കഴിഞ്ഞ തവണ ബി.ജെ.പിക്ക് പോയ വോട്ടുകൾ ഇത്തവണ തിരിച്ചെത്തുമെന്ന് കെ. ബാബു
text_fieldsകൊച്ചി: തൃപ്പൂണിത്തുറയിൽ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് പോയ നിഷ്പക്ഷ വോട്ടുകൾ ഇത്തവണ കോൺഗ്രസിന് തിരികെ ലഭിക്കുമെന്ന് യു.ഡി.എഫ് സ്ഥാനാർഥിയും മുൻമന്ത്രിയുമായ കെ. ബാബു. ബി.ജെ.പിയുടെ വോട്ടുകൾ ബി.ജെ.പിക്ക് തന്നെ ലഭിക്കും. തൃപ്പൂണിത്തുറയിൽ വോട്ട് കച്ചവടമെന്ന് പറയുന്നത് അസംബന്ധമാണെന്നും കെ. ബാബു പറഞ്ഞു.
കഴിഞ്ഞ പ്രാവശ്യം മോദി തരംഗത്തിന്‍റെ സാഹചര്യത്തിലായിരുന്നു തെരഞ്ഞെടുപ്പ്. പ്രധാനമന്ത്രി തൃപ്പൂണിത്തുറ സന്ദർശിക്കുകയും ചെയ്തിരുന്നു. അതിനാൽ നിഷ്പക്ഷരായ നിരവധി പേരുടെ വോട്ട് ബി.ജെ.പിക്ക് പോയി. ആ വോട്ടുകൾ ഇത്തവണ യു.ഡി.എഫിന് ലഭിക്കുമെന്നാണ് താൻ പറഞ്ഞത്.
യു.ഡി.എഫിന് വിജയം ഉറപ്പാണ്. അഞ്ച് വർഷം താൻ മാറിനിന്നപ്പോഴാണ് ജനങ്ങൾക്ക് വ്യത്യാസം മനസിലായത്. സ്ഥാനാർഥി നിർണയത്തിലുണ്ടായിരുന്ന പ്രശ്നങ്ങളെല്ലാം രമ്യമായി പരിഹരിച്ചു.
സി.പി.എമ്മിന്‍റെ ശക്തികേന്ദ്രമാണ് മണ്ഡലം. പാർട്ടി വോട്ടുകൾ കൊണ്ടുമാത്രം ജയിക്കാവുന്ന സാഹചര്യം യു.ഡി.എഫിനില്ല. അതുകൊണ്ട് നിഷ്പക്ഷ വോട്ടുകൾ കൂടി കിട്ടിയേ മതിയാകൂവെന്നും കെ. ബാബു പറഞ്ഞു.
തൃപ്പൂണിത്തുറയിൽ നിലവിലെ എം.എൽ.എയും സി.പി.എം നേതാവുമായ എം. സ്വരാജാണ് എൽ.ഡി.എഫ് സ്ഥാനാർഥി. 4,467 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് കഴിഞ്ഞ തവണ സ്വരാജ് വിജയിച്ചത്.