മൂന്ന് മുന്നണിയും ഉറ്റുനോക്കി തൃപ്പൂണിത്തുറ; ഇവിടുത്തെ പോരാണ് പോര്
text_fieldsഎം. സ്വരാജ് ( എല്‍.ഡി.എഫ് ) കെ. ബാബു ( യു.ഡി.എഫ് ) രാധാകൃഷ്ണൻ ( എന്‍.ഡി.എ )
തൃപ്പൂണിത്തുറ (എറണാകുളം): മൂന്ന് മുന്നണിയും ഉറ്റുനോക്കുന്ന മണ്ഡലമാണ് തൃപ്പൂണിത്തുറ. 25 വര്‍ഷം രാജനഗരി ഭരിച്ചിരുന്ന യു.ഡി.എഫ് സ്ഥാനാര്‍ഥിയായ കെ.ബാബുവിനെ എതിർക്കാൻ എല്‍.ഡി.എഫ് യുവനേതാവ് എം.സ്വരാജിെൻറ വരവോടെയാണ് ചരിത്രം തിരുത്തിക്കുറിക്കപ്പെട്ടത്.
ഇപ്പോൾ മണ്ഡലം തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെ മണ്ഡലത്തിെൻറ മുക്കും മൂലയും വരെ കേന്ദ്രീകരിച്ച് ശക്തമായ പ്രചാരണമാണ് കെ.ബാബുവിെൻറ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നടത്തുന്നത്. രാഹുല്‍ ഗാന്ധിയടക്കം കോണ്‍ഗ്രസിെൻറ മുന്‍നിര നേതാക്കൾ കെ.ബാബുവിനായി വോട്ടുതേടി ഇതിനകം മണ്ഡലത്തില്‍ എത്തിയതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആവേശത്തിലാണ്.
അതേസമയം, കോണ്‍ഗ്രസിലെ ഗ്രൂപ് തിരിഞ്ഞുള്ള തര്‍ക്കങ്ങള്‍ കോണ്‍ഗ്രസിന് ക്ഷീണമാകുമെന്നാണ് വിലയിരുത്തല്‍. കെ.ബാബുവിനെതിെര മുന്‍ കൗണ്‍സിലറും ഡി.സി.സി അംഗവുമായ എ.ബി. സാബു രംഗത്തെത്തിയതും കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പുപോര് പുറത്തുവന്നതും പ്രവര്‍ത്തകര്‍ക്കിടയില്‍ ആശങ്കയുണ്ടാക്കിയിരുന്നു.മണ്ഡലത്തില്‍ പ്രചാരണം ചൂടുപിടിക്കുമ്പോള്‍ പ്രധാന ചര്‍ച്ചാവിഷയം ശബരിമലയാണ്. ശബരിമല വിഷയം ഉയർത്തി വോട്ടര്‍മാരില്‍ സ്വാധീനം ഉണ്ടാക്കാനാണ് കോണ്‍ഗ്രസിെൻറയും ബി.ജെ.പിയുടെയും നീക്കം.
അതേസമയം, എൽ.ഡി.എഫ് ശബരിമല തൊടാതെ വികസനം ചര്‍ച്ചാവിഷയമാക്കിയാണ് പ്രചാരണം. മണ്ഡലത്തിലെതന്നെ നിരവധി വികസനപ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് എം.സ്വരാജിെൻറ പ്രചാരണം. കുണ്ടന്നൂര്‍ പാലവും സ്കൂള്‍ കെട്ടിടങ്ങളും തോട് നവീകരണവും തുടങ്ങി ഓരോ വികസനപ്രവര്‍ത്തനവും എടുത്തുപറഞ്ഞാണ് വോട്ടര്‍മാരെ സമീപിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ള നേതാക്കള്‍ എം.സ്വരാജിനുവേണ്ടി പ്രചാരണത്തിനെത്തി.
ബി.ജെ.പി സ്ഥാനാര്‍ഥിയായ ഡോ.കെ.എസ്. രാധാകൃഷ്ണെൻറ പ്രചാരണാര്‍ഥം ബി.ജെ.പി ദേശീയ നേതാവും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ എത്തിയിരുന്നു. ഡോ.കെ.എസ്. രാധാകൃഷ്ണന് മുന്‍ പി.എസ്.സി ചെയര്മാന്, കാലടി യൂനിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ തുടങ്ങി നിരവധി മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ളയാളുമാണ്. ഇതോടെ തൃപ്പൂണിത്തുറ മണ്ഡലത്തില്‍ ശക്തമായ ത്രികോണമത്സരം നടക്കുമെന്നുറപ്പാണ്.


