തരൂരിലെ കാറ്റ് എങ്ങോട്ട്?
text_fieldsതരൂർ: മീനമാസത്തിലെ കടുത്ത ചൂടിലും തീപാറും പോരാട്ടങ്ങളാണ് കാർഷിക ഗ്രാമമായ തരൂർ മണ്ഡലത്തിൽ നടക്കുന്നത്. 2008ൽ രൂപവത്കരിച്ച മണ്ഡലമായതിനാൽ പാരമ്പര്യകുത്തക അവകാശപ്പെടാനില്ലെങ്കിലും 2011 മുതൽ തുടർച്ചയായി എൽ.ഡി.എഫിലെ എ.കെ. ബാലനാണ് ഇവിടെ വിജയിച്ചത്. കൊയ്ത്തു കഴിഞ്ഞ വേനലിെൻറ കാഠിന്യത്തിൽ വിണ്ടുകീറിയ പാടശേഖരങ്ങളിലെ രാഷ്ട്രീയ കാറ്റ് എങ്ങോട്ട് വീശുമെന്ന് കണ്ടറിയണം.
പി.പി. സുമോദ്
ഡി.വൈ.എഫ്.ഐ ജില്ല പ്രസിഡൻറാണ് തരൂർ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി. ദിവസവും രാവിലെ 5.45ന് എഴുന്നേൽക്കും. 30 മിനിറ്റ് വ്യായാമം. ഏഴോടെ പ്രചാരണത്തിനിറങ്ങും. മണ്ഡലത്തിൽ മൂന്നുതവണ പര്യടനം പൂർത്തിയാക്കി. പരമാവധി വോട്ടർമാരെ നേരിൽകണ്ട് വോട്ടഭ്യർഥന നടത്തി. വെള്ളിയാഴ്ച വിട്ടുപോയവരെ കണ്ടു വോട്ടുറപ്പിക്കാനുള്ള പരിശ്രമത്തിലായിരുന്നു. വടക്കഞ്ചേരിയിലായിരുന്നു ആദ്യത്തെ പരിപാടി. അത് കഴിഞ്ഞ് കണ്ണമ്പ്രയിൽ. കണ്ണമ്പ്രിയിലെ മഹിള സ്ക്വാഡിലെ പ്രവർത്തകർക്ക് ആവേശം പകർന്ന് പ്രദേശത്തെ വിട്ടുപോയവരെ നേരിൽകണ്ട് വോട്ടഭ്യർഥന നടത്തി. കോട്ടായി, പെരുങ്ങോട്ടുകുറുശ്ശി പഞ്ചായത്തുകളിലായിരുന്നു അടുത്ത പരിപാടി. പെരുങ്ങോട്ടുകുറുശ്ശിയിലേക്ക് പോകുവഴി മാത്തൂർ ചുങ്കമന്ദത്തുവെച്ചാണ് പാലക്കാട് എൽ.ഡി.എഫ് സ്ഥാനാർഥി സി.പി. പ്രമോദ്, ജില്ല പഞ്ചായത്ത് അംഗം അഭിലാഷ് എന്നിവരെ കണ്ടത്. വാഹനം നിർത്തി ഇരുവരുമായി കുശാലന്വേഷണം. അതിനുശേഷം പോയത് കോട്ടായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ടി.കെ. ദേവദാസും പാർട്ടിപ്രവർത്തകരും ചേർന്ന് സുമോദിന് സ്വീകരിച്ചു. പിന്നീട് പോയത് പെരുങ്ങോട്ടുകുറുശ്ശിയിേലക്ക്, അവിടെയും വിട്ടുപോയവരെ കണ്ട് വോട്ടഭ്യർഥന നടത്തി. അതുകഴിഞ്ഞ് വീണ്ടും കോട്ടായിലേക്ക്. അവിടെ പഞ്ചായത്ത് റാലിയിൽ പങ്കെടുത്തു.
കെ.എ. ഷീബ
പുതുക്കോട് പഞ്ചായത്തിലായിരുന്ന വെള്ളിയാഴ്ച കെ.എ. ഷീബയുടെ പര്യടനം. 7.30 അംബേദ്കർ കോളനിയിലായിരുന്നു ആദ്യ സ്വീകരണം. മണ്ഡലം പ്രസിഡൻറ് ഇസ്മയിലും പ്രവർത്തകരും സ്ഥാനാർഥിയോടൊപ്പം ചേരുന്നതിനായി കാത്തുനിൽപുണ്ടായിരുന്നു. പണിക്കുപോകുന്നതിനുമുമ്പ് പരമാവധി ഒരുവട്ടം കൂടി വോട്ടർമാരെ കാണുന്നതിനാണ് പ്രാധാന്യം നൽകുന്നതെന്ന് പഞ്ചായത്തിലെ തെരഞ്ഞെടുപ്പ് പ്രവൃത്തികൾക്ക് ചുക്കാൻ പിടിക്കുന്ന ഇസ്മയിൽ പറഞ്ഞു.
സ്ഥാനാർഥിയെ സ്വീകരിക്കുന്നതിനായി രാവിലെ സ്ത്രീകളും കുട്ടികളും നിൽക്കുന്നുണ്ടായിരുന്നു. 33 സ്വീകരണ കേന്ദ്രങ്ങളാണ് ആസൂത്രണം ചെയ്തത്. 15 മിനിറ്റ് ഇടവേളിയിലാണ് ഓരോ സ്വീകരണ കേന്ദ്രവും. എന്നാൽ, ചിലയിടങ്ങളിൽ ഇവ തെറ്റിക്കേണ്ടതായി വന്നു. റോഡരികിൽ പണികളിലേർപ്പട്ടിരിക്കുന്ന സ്ത്രീകളെ കണ്ടതോെട വാഹനം നിർത്തി കുശാലന്വേഷണം നടത്തി. ഒപ്പം വോട്ടഭ്യർഥനയും. വേനലിെൻറ കാഠിന്യത്തിൽ ധാരാളം വെള്ളം കുടിക്കുന്നതിനും അവരോട് ഓർമപ്പെടുത്തി. ചൂലിപ്പാടത്തായിരുന്നു ഉച്ചഭക്ഷണം ഒരുക്കിയിരുന്നത്. എന്നാൽ, അവിടെ എത്തുമ്പോൾ സമയം രണ്ട് കഴിഞ്ഞു. പ്രവർത്തകരോടൊപ്പം ഉച്ചഭക്ഷണം. അൽപസമയം വിശ്രമം. മൂന്നോടെ വീണ്ടും ജനങ്ങളിലേക്ക്. ആദ്യം വാളംകോട്. വെള്ളിയാഴ്ചയിലെ അവസാന സ്വീകരണകേന്ദ്രത്തിൽ എത്തുമ്പോൾ സമയം 8.30. രാത്രിയിലും സ്ഥാനാർഥിയെ സ്വീകരിക്കാൻ സ്ത്രീകളും കുട്ടികളും ഇവിടെ കാത്തുനിൽപുണ്ടായിരുന്നു.
കെ.പി. ജയപ്രകാശൻ
രാത്രി ഏറെ വൈകിയതിനാൽ വ്യാഴാഴ്ച പര്യടനം പൂർത്തിയാക്കാൻ കഴിയാതിരുന്ന കാവശ്ശേരി പഞ്ചായത്തിലാണ് എൻ.ഡി.എ-ബി.ജെ.പി. സ്ഥാനാർഥി കെ.പി. ജയപ്രകാശെൻറ വെള്ളിയാഴ്ച പര്യടനം ആരംഭിച്ചത്. പെരുങ്ങോട്ടുകുർശ്ശിയിലാണ് ജയപ്രകാശൻ താമസിക്കുന്നത്. തെന്നിലപുരത്താണ് ആദ്യ സ്വീകരണം. സ്ഥാനാർഥിയെ സ്വീകരിക്കാൻ കൊന്നപൂക്കൾ സഹിതം കുട്ടികളും സ്ത്രീകളും ഇവിടെ കാത്തുനിൽപുണ്ടായിരുന്നു. പൈലറ്റ് വാഹനത്തിൽ സ്ഥാനാർഥിക്ക് വോട്ടഭ്യർഥിച്ച് പ്രവർത്തകർ പ്രചാരണം ആരംഭിച്ചിരുന്നു. തെന്നിലാപുരത്ത് ഹ്രസ്വ പ്രസംഗത്തിൽ വോട്ടഭ്യർഥന നടത്തി. കാവശ്ശേരി, പാടൂർ, തോണിക്കടവ് എന്നിവിടങ്ങളിലായിരുന്നു അടുത്ത സ്വീകരണം. കാവശ്ശേരിയിലെ സ്വീകരണങ്ങൾ പൂർത്തിയാക്കിയതോടെ അടുത്ത പരിപാടി വടക്കഞ്ചേരി പഞ്ചായത്തിലാണ്. പുഴക്കലിടം, പുളിമ്പറമ്പ് എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം സമാപനം വടക്കഞ്ചേരി ടൗണിലായിരുന്നു. ഇവിടെ എത്തുമ്പോൾ സമയം ഏറെ വൈകിയിരുന്നു.
വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റിയംഗം സി.എ. ഉഷാകുമാരി തരൂർ മണ്ഡലത്തിൽ വെള്ളിയാഴ്ച റോഡ് ഷോ നടത്തിയാണ് പ്രചാരണം ആരംഭിച്ചത്. വടക്കഞ്ചേരിയിൽ ആരംഭിച്ച റോഡ് ഷോ മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലും പ്രചാരണം നടത്തി. കോട്ടായിയിൽ സമാപിച്ചു. ബൈക്കിലും തുറന്ന കാറിലുമാണ് റോഡ് ഷോ നടത്തിയത്. വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റിയംഗം എം. സുലൈമാൻ, ലുഖ്മാൻ എന്നിവരും ഉണ്ടായിരുന്നു.