കരാറുകാരന് സര്‍ക്കാര്‍ പണം നല്‍കുന്നില്ല; നന്നമ്പ്ര സമഗ്ര കുടിവെള്ള പദ്ധതി ഇഴയുന്നു
text_fieldsബാക്കിക്കയത്തെ കിണര്‍ നിർമാണം പാതിവഴിയില്‍ നിലച്ച നിലയില്‍
തിരൂരങ്ങാടി: നന്നമ്പ്ര ഗ്രാമപഞ്ചായത്തിലെ എട്ടായിരത്തോളം കുടുംബങ്ങള്‍ക്ക് വെള്ളമെത്തിക്കാൻ ആരംഭിച്ച സമഗ്ര കുടിവെള്ള പദ്ധതിയുടെ നിർമാണ പ്രവൃത്തികള്‍ ഇഴഞ്ഞു നീങ്ങുകയാണ്. 2024 ഡിസംബറില്‍ കമീഷൻ ചെയ്യുമെന്ന് പ്രഖ്യാപിച്ചു ആരംഭിച്ച പദ്ധതി ഒന്നര വര്‍ഷം പിന്നിടുമ്പോഴും 30 ശതമാനം പോലും പൂര്‍ത്തിയായിട്ടില്ല. സര്‍ക്കാര്‍ പണം നല്‍കാത്തതാണ് നിർമാണ പ്രവൃത്തികള്‍ ഇഴഞ്ഞു നീങ്ങാന്‍ കാരണം.
98 കോടി രൂപയുടെ നിർമാണ പ്രവൃത്തികള്‍ ആരംഭിക്കുന്നത് 2023 സെപ്തംബറിലാണ്. ജൽജീവന്‍ മിഷന് പദ്ധതിയിലുള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. ഒരു വര്‍ഷം കൊണ്ട് പൂര്‍ത്തീകരിക്കുമെന്ന് പ്രഖ്യാപിച്ച് ആദ്യം തുടങ്ങുന്നത് ഗ്രാമീണ റോഡുകളിലൂടെയുള്ള പൈപ്പിടലായിരുന്നു. ഏകദേശം 40 കിലോമീറ്റര്‍ പൈപ്പ് ലൈനിന്റെ പ്രവൃത്തികളാണ് ഇത് വരെ പൂര്‍ത്തിയായത്. 150 കിലോമീറ്ററോളം പൈപ്പ് ലൈന്‍ സ്ഥാപിക്കേണ്ടതുണ്ട്.
പൊതുമരാമത്ത് റോഡിലൂടെയുള്ള പൈപ്പ് ലൈന്‍ സ്ഥാപിക്കല്‍ ഇത് വരെയും എങ്ങുമെത്തിയിട്ടില്ല. ദേശീയപാത ക്രോസ് ചെയ്ത് പൈപ്പ് ലൈന്‍ സ്ഥാപിക്കലും അനിശ്ചിതത്വത്തിലാണ്. ബാക്കിക്കയത്ത് കടലുണ്ടി പുഴയില്‍ സ്ഥാപിക്കുന്ന കിണറിന്റെ പ്രവൃത്തികള്‍ ആരംഭിച്ചിരുന്നെങ്കിലും സര്‍ക്കാര്‍ പണം നല്‍കാതായതോടെ പാതിവഴിയില്‍ നിര്‍ത്തി. കക്കാട്, ചെറുമുക്ക് റോഡിലൂടെ പ്രധാന പൈപ്പ് ലൈന്‍ സ്ഥാപിക്കാൻ കരുമ്പില്‍ റോഡിലൂടെ ഹൈവേ വരെയുള്ള പൈപ്പ് ലൈന്‍ മാത്രമാണ് ഇത് വരെ സ്ഥാപിച്ചത്. അവിടെ നിന്നും കക്കാട് ചെറുമുക്ക് റോഡിലൂടെ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്ന പ്രവൃത്തിയും എങ്ങുമെത്തിയിട്ടില്ല.
കൊടിഞ്ഞി ചുള്ളിക്കുന്നില് സ്ഥാപിക്കുന്ന പ്ലാന്റിന്റെയും ടാങ്കിന്റെയും പ്രവൃത്തി മാത്രമാണ് 50 ശതമാനമെങ്കിലും പൂര്‍ത്തിയായത്. എട്ട് ദശലക്ഷം ലിറ്റര്‍ വെള്ളം ദിവസവും ശുദ്ധീകരിക്കാവുന്ന പ്ലാന്റാണ് ചുള്ളിക്കുന്നില് സ്ഥാപിക്കുന്നത്. ഓരോ വ്യക്തിക്കും ദിവസം 100 ലിറ്റര്‍ വെള്ളം എന്ന തോതിലാണ് ലഭ്യമാക്കുന്ന ടാാങ്കിന്റെ പ്രവൃത്തിയും ഇപ്പോള്‍ മന്ദഗതിയിലാണ് പുരോഗമിക്കുന്നത്.
ജൽജീവന്‍ മിഷന് കേന്ദ്രം നല്കിയ ഫണ്ട് സംസ്ഥാന സര്‍ക്കാര്‍ വകമാറ്റി ചെലവഴിച്ചെന്നും പിന്നീട് ലഭിച്ച തുക കുറച്ച് കരാറുകാര്‍ക്ക് മാത്രമാണ് ലഭിച്ചതെന്നും വലിയ വലിയ തുകകള്‍ ഓരോ പ്രവൃത്തിയിലും ലഭിക്കാനുള്ളതിനാല്‍ ഇനിയും മുന്നോട്ട് പോകാന്‍ കഴിയാത്തതിനാലാണ് നിർമാണ പ്രവൃത്തികള്‍ നിര്‍ത്തിയതെന്നും കരാറുകാരന് പറയുന്നു. ജെ.സി.ബിക്കും മറ്റു ജോലിക്കാര്‍ക്കും സമയത്തിന് ശമ്പളം പോലും നല്കാത്തതിനാല് അവര്‍ ജോലിക്ക് വരാതെ സമരത്തിലാണെന്നും അതോടെ അവരോട് സഹകരിച്ച് കരാറുകാരും സമരത്തിലാണെന്നും കരാറുകാരന് പറയുന്നു. സര്‍ക്കാര്‍ പണം അനുവദിച്ചാല്‍ നിർമാണ പ്രവൃത്തികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം അറിയിച്ചു.