വടക്കാഞ്ചേരിയിൽ ലൈഫ് തിരിച്ചടിച്ചു; യു.ഡി.എഫ് വീണു
text_fieldsവടക്കാഞ്ചേരി: ലൈഫ് മിഷൻ ഫ്ലാറ്റ് സമുച്ചയ വിവാദം കോൺഗ്രസിനും യു.ഡി.എഫിനും അതിലുപരി സ്ഥാനാർഥി അനിൽ അക്കരക്കും ബൂമറാങ്ങായി. 'പാവങ്ങളുടെ വീട് മുടക്കിയവൻ' എന്ന എൽ.ഡി.എഫിെൻറ ആക്ഷേപം വോട്ടർമാരും ഏറ്റെടുത്തപ്പോൾ സ്വന്തം പാർട്ടിയുടെപോലും പൂർണ പിന്തുണയില്ലാതെ തന്ത്രങ്ങൾ മെനയുന്ന അനിൽ അക്കരയുടെ കൗശലങ്ങൾ വിലപ്പോയില്ല. 'വടക്കാഞ്ചേരിയുടെ ഹൃദയത്തിൽ' ഇടമുള്ള സേവ്യർ ചിറ്റിലപ്പിള്ളിയിലൂടെ സി.പി.എമ്മും എൽ.ഡി.എഫും മണ്ഡലം തിരിച്ചുപിടിച്ചു.
2016ലെ തെരഞ്ഞെടുപ്പിൽ 'കപ്പിനും ചുണ്ടിനുമിടയി'ലാണ് എൽ.ഡി.എഫിന് വടക്കാഞ്ചേരി നഷ്ടപ്പെട്ടത്. തൃശൂർ ജില്ല തൂത്തുവാരിയെന്ന് പറയാമായിരുന്ന അന്നത്തെ ഫലത്തിന് അപവാദം വടക്കാഞ്ചേരിയിലെ നഷ്ടം മാത്രമായിരുന്നു. സ്ഥാനാർഥി നിർണയത്തിൽ ഉണ്ടായ തർക്കവും പ്രഖ്യാപിച്ച സ്ഥാനാർഥിയെ പിൻവലിച്ചതും മറ്റുമായി കല്ലുകടിച്ച് നീങ്ങിയപ്പോൾ 43 വോട്ടിന് മണ്ഡലം നഷ്ടപ്പെട്ടു. അതിെൻറ പേരിൽ പാർട്ടിയിൽ ഉണ്ടായ അസ്വസ്ഥത തീർത്താണ് ഇത്തവണ വടക്കാഞ്ചേരി ഓട്ടുപാറക്കാരനായ സേവ്യർ ചിറ്റിലപ്പിള്ളിയെ സി.പി.എം രംഗത്തിറക്കിയത്.
മണ്ഡലത്തിലെ സജീവ സാന്നിധ്യമായ സേവ്യർ ഓരോ വോട്ടർക്കും പരിചിതനാണ്. അതിലുപരി പാർട്ടിയും മുന്നണിയും ഇതൊരു അഭിമാന പോരാട്ടമായി പരിഗണിക്കുകയും ചെയ്തു. സർക്കാരിന് പാർട്ടിക്കും നിരന്തരം തലവേദനയുണ്ടാക്കിയ അനിൽ അക്കര ഒരിക്കൽകൂടി മണ്ഡലത്തിൽനിന്ന് ജയിച്ച് വരാതിരിക്കാൻ അതീവ ശ്രദ്ധയോടെയാണ് സി.പി.എം നീങ്ങിയത്. ലൈഫ് ഫ്ലാറ്റ് അഴിമതി ആരോപണം ഉൾപ്പെടെ സർക്കാരിനെതിരെ അനിൽ തൊടുത്തുവിട്ട ആയുധങ്ങളെല്ലാം തിരിച്ച് പ്രയോഗിക്കുന്ന തരത്തിലായിരുന്നു സി.പി.എമ്മിെൻറ പ്രയോഗം. വാർത്തകളിൽ ഇടംനേടാൻ ദിനേന അനിൽ പ്രയോഗിച്ച നീക്കങ്ങളുടെ മുനയൊടിക്കാൻ മുൻപന്തിയിൽ സേവ്യറും ഉണ്ടായിരുന്നു.
തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ എൽ.ഡി.എഫ് നേടിയ ജയം വടക്കാഞ്ചേരി നിയമസഭാ മണ്ഡലം ചിന്തിക്കുന്നത് എങ്ങനെ എന്നതിെൻറ സൂചകമായിരുന്നു. ലൈഫ് മിഷൻ വിവാദമുയർന്ന വടക്കാഞ്ചേരി നഗരസഭ നിലനിർത്തിയതിനൊപ്പം അനിൽ അക്കരയുടെ പഞ്ചായത്തും വാർഡും ഇടതുപക്ഷം പിടിച്ചെടുത്തു. യു.ഡി.എഫിന് മേൽക്കൈയുള്ള ഇടങ്ങളിൽപോലും ശക്തമായ പ്രതിരോധം തീർത്ത് പഴുതടച്ച് മുന്നേറി. ഇത് തദ്ദേശ, നിയമസഭ തെരഞ്ഞെടുപ്പുകളുടെ കാലത്ത് മാത്രം നടത്തിയ നീക്കങ്ങളുടെ നേട്ടമല്ല. അഞ്ച് വർഷമായി ഇടതുപക്ഷം ശരിയായി ഗൃഹപാഠം ചെയ്തുണ്ടാക്കിയതാണ്.
വോട്ടു ചോർച്ച ഉണ്ടാകരുതെന്ന കർശന തീരുമാനം നടപ്പാക്കിയാണ് സി.പി.എം തെരഞ്ഞെടുപ്പ് പ്രവർത്തനം നടത്തിയത്. അനിൽ അക്കര 'താൻപോരിമ'ക്കെതിരെ കോൺഗ്രസിനകത്തുള്ള എതിർപ്പും എൽ.ഡി.എഫ് 'കണ്ടറിഞ്ഞ്' മുതലെടുത്തു. മണ്ഡലത്തിലെ സമുദായിക വോട്ടുകൾ വിഘടിച്ചതും മുന്നണിക്ക് സഹായമായി. 10 വർഷം യു.ഡി.എഫ് ജയിച്ച മണ്ഡലമാണ് എൽ.ഡി.എഫ് പിടിച്ചെടുത്തത്.