തൃപ്പൂണിത്തുറ: സി.പി.എം കോടതിയിലേക്ക്
text_fieldsകൊച്ചി: തൃപ്പൂണിത്തുറയിലെ യു.ഡി.എഫ് സ്ഥാനാർഥി കെ. ബാബുവിെൻറ ജയം അസാധുവാക്കണമെന്നാവശ്യപ്പെട്ട് സി.പി.എം കോടതിയിലേക്ക്. അയ്യപ്പെൻറ പേരിൽ വോട്ട് പിടിച്ചത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് ആരോപിച്ചാണ് നീക്കം. ഇടതുസ്ഥാനാർഥി എം. സ്വരാജിനായി തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ സി.എം. സുന്ദരൻ ഹരജി നൽകും. സീൽ ഇല്ലാത്തതിെൻറ പേരിൽ 1071 പോസ്റ്റൽ വോട്ട് അസാധുവാക്കിയ നടപടിയും ചോദ്യം ചെയ്യും. സ്വരാജ് 992 വോട്ടിനാണ് പരാജയപ്പെട്ടത്.
ബാബുവിെൻറ വിജയത്തിന് ബി.ജെ.പി വോട്ടുകൾ മറിച്ചെന്ന് എൽ.ഡി.എഫ് നേരേത്ത ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശബരിമലയുടെ പേരിൽ വോട്ട് പിടിച്ചെന്ന പുതിയ ആരോപണം. ബാബുവിെൻറ തെരഞ്ഞെടുപ്പ് പ്രചാരണ ബോർഡുകളും പ്രസംഗങ്ങളുമടക്കം തെരഞ്ഞെടുപ്പ് കമീഷനിൽ ഹാജരാക്കിയിട്ടും നടപടിയുണ്ടായില്ല. 80 കഴിഞ്ഞവരുടെ 1071 പോസ്റ്റൽ ബാലറ്റ് എണ്ണാതെ മാറ്റിവെച്ചതും കോടതിയിൽ ചൂണ്ടിക്കാട്ടും. സീൽ പതിക്കേണ്ടത് ഉദ്യോഗസ്ഥരുടെ ചുമതലയാണ്. ഇക്കാരണത്താൽ വോട്ട് അസാധുവാക്കാനാവില്ലെന്നാണ് സി.പി.എം വാദം.
സ്വരാജിെൻറ തോൽവിയെക്കുറിച്ച് പാർട്ടി അന്വേഷിക്കുന്നുണ്ട്. പാർട്ടി പ്രവർത്തകരുടെ വീഴ്ച തോൽവിക്ക് കാരണമായോ എന്നാണ് സി.പി.എം പരിശോധിക്കുക.