കൊമ്പുകോർത്ത് മണിയും ആഗസ്തിയും
text_fieldsനെടുങ്കണ്ടം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പരസ്പരം കൊമ്പുകോർത്ത് ഉടുമ്പൻേചാലയിലെ എൽ.ഡി.എഫ് സ്ഥാനാർഥിയും മന്ത്രിയുമായ എം.എം. മണിയും യു.ഡി.എഫ് സ്ഥാനാർഥി ഇ.എം. ആഗസ്തിയും. കഴിഞ്ഞദിവസം ചാനൽ അഭിമുഖത്തിൽ തന്നെ ആക്ഷേപിച്ച മണിയോട് അതേ നാണയത്തിൽ തിരിച്ചടിച്ച് ആഗസ്തി രംഗത്തെത്തിയതോടെയാണ് വാക്പോര് മൂർച്ഛിച്ചത്.
കഴിഞ്ഞദിവസം ചാനലിന് നല്കിയ അഭിമുഖത്തിൽ എം.എം. മണിക്ക് മണികെട്ടാന്‍ ആഗസ്തി പോയിട്ട് അയാളുടെ പിതാവ് വിചാരിച്ചാലും നടക്കില്ലെന്നാണ് മണി പറഞ്ഞത്. മണിക്കാര്‍ മണി കെട്ടുമെന്ന് ഫേസ്ബുക്കില്‍ ഉയർന്ന സി.പി.എമ്മുകാരുടെ ചോദ്യത്തിന് ഇ.എം. ആഗസ്തി മണി കെട്ടുമെന്നായിരുന്നു കോൺഗ്രസിെൻറ പ്രതികരണം. ഇതാണ് മണിയെ പ്രകോപിപ്പിച്ചത്.
ഇതേതുടർന്നാണ് മണിയുടെ അധിക്ഷേപത്തിന് മറുപടിയുമായി ആഗസ്തി രംഗത്തെത്തിയത്. ''തനിക്ക് തെൻറ അച്ഛനെക്കുറിച്ച് അറിയാം. ഇടമലക്കുന്നേല്‍ മത്തായിയുടെ മകനാണ്. അദ്ദേഹത്തെക്കുറിച്ച് അഭിമാനമുണ്ട്. ഇത്രയും പറഞ്ഞ് അവസാനിപ്പിക്കുന്നു. മേലില്‍ ആവര്‍ത്തിക്കരുത്. ചെയ്താല്‍ അതേ നാണയത്തില്‍ തിരിച്ചടിക്കും'' -ഇതായിരുന്നു ആഗസ്തിയുടെ മറുപടി.
ഉടുമ്പന്‍ചോലയില്‍ തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ തനിക്കൊരു വിഷമം ഉണ്ടെന്നുപറഞ്ഞാണ് ആഗസ്തി തുടങ്ങിയത്. രാഹുല്‍ ഗാന്ധിക്ക് ബുദ്ധിയില്ല എന്നു പറഞ്ഞ മണി വിചാരിക്കുന്നത് ശ്രീശങ്കരാചാര്യരും ശ്രീബുദ്ധനും കഴിഞ്ഞാല്‍ തനിക്കാണ് ഏറ്റവും ബുദ്ധി എന്നാണെന്നും ആഗസ്തി കൂട്ടിച്ചേർത്തു.