തൃത്താലക്ക് ഇത്തവണ മൂന്ന് എം.എൽ.എമാർ
text_fieldsകൂറ്റനാട്: പതിനഞ്ചാം കേരള നിയമസഭയിലേക്ക് മൂന്ന് അംഗങ്ങളെ അയച്ച് തൃത്താല നിയോജക മണ്ഡലം. പാലക്കാട് ജില്ലയിലെ ഷൊർണ്ണൂർ, തരൂർ മണ്ഡലങ്ങളിൽ സി.പി.എം സ്ഥാനാർഥികളായി മൽസരിച്ച പി. മമ്മിക്കുട്ടി, പി.പി. സുമോദ് എന്നിവർ നിലവിൽ തൃത്താല മണ്ഡലത്തിലെ ആനക്കര, പട്ടിത്തറ പഞ്ചായത്തിൽ ഉൾപ്പെടുന്നവരാണ്. ഷൊർണ്ണൂർ മണ്ഡലത്തിൽ നിന്നുള്ള എം.ബി രാജേഷ് തൃത്താലയിൽ നിന്ന് വിജയം നേടിയേതാടെ മൂന്ന് എം.എൽ.എമാരെയാണ് തൃത്താല കൈവരിച്ചത്.
തരൂരിൽ പി.പി സുമോദ് 6162 വോട്ടിന്‍റെ ഭൂരിപക്ഷത്തിലും ഷൊർണ്ണൂരിൽ നിന്ന് പി. മമ്മിക്കുട്ടി 33,772 ഭൂരിപക്ഷത്തിലും തൃത്താലയിൽ നിന്ന് എം.ബി രാജേഷ് 3157 ഭൂരിപക്ഷത്തിലുമാണ് വിജയിച്ചത്. 2011ൽ തൃത്താലയിൽ പി. മമ്മിക്കുട്ടി ആദ്യം മൽസരിച്ചെങ്കിലും വി.ടി ബലറാമിനോട് പരാജയപ്പെട്ടിരുന്നു. ഇത്തവണ ഷൊർണ്ണൂരിൽനിന്ന് പി. മമ്മിക്കുട്ടി വൻ ഭൂരിപക്ഷത്തോടെയാണ് വിജയം നേടിയത്.
രണ്ട് തവണ എം.എൽ.എയായ വി.ടി. ബൽറാമുമായി ഇഞ്ചോടിഞ്ച് പോരാടിയാണ് അവസാന നിമിഷം എം.ബി.രാജേഷ് മലർത്തിയടിച്ചത്. ഒരു പതിറ്റാണ്ടിനു ശേഷമാണ് തൃത്താലയെ ഇടതിനൊപ്പം ചേർത്തത്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ രൂപവല്‍കരണത്തിൽ എം.ബി രാജേഷ് മന്ത്രിയാകുമെന്ന പ്രതീക്ഷയിലാണ് തൃത്താലയിലെ വോട്ടർമാർ.