സൗന്ദര്യവത്കരിച്ചിട്ടും സുന്ദരിയാവാതെ ജൂബിലി കുളം
text_fieldsജൂബിലി കുളം
വടകര: ചരിത്രസ്മാരകമായ ജൂബിലി കുളം സൗന്ദര്യ വത്കരിച്ചിട്ടും മാറ്റമില്ലാതെ. കടുത്ത വേനലിലും വറ്റാത്ത ജലാശയം ചളിക്കുളംപോലെയാണിപ്പോൾ. വിക്ടോറിയ രാജ്ഞിയുടെ കിരീടധാരണത്തിന്റെ സ്മാരകമായി നിർമിച്ച കുളം ഏറെ പേർക്ക് ഉപകാരമായിരുന്നു. എന്നാൽ, ക്രമേണ കുളത്തിന്റെ കാര്യം ആരും ശ്രദ്ധിക്കാതായി. ചുറ്റും സ്ഥാപിച്ച ഇരുമ്പ് ഗ്രില്ലുകൾ നശിച്ചു. ഇപ്പോൾ വെള്ളം തീർത്തും മോശമായി.
കുളത്തിൽ ഇലകളും മാലിന്യവും വീഴുന്നത് ഒഴിവാക്കാൻ ചുറ്റും വലയിട്ടാൽ പ്രശ്നത്തിന് പരിഹാരമാകും. സമീപത്ത് തെരുവുവിളക്കില്ലാത്തതു കൊണ്ട് രാത്രിയുടെ മറവിൽ മാലിന്യം വലിച്ചെറിയുന്നുണ്ട്. നഗരസഭയും പൗരസമിതിയും കുളം വൃത്തിയാക്കി 75 പൂച്ചട്ടികൾ സ്ഥാപിച്ചിരുന്നു.
പൗരസമിതി വിളക്ക് സ്ഥാപിച്ചിട്ടുണ്ടെങ്കിലും കുളം മുഴുവൻ വെളിച്ചമെത്തുന്നില്ല. ഇതിന് പരിഹാരമായി ഹൈമാസ്റ്റ് വിളക്ക് സ്ഥാപിച്ചാൽ വെളിച്ചം ലഭിക്കും. കുളത്തിലെ വെള്ളത്തിന് നിറവ്യത്യാസമുണ്ടായി മീനുകൾ ഒരുഭാഗത്തുമാത്രം കേന്ദ്രീകരിക്കുന്നത് പതിവായിട്ടുണ്ട്. ഇതേ തുടർന്ന് നഗരസഭ ആരോഗ്യവിഭാഗം വെള്ളം പരിശോധനക്ക് അയച്ചിട്ടുണ്ട്. കുളം നവീകരിച്ച് നിലനിർത്താനുള്ള നടപടികൾ എങ്ങുമെത്തിയിട്ടില്ല. നഗരത്തിന്റ ദാഹമകറ്റാൻ കുളം നവീകരിക്കണമെന്ന ആവശ്യത്തിന് പഴക്കമേറെയുണ്ട്.