
വടക്കാഞ്ചേരിയിൽ പ്രചാരണം പാരമ്യത്തിൽ എത്തിയിട്ടും രാഷ്ട്രീയ പാർട്ടികൾ മുൾമുനയിൽ
text_fieldsപരസ്യപ്രചാരണം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ ചാഞ്ചാടിനിൽക്കുന്ന വോട്ടുകൾ ഉറപ്പിക്കാനുള്ള തത്രപ്പാടിലാണ് സ്ഥാനാർഥികൾ
വടക്കാഞ്ചേരി (തൃശൂർ): സ്വർണക്കടത്ത് വിവാദം വഴിതിരിഞ്ഞ് ലൈഫ് മിഷൻ ഫ്ലാറ്റ് സമുച്ചയ വിവാദത്തിലേക്ക് എത്തിയ മണ്ഡലമായ വടക്കാഞ്ചേരി തെരഞ്ഞെടുപ്പ് ചൂടിൽ വെന്തുരുകുകയാണ്. പ്രചാരണം പാരമ്യത്തിൽ എത്തിയിട്ടും രാഷ്ട്രീയ പാർട്ടികൾ മുൾമുനയിലാണ്. ലൈഫ് മിഷൻ വിവാദ പശ്ചാത്തലത്തിൽ ഇടതിനും യു.ഡി.എഫിനും വടക്കാഞ്ചേരിയിൽ ജയം അനിവാര്യമാണ്. 2016ലെ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് കൈപിടിയിലൊതുക്കിയ ജില്ലയിലെ ഏക മണ്ഡലമാണ് വടക്കാഞ്ചേരി. അന്ന് 43 വോട്ടിന് ജയിച്ച അനിൽ അക്കരയെ നേരിടാൻ ജനകീയനായ സേവ്യർ ചിറ്റിലപ്പിള്ളിയെ സി.പി.എം രംഗത്തിറക്കിയത് കണക്കുകൂട്ടി തന്നെയാണ്. പ്രചാരണ കൊഴുപ്പിൽ ഒപ്പമോ മുന്നിലോ ഉള്ള ബി.ജെ.പി സ്ഥാനാർഥി ഉല്ലാസ് ബാബുവും കൂടിയായതോടെ മണ്ഡലത്തിൽ യുവതയുടെ പോരാട്ടമാണ്.
ഗ്രൂപ്പ് പോരും മറ്റ് പ്രശ്നങ്ങളും ഇല്ലാതെയാണ് യു.ഡി.എഫും എൽ.ഡി.എഫും നീങ്ങുന്നത്. വ്യാപാരി വ്യവസായി കോൺഗ്രസിെൻറ പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർഥിയായി ഹാജി അബൂബക്കർ മത്സരിക്കുന്നത് അനിൽ അക്കരയോടുള്ള എതിർപ്പ് കാരണമാണെങ്കിലും അത് കാര്യമായി ബാധിക്കില്ലെന്നാണ് വിലയിരുത്തൽ. ലോക്സഭ തെരഞ്ഞെടുപ്പിൽ വടക്കാഞ്ചേരി നിയോജക മണ്ഡലത്തിൽ നേടിയ 19,781 വോട്ട് ഭൂരിപക്ഷം നേടിയതിൽ മനസ്സുറപ്പിച്ചാണ് യു.ഡി.എഫ് നീങ്ങുന്നത്.
മറുഭാഗത്ത് തദ്ദേശ തെരഞ്ഞെടുപ്പിൽ വടക്കാഞ്ചേരി നഗരസഭ, തെക്കുംകര, അവണൂർ, കോലഴി, അനിൽ അക്കരയുടെ നാട് ഉൾപ്പെടുന്ന അടാട്ട്, കൈപ്പറമ്പ് പഞ്ചായത്തുകൾ ജയിച്ചത് എൽ.ഡി.എഫിന് ഊർജം പകരുന്നു. തോളൂർ പഞ്ചായത്തിൽ മാത്രമാണ് യു.ഡി.എഫിന് ഭൂരിപക്ഷം ലഭിച്ചത്. അതേസമയം, നാല് പതിറ്റാണ്ടായി എൽ.ഡി.എഫ് ഭരിച്ച മുളങ്കുന്നത്തുകാവ് പഞ്ചായത്ത് സി.പി.എം വിമതെൻറ സഹായത്തോടെ യു.ഡി.എഫ് പിടിച്ചെടുത്തിരുന്നു.
മത, സാമുദായിക സ്വാധീനങ്ങൾ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ വടക്കാഞ്ചേരിയുടെ വിധി പലവട്ടം നിശ്ചയിച്ചിട്ടുണ്ട്. ഹിന്ദു, ക്രൈസ്തവ വോട്ടർമാരാണ് കൂടുതൽ. ഹിന്ദു വോട്ടിൽ ഈഴവ സമുദായത്തിനാണ് നിർണായക സ്വാധീനം. നായർ, എഴുത്തച്ഛൻ വിഭാഗങ്ങളും ശക്തമാണ്. ഇത്തരം ശക്തികൾ വിജയത്തിൽ അവകാശവാദം ഉന്നയിച്ച് രംഗത്ത് വരാറുമുണ്ട്. ഇടത്, ഐക്യ മുന്നണികൾ സമുദായിക സംഘടനകളെ തന്ത്രപരമായി രഹസ്യ സ്വഭാവത്തോടെ സ്വാധീനിക്കാൻ ശ്രമിക്കുമ്പോൾ ബി.ജെ.പി പരസ്യമായാണ് നീക്കം നടത്തുന്നത്.
ഘടകകക്ഷിയായ മുസ്ലിം ലീഗിൽ ചിലരുടെയും മുതിർന്ന ചില നേതാക്കളുടെയും പിണക്കം യു.ഡി.എഫിന് തലവേദനയാണ്. കഴിഞ്ഞ തവണത്തെപ്പോലെ സി.പി.എമ്മിലെ വോട്ടുചോർച്ച ഇത്തവണ സേവ്യർ ചിറ്റിലപ്പിള്ളിയെ വലക്കില്ലെന്ന പ്രതീക്ഷയിലാണ് നേതൃത്വം. കാൽ ലക്ഷം വോട്ടർമാരുള്ള സ്വന്തം സമുദായമായ എഴുത്തശ്ശൻ സമാജത്തിെൻറ നിലപാടിലാണ് ഉല്ലാസ് ബാബുവിെൻറ പ്രതീക്ഷ. പ്രവചന സാധ്യതകൾക്കപ്പുറത്ത് ഇഞ്ചോടിഞ്ച് പൊരുതുകയാണ് യു.ഡി.എഫും എൽ.ഡി.എഫും.