തൃക്കരിപ്പൂരിൽ ഇടതിന് രണ്ടാമൂഴത്തിൽ യു.ഡി.എഫ് പഞ്ചായത്തുകളുടെ പിന്തുണയും
text_fieldsഎം. രാജഗോപാലൻ
എം.രാജഗോപാലൻ രണ്ടാംവട്ടം നിയമസഭയിലെത്തുമ്പോൾ എൽ.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തുകളോടൊപ്പം യു.ഡി.എഫ് പഞ്ചായത്തുകളും തുണയായി.
തൃക്കരിപ്പൂർ: മണ്ഡല ചരിത്രത്തിൽ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തിൽ തൃക്കരിപ്പൂരിൽ നിന്ന് ഇടതുമുന്നണിയുടെ എം.രാജഗോപാലൻ രണ്ടാംവട്ടം നിയമസഭയിലെത്തുമ്പോൾ എൽ.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തുകളോടൊപ്പം യു.ഡി.എഫ് പഞ്ചായത്തുകളും തുണയായി. തൃക്കരിപ്പൂര്‍, പടന്ന, വലിയപറമ്പ്, പിലിക്കോട്, ചെറുവത്തൂര്‍, വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി, കയ്യൂര്‍ ചീമേനി ഗ്രാമ പഞ്ചായത്തുകളും നീലേശ്വരം നഗരസഭയുമാണ് തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ ഉൾപ്പെടുന്നത്. ഇതില്‍ തൃക്കരിപ്പൂര്‍, പടന്ന പഞ്ചായത്തുകളില്‍ മുസ്‌ലിം ലീഗിെൻറ സാരഥ്യത്തിലും വെസ്റ്റ് എളേരിയിൽ കോൺഗ്രസ് നേതൃത്വത്തിലും യു.ഡി.എഫ് ഭരിക്കുന്നു.
ഈസ്റ്റ് എളേരിയിൽ എൽ.ഡി.എഫ് പിന്തുണയോടെ ഡി.ഡി.എഫാണ് ഭരണത്തിൽ. വലിയപറമ്പ, പിലിക്കോട്, ചെറുവത്തൂര്‍, കയ്യൂര്‍ ചീമേനി, നീലേശ്വരം നഗരസഭ എന്നിവ എല്‍.ഡി.എഫ് ഭരണത്തിലാണ്. നീലേശ്വരം നഗരസഭയിലെ 48 ബൂത്തുകളിൽ പോൾ ചെയ്യപ്പെട്ട 24431 വോട്ടുകളിൽ 12611 വോട്ട് നേടിയ ഇടതുമുന്നണിക്ക് 4377 ഭൂരിപക്ഷം കിട്ടി. ഇടതുകോട്ടകളായ കയ്യൂർ ചീമേനി(8777), ചെറുവത്തൂർ(3818), പിലിക്കോട് (10000) എന്നിവ ഇടതുമുന്നണിക്ക് പ്രതീക്ഷിച്ചതിലേറെ പിന്തുണയേകി. 2016ലെ 16959ൽ നിന്ന് ഭൂരിപക്ഷം 26137 ആയി ഉയർത്താനുള്ള അടിത്തറപാകിയതും ഈ പഞ്ചായത്തുകളാണ്. പടന്ന പഞ്ചായത്തിലും മേൽക്കൈ ഇടതുമുന്നണിക്ക് ലഭിച്ചു. ഇവിടെയും 181 വോട്ടുകൾ രാജഗോപാലിന് അധികമായി ലഭിച്ചു.
യു.ഡി.എഫ് ഭരണത്തിലുള്ള വെസ്റ്റ് എളേരിയിലും എൽ.ഡി.എഫിന് 463 വോട്ടിെൻറ ഭൂരിപക്ഷം കിട്ടി. അതേസമയം, യു.ഡി.എഫിൽനിന്ന് എൽ.ഡി.എഫ് പിടിച്ചെടുത്ത വലിയപറമ്പിൽ എൽ.ഡി.എഫ് 545 വോട്ടിെൻറ ഭൂരിപക്ഷം നേടി.
മുസ്‌ലിം ലീഗിെൻറ കരുത്തിൽ പരമ്പരാഗതമായി യു.ഡി.എഫിനെ തുണക്കുന്ന തൃക്കരിപ്പൂരിൽ എം.പി. ജോസഫിന് ലഭിച്ച ഭൂരിപക്ഷം 2816 ആണ്.
49 ബൂത്തുകളിൽനിന്നായി അയ്യായിരത്തിനടുത്ത് പ്രതീക്ഷിച്ച ഭൂരിപക്ഷം എങ്ങോട്ടുപോയെന്ന ചോദ്യം കോൺഗ്രസിന് നേരെയാണ് ഉയരുന്നത്. എൻ.ഡി.എ 194 വോട്ടുകൾ അധികമായി നേടി (10961) നില മെച്ചപ്പെടുത്തി. തൃക്കരിപ്പൂരിലെ എട്ടും നീലേശ്വരം നഗരസഭയിലെ എട്ടും ബൂത്തുകളിലാണ് അവർ മൂന്നക്ക വോട്ടുകൾ നേടിയത്.
നീലേശ്വരം, കയ്യൂർ ചീമേനി, പടന്ന, വലിയപറമ്പ, തൃക്കരിപ്പൂർ എന്നിവിടങ്ങളിലെ 38 ബൂത്തുകളിലെ എസ്.ഡി.പി.ഐ വോട്ടുകൾ രണ്ടക്കം കടന്നു.
യന്ത്രത്തകരാർമൂലം ഉപേക്ഷിച്ച വോട്ടുമെഷീനുകൾ ഗവ. എൽ.പി സ്‌കൂൾ പേരോൽ (നീലേശ്വരം), പ്ലാച്ചിക്കര എ.യു.പി സ്‌കൂൾ എന്നീ ബൂത്തുകളിൽ നിന്നുള്ളതാണ്.