ലക്കി ഡ്രോയുടെ പേരിൽ തട്ടിപ്പുകൾ വ്യാപകമാകുന്നു; തട്ടിപ്പ് ലെറ്റർ എത്തുന്നത് പോസ്റ്റൽ വഴി
text_fieldsതിരൂരങ്ങാടി: നറുക്കെടുപ്പ് വിജയി എന്ന പേരിൽ തട്ടിപ്പുകൾ വ്യാപകമാവുന്നു. തട്ടിപ്പ് ലെറ്റർ എത്തുന്നത് പോസ്റ്റൽ വഴി. മൂന്നിയൂർ പാറക്കടവ് സ്വദേശിക്കാണ് നാപ്റ്റോൾ ഓൺലൈൻ ഷോപ്പിങ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിെൻറ ലെറ്റർ പാഡോടുകൂടി സ്ക്രാച്ച് കാർഡ് ലഭിച്ചത്. കൊടിഞ്ഞി പോസ്റ്റ് ഓഫിസിൽനിന്ന് തപാൽ വഴി കൊടിഞ്ഞി പാലാ പാർക്കിൽ പ്രവർത്തിക്കുന്ന അൽഫിന ഹോളോബ്രിക്സ് കമ്പനിയിലാണ് സ്പീഡ് പോസ്റ്റ് വഴി രജിസ്റ്റേർഡ് കത്ത് ലഭിച്ചത്.
നാപ്റ്റോളിെൻറ വാർഷികത്തോടനുബന്ധിച്ചു നടന്ന ഭാഗ്യ നറുക്കെടുപ്പിൽ 25 ലക്ഷം രൂപ സമ്മാനത്തുക അടിച്ചിട്ടുണ്ടെന്നും സ്ക്രാച്ച് കാർഡ് ചുരണ്ടി നമ്പർ വാട്സ്ആപ്പിൽ അയക്കാനുമാണ് കത്തിലെ നിർദേശം. 8583074600 എന്ന നമ്പറും ഇതോടൊപ്പം നൽകിയിട്ടുണ്ട്. തുകക്കുള്ള നിശ്ചിത സംഖ്യ നികുതി അടച്ചാൽ പണം എച്ച്.എസ്.ബി.സി ബാങ്ക് വഴി നൽകുമെന്നുമാണ് കത്തിൽ പറയുന്നത്.
ബാങ്ക് വിവരങ്ങൾ നൽകുന്നതിനും മറ്റും കത്തിൽ പ്രത്യേകം കോളങ്ങൾ നൽകിയിട്ടുണ്ട്. കത്തിൽ സ്ഥാപനത്തിെൻറ ഫിനാൻസ് മാനേജർ രാഹുൽ ബജാജിെൻറയും എച്ച്.എസ്.ബി.സി ബാങ്കിെൻറയും ഒപ്പും സീലുമുണ്ട്. എന്നാൽ, ടാക്സ് എടുത്ത് ബാക്കി തുക അക്കൗണ്ടിലേക്ക് അയക്കാൻ പാറക്കടവ് സ്വദേശി ആവശ്യപ്പെട്ടെങ്കിലും ഇതുമായി ബന്ധപ്പെട്ടവർ ഇതിന് സമ്മതിച്ചിട്ടില്ല.
കത്തിലെ മേൽവിലാസത്തിലെ അക്ഷരത്തെറ്റുകൾ കാരണം തിരൂർഭാഗത്ത് ഏറെ ദിവസം കറങ്ങിത്തിരിഞ്ഞാണ് കത്ത് പാറക്കടവ് സ്വദേശിയുടെ കൈയിൽ എത്തിയത്.
സംഭവവുമായി നാപ്റ്റോൾ അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും ഇതേക്കുറിച്ച് ഒന്നും അറിയില്ലെന്നാണ് അവരുടെ വിശദീകരണം.