കെ.ടി. ജലീലിന്‍റെ ഒക്കത്തിരുന്ന് തന്‍റെ പേരു പറഞ്ഞ കുട്ടിക്ക് മിഠായികളുമായി ഫിറോസ് കുന്നംപറമ്പിലെത്തി -Video
text_fieldsമലപ്പുറം: നമ്മുടെ സ്ഥാനാർഥി ആരാണെന്ന ചോദ്യത്തിന് തവനൂരിലെ ഇടത് സ്ഥാനാർഥി െക.ടി ജലീലിന്‍റെ ഒക്കത്തിരുന്ന് 'ഫിറോസിക്ക' എന്ന് പറഞ്ഞ് ചിരിയുടെ മാലപ്പടക്കം തീർത്ത് സമൂഹ മാധ്യമങ്ങളിൽ വൈറലായ കുഞ്ഞാരാധികയെ കാണാൻ ഒടുവിൽ ഫിറോസ് കുന്നംപറമ്പിൽ എത്തി. ഫിറോസിനെ കണ്ടപ്പോൾ തന്നെ കുഞ്ഞ് തിരിച്ചറിഞ്ഞു. ഫിറോസിനെ കാണിച്ചുകൊണ്ട് ഇത് ആരാ ? എന്ന ചോദ്യത്തിന് ഉടനെ വന്നു കൃത്യമായ മറുപടി; 'ഇത് ഫിറോസ് കാക്കയാണ്'. കൂടി നിന്നവർ ഹർഷാരവത്തോടെയാണ് മറുപടിയെ എതിരേറ്റത്.
കുഞ്ഞിന്‍റ കൈയിൽ മുത്തം വെച്ച ഉടനെ ഫിറോസിനോട് കുഞ്ഞിന്‍റെ ചോദ്യം; മിഠായി തര്വോ?.. കേട്ടപാടെ ഫിറോസ് കുന്നംപറമ്പിൽ താൻ വാങ്ങി കൊണ്ടുവന്ന ഒരു പെട്ടി മിഠായിയും നിറെയ ചോക്ലേറ്റുകളും കുഞ്ഞിന്‍റെ കൈയിൽ വെച്ചുകൊടുത്തു.
ഒടുവിൽ 'നമ്മുടെ ചിഹ്നം പറഞ്ഞുകൊടുത്തേ' എന്ന ടാസ്കിന് മുന്നിലും പതാറാതെ തന്നെ ഉത്തരമെത്തി 'നമ്മുടെ ചിഹ്നം കൈപ്പത്തി'. കുഞ്ഞിന്‍റെ ഇൗ മറുപടിയും കൈയടികളോടെയാണ് യു.ഡി.എഫ് പ്രവർത്തകർ സ്വീകരിച്ചത്.
കെ.ടി. ജലീലിനോട് നമ്മുടെ സ്ഥാനാർഥി 'ഫിറോസിക്ക' (ഫിറോസ് കുന്നംപറമ്പിൽ) ആണന്ന കുഞ്ഞിന്‍റെ മറുപടി സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. യു.ഡി.എഫ് കേന്ദ്രങ്ങൾ ഈ വിഡിയോ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.