തൃക്കാക്കരയിൽ വിയർപ്പൊഴുക്കി മുന്നണികൾ
text_fieldsകൊച്ചി: 2008ന് ശേഷമുണ്ടായ മണ്ഡല പുനർനിർണയത്തിലൂടെ രൂപപ്പെട്ട തൃക്കാക്കര ഇടത്തോട്ട് ചായാത്ത മണ്ഡലമാണ്. സിറ്റിങ് എം.എൽ.എയുടെ കരുത്തിൽ മണ്ഡലം നിലനിർത്താമെന്ന ആത്മവിശ്വാസമാണ് യു.ഡി.എഫിന്. ചരിത്രം തിരുത്തിക്കുറിക്കാൻ ലക്ഷ്യമിട്ട് പതിവിന് വിപരീതമായി മുഴുസമയ രാഷ്ട്രീയക്കാരനല്ലാത്ത പൊതുസമ്മതനായ ഡോക്ടറെ രംഗത്തിറക്കിയുള്ള പരീക്ഷണത്തിനാണ് എൽ.ഡി.എഫ് മുതിർന്നത്.കരുത്തരുടെ പോരാട്ടത്തിൽ ജയം ആർക്കും എളുപ്പമാകില്ല.
സിറ്റിങ് എം.എൽ.എയായ പി.ടി. തോമസിന് തുടക്കത്തിൽ മേൽക്കൈ ഉണ്ടായെങ്കിലും പ്രചാരണം പകുതി പിന്നിടവെ എൽ.ഡി.എഫും സ്വാധീനം അറിയിക്കുന്നുണ്ട്. 2016ലെ തെരഞ്ഞെടുപ്പിൽ 21247 വോട്ട്പിടിച്ച എൻ.ഡി.എ എസ്. സജിയെത്തന്നെ കളത്തിലിറക്കിയിട്ടുണ്ട്. മൂന്ന് മുന്നണികളും ആദ്യ റൗണ്ട് പര്യടനം ഏറക്കുറെ പൂർത്തിയാക്കി. സിറ്റിങ് എം.എൽ.എ എന്ന പരിഗണനയും അഴിമതിവിരുദ്ധനെന്ന പ്രതിച്ഛായയും പി.ടി. തോമസിന് ഗുണകരമാകുമെന്നാണ് പ്രതീക്ഷ.
എന്നാൽ, മണ്ഡലത്തിൽ നടപ്പാക്കിയ വികസനപ്രവർത്തനങ്ങളുടെ കാര്യത്തിൽ സിറ്റിങ് എം.എൽ.എക്കെതിരെ എതിരഭിപ്രായവും ഉയരുന്നുണ്ട്. ഇത് വോട്ട് ചോർത്തുമോയെന്ന് കണ്ടറിയണം. ഇടതുമുന്നണിയുടെ സ്ഥാനാർഥി പട്ടികയിൽ ഇടംപിടിച്ച പ്രഫഷനലുകളിലൊരാളാണ് ഡോ. ജെ. ജേക്കബ്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ എല്ലുരോഗവിദഗ്ധനായ അദ്ദേഹം സി.പി.എമ്മുമായുള്ള അടുത്ത ബന്ധത്തിലൂടെയാണ് സ്ഥാനാർഥിത്വത്തിലെത്തിയത്. മെട്രോപൊലീറ്റൻ സ്വാഭാവമുള്ള മണ്ഡലത്തിൽ അതിനനുസരിച്ച വികസനം എത്തിയിട്ടില്ലെന്ന് അദ്ദേഹം പ്രചാരണത്തിൽചൂണ്ടിക്കാട്ടുന്നു.
ശബരിമലയും, കൊച്ചിമെട്രോക്ക് അനുവദിച്ച കേന്ദ്രഫണ്ടുമെല്ലാം ബി.ജെ.പി ഇവിടെ പ്രചാരണ ആയുധമാക്കുന്നു. സജിയുടെ വ്യക്തിപരമായ ബന്ധങ്ങളും വോട്ടാകുമെന്നാണ് എൻ.ഡി.എയുടെ പ്രതീക്ഷ. പോരാട്ടം അവസാന ഘട്ടത്തിലെത്തുമ്പോൾ മൂന്ന് മുന്നണികളും വിജയത്തിനായി വിയർപ്പൊഴുക്കുകയാണ്.