുകൾ. യു.ഡി.എഫിന് ഈ പഞ്ചായത്തുകളിലൊക്കെ എൽ.ഡി.എഫിനെ അപേക്ഷിച്ച് നല്ല ഭൂരിപക്ഷം ലഭിച്ചിട്ടുണ്ട്.
നാലു പതിറ്റാണ്ടോളം എൽ.ഡി.എഫ് ഭരിച്ച നൂൽപ്പുഴ പഞ്ചായത്തിൽ അവർക്ക് കേഡർ വോട്ടുകൾ കൂടുതലാണ്. തദ്ദേശ തെരഞ്ഞെടുപ്പിലെ വീഴ്ച തിരുത്തിയാണ് ഇത്തവണ എൽ.ഡി.എഫ് നൂൽപ്പുഴയിൽ പ്രചാരണം നടത്തിയത്. എന്നിട്ടും ഇവിടെ യു.ഡി.എഫിനാണ് ലീഡ്.
വലിയ ഭൂരിപക്ഷത്തിൽ എൽ.ഡി.എഫ് ഭരിക്കുന്ന സുൽത്താൻ ബത്തേരി നഗരസഭയിൽനിന്ന് 12001 വോട്ടുകൾ ഐ.സിക്ക് ലിഭിച്ചപ്പോൾ, 10410 വോട്ടുകേള എം.എസ്. വിശ്വനാഥന് ലഭിച്ചുള്ളൂ. 2011ൽ മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർഥി കാഴ്ചവെച്ച പ്രകടനംപോലും നടത്താൻ ഇത്തവണ എൻ.ഡി.എക്കായില്ല.