പൈപ്പിൽ വെള്ളമെവിടെയെന്ന് എം.ബി. രാജേഷ്; പൈപ്പിലെ വെള്ളം കുടിച്ചുകാട്ടി വി.ടി. ബൽറാം -തൃത്താലയിൽ കുടിവെള്ളമാണ് വിഷയം
text_fieldsവീറും വാശിയുമേറിയ മത്സരമാണ് ഇത്തവണ തൃത്താല മണ്ഡലത്തിൽ. മണ്ഡലം നിലനിർത്താൻ നിലവിലെ എം.എൽ.എ വി.ടി. ബൽറാം തന്നെ ഇറങ്ങിയപ്പോൾ, തൃത്താല തിരിച്ചുപിടിക്കാൻ ഇടതുപക്ഷം നിയോഗിച്ചത് മുൻ എം.പി കൂടിയായ എം.ബി. രാജേഷിനെയാണ്. വികസനവും, കുടിവെള്ളവും, എന്തിന് ഫേസ്ബുക് പോസ്റ്റുകൾ വരെ ചൂടേറിയ ചർച്ചാവിഷയാണ് തൃത്താലയിൽ. കുടിവെള്ളത്തിന്‍റെ പേരിൽ ഇരു നേതാക്കളും നേർക്കുനേർ വന്ന വിഡിയോയാണ് ഇപ്പോൾ ചർച്ചയാകുന്നത്.
തൃത്താലയിലെ പട്ടിത്തറ പഞ്ചായത്തിലെ കാശാമുക്ക് എന്ന സ്ഥലത്ത് കുടിവെള്ളം ലഭിക്കുന്നില്ലെന്ന് ഇടതു സ്ഥാനാർഥി എം.ബി. രാജേഷ് വിഡിയോ പുറത്തിറക്കിയിരുന്നു. വഴിയരികിലെ കുടിവെള്ള പൈപ്പ് തുറന്ന് ഇതിൽ നിന്നും കാറ്റ് മാത്രമേ വരുന്നുള്ളൂവെന്നും രാജേഷ് കാണിക്കുന്നു. മണ്ഡലം നേരിടുന്ന കുടിവെള്ള പ്രശ്നത്തിന്‍റെ നേർക്കാഴ്ചയായി ഇടതുകേന്ദ്രങ്ങൾ വിഡിയോ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.
സംഭവം ശ്രദ്ധയിൽപെട്ട വി.ടി. ബൽറാം എം.എൽ.എ പിറ്റേ ദിവസം തന്നെ അതേ സ്ഥലത്തെത്തി മറ്റൊരു വിഡിയോ ചെയ്തു. കഴിഞ്ഞ ദിവസം ഇടതുസ്ഥാനാർഥി കുടിവെള്ളമില്ല എന്ന് പറഞ്ഞതിന്‍റെ സത്യാവസ്ഥ പരിശോധിക്കാമെന്ന് പറഞ്ഞാണ് എം.എൽ.എ എത്തിയത്. പ്രദേശവാസിയായ വയോധികയോട് പൈപ്പ് തുറക്കാൻ ആവശ്യപ്പെടുന്നു. പൈപ്പ് തുറക്കുമ്പോൾ ആവശ്യത്തിന് വെള്ളം ലഭിക്കുന്നുണ്ട്. എം.എൽ.എ ഇത് കൈയിലെടുത്ത് കുടിക്കുകയും ചെയ്യുന്നു.
ഇങ്ങനെ ആളുകളെ തെറ്റിദ്ധരിപ്പിക്കരുതെന്ന് വി.ടി. ബൽറാം പറയുന്നു. പൈപ്പ് ലൈൻ എത്തിയ ഇടങ്ങളിലൊക്കെ വെള്ളം കിട്ടുന്നുണ്ടെന്ന് ബൽറാം പറഞ്ഞു. സമഗ്രമായ കുടിവെള്ള പദ്ധതിയാണ് നടപ്പാക്കുന്നതെന്നും എം.എൽ.എ പറയുന്നുണ്ട്.
ഇരു വിഡിയോയും ഒരുമിച്ച് ചേർത്ത് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ പ്രചരിക്കുകയാണ്. ഇതിനോടനുബന്ധമായി വി.ടി. ബൽറാം ഫേസ്ബുക്കിൽ ട്രോൾ പോസ്റ്റ് ഇടുകയും ചെയ്തിരിക്കുകയാണ്. അതേസമയം, ആഴ്ചയിൽ ഏതെങ്കിലുമൊരു ദിവസം മാത്രമേ ഇവിടെ കുടിവെള്ളം കിട്ടുന്നുള്ളൂ എന്ന വാദവുമായി ഇടത് പ്രൊഫൈലുകളും രംഗത്തുണ്ട്.