ഉടുമ്പൻ ചോലയിൽ എം.എം മണി ജയിച്ചാൽ തല മൊട്ടയടിക്കും- ഇ.എം ആഗസ്തി
text_fieldsതൊടുപുഴ: വരുന്ന തെരഞ്ഞെടുപ്പില്‍ ഉടുമ്പന്‍ചോല മണ്ഡലത്തില്‍ നിന്നും എൽ.ഡി.എഫ് സ്ഥാനാർഥി മന്ത്രി എം.എം മണി വിജയിച്ചാല്‍ താന്‍ തല മൊട്ടയടിക്കുമെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി ഇ.എം ആഗസ്തി. സർവേകള്‍ക്കെതിരെ ആഗസ്തി വിമര്‍ശനം ഉന്നയിച്ചു. പേയ്ഡ് സർവേകളാണ് മാധ്യമങ്ങള്‍ നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മാധ്യമങ്ങളുടെ പേയ്ഡ് സർവേകൾ താൻ വിശ്വസിക്കുന്നില്ല. ഉടുമ്പന്‍ ചോലയില്‍ എം.എം മണി വിജയിക്കില്ല. അദ്ദേഹം വിജയിച്ചാല്‍ താന്‍ തല മുണ്ഡനം ചെയ്യും. എന്നാല്‍ സർവേകള്‍ തെറ്റെന്ന് തെളിഞ്ഞാല്‍ തല മുണ്ഡനം ചെയ്യാന്‍ ചാനല്‍ മേധാവികള്‍ തയ്യാറാകുമോ എന്നും അദ്ദേഹം ചോദിച്ചു.
കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചാനലുകളെ വിലക്കെടുത്തതിന് സമാനമായ സംഭവങ്ങളാണ് കേരളത്തില്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
25 വർഷത്തിന് ശേഷമാണ് ഉടുമ്പൻചോല മണ്ഡലത്തിൽ എം.എം മണിയും ഇ.എം ആഗസ്തിയും നേർക്കുനർ പോരാട്ടത്തിനെത്തുന്നത്. 1996ൽ ഇവർ തമ്മിൽ മത്സരിച്ചപ്പോൾ ആഗസ്തിക്കായിരുന്നു വിജയം.