രാത്രി ഉറങ്ങാൻ കഴിഞ്ഞില്ല, പോളിങ് ഡ്യൂട്ടി ബഹിഷ്കരിക്കുമെന്ന് ഉദ്യോഗസ്ഥ; അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞതോടെ വഴങ്ങി
text_fieldsrepresentative image
കാക്കനാട്: ബൂത്തിലെ അസൗകര്യങ്ങളിൽ പ്രതിഷേധിച്ച് പോളിങ് ഡ്യൂട്ടി ചെയ്യില്ലെന്ന് ഉദ്യോഗസ്ഥ പറഞ്ഞത് അധികൃതർക്ക് തലവേദനയായി.
തൃക്കാക്കര മണ്ഡലത്തിലെ ബൂത്തിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയാണ് രാത്രി ഉറങ്ങാൻ സാധിക്കാത്തതിനാൽ ഡ്യൂട്ടി ചെയ്യില്ലെന്ന് നിലപാടെടുത്തത്. വോട്ടെടുപ്പ് തുടങ്ങാനിരിക്കെ ചൊവ്വാഴ്ച പുലര്‍ച്ച ബാങ്ക് ജീവനക്കാരിയായ ഉദ്യോഗസ്ഥയുടെ പിടിവാശി മറ്റു ജീവനക്കാർക്ക് കുറച്ചൊന്നുമല്ല ബുദ്ധിമുട്ടുണ്ടാക്കിയത്.
ബൂത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്നവരോട് സങ്കടം പറഞ്ഞ് ഇവര്‍ പിണങ്ങി മാറി നിൽക്കുകയായിരുന്നു.
വിവരമറിഞ്ഞെത്തിയ വരണാധികാരിയായ പഞ്ചായത്ത് അസി. ഡയറക്ടര്‍ രാജേഷ് കുമാര്‍ ഡ്യൂട്ടി ഒഴിവാക്കിയാല്‍ നിങ്ങളെ അറസ്റ്റ് ചെയ്യേണ്ടി വരുമെന്ന് കട്ടായം പറഞ്ഞതോടെയാണ് ഉദ്യോഗസ്ഥ മയപ്പെട്ടത്. വോട്ടെടുപ്പിന് മുമ്പ് തന്നെ പ്രശ്നം പരിഹരിച്ചതിനാല്‍ ഈ ബൂത്തിലെ വോട്ടെടുപ്പ് തടസ്സപ്പെട്ടില്ല.