തണ്ണിമത്തൻ കൃഷിയിൽ വിജയം കൈവരിച്ച് മരക്കാരുട്ടി
text_fieldsതിരൂരങ്ങാടി: തരിശുഭൂമിയിൽ നടത്തിയ തണ്ണിമത്തൻ കൃഷിയിൽ വിജയം കൊയ്ത് മരക്കാരുട്ടി. നന്നമ്പ്ര ചെറുമുക്ക് അരീക്കാട്ട് മരക്കാരുട്ടിയാണ് ചെറുമുക്കിലെ ഒന്നരയേക്കർ ഭൂമിയിൽ തണ്ണിമത്തൻ വിളയിച്ചത്. ചെറുപ്പംതൊട്ടേ കൃഷിയോട് കൂടുതൽ ആഭിമുഖ്യമുള്ള മരക്കാരുട്ടി രണ്ടുവർഷം മുമ്പാണ് തണ്ണിമത്തനിലേക്ക് കളം മാറ്റിപ്പിടിച്ചത്. കേരളത്തിന് പുറത്ത് നടത്തിയിരുന്ന കൃഷി സ്വന്തം മണ്ണിൽ വിളവെടുക്കണമെന്ന മോഹത്തെ തുടർന്ന് കൂടുതൽ പഠിക്കുകയും രംഗത്തിറങ്ങുകയുമായിരുന്നു.
ഗുണ്ടൽപേട്ടിൽ നിന്നാണ് വിത്തുകൾ കൊണ്ടുവന്നത്. രണ്ടിടങ്ങളിലായി ഒന്നര ഏക്കറിലായി ആറായിരത്തോളം തൈകളാന്ന് നട്ടത്. കീടങ്ങളുടെ ശല്യം തടയാൻ ആധുനിക സംവിധാനവും കൂടാതെ ഓരോ ചെടികൾക്കും യഥാസമയം വെള്ളം ലഭിക്കാൻ വാട്ടർ ഇറിഗേഷൻ സംവിധാനവും ഒരുക്കിയിട്ടുണ്ട്. രണ്ടുഘട്ടങ്ങളിലായി നടത്തുന്ന വത്തക്കാ കൃഷിയുടെ വിളവെടുപ്പ് പൂർത്തിയായാൽ പച്ചക്കറി കൃഷി നടത്താനാണ് തീരുമാനം. ഇതിനുപുറമെ നന്നമ്പ്ര, തിരൂരങ്ങാടി മേഖലകളിലായി സ്വന്തമായിട്ടും അല്ലാതെയും മുപ്പത് ഏക്കറോളം നെൽകൃഷിയും നടത്തുന്നുണ്ട്. ചെറുമുക്ക് അരീക്കാട്ട് ചെറീത് ഹാജി-കുഞ്ഞിരുമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ സൗദ നന്നമ്പ്ര ഗ്രാമപഞ്ചായത്ത് അംഗമാണ്. മുഹമ്മദ് മിൻഹാജ്, മിൻഹ ഫാത്തിമ എന്നിവർ മക്കളാണ്.