കരുവാരകുണ്ടിൽ ലീഗ് കേന്ദ്രങ്ങളിൽ പോളിങ് ശതമാനം കുറഞ്ഞു; കോൺഗ്രസിന് നീരസം
text_fieldsകരുവാരകുണ്ട്: നിയമസഭ തെരഞ്ഞെടുപ്പിൽ കരുവാരകുണ്ട് ഗ്രാമപഞ്ചായത്തിലെ പല ബൂത്തുകളിലും പോളിങ് ശതമാനം വളരെ കുറവ്.
കിഴക്കെത്തലയിലെ ഒരു ബൂത്തിൽ 59 ശതമാനമാണ് പോളിങ്. 70 ശതമാനത്തിൽ താഴെ പോളിങ് നടന്ന ബൂത്തുകളിൽ മിക്കതും മുസ്ലിം ലീഗ് ശക്തികേന്ദ്രങ്ങളാണ്. പോളിങ് കുറഞ്ഞതോടെ എ.പി. അനിൽകുമാറിന് സ്ഥിരമായി കൂടുതൽ ഭൂരിപക്ഷം നൽകാറുള്ള കരുവാരകുണ്ടിൽനിന്ന് ഇത്തവണ അതുണ്ടാവില്ലെന്നാണ് കോൺഗ്രസ് വിലയിരുത്തൽ.
ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ശക്തമായ ത്രികോണ മത്സരം നടന്നിരുന്നു. ഇതിൽ പലയിടത്തും ലീഗും കോൺഗ്രസും തമ്മിലായിരുന്നു കനത്ത മത്സരം. ഇതോടെ വൻ ഭൂരിപക്ഷത്തോടെ സി.പി.എം പഞ്ചായത്ത് പിടിച്ചു. ഈ വൈരം നിലനിൽക്കെയാണ് നിയമസഭ തെരഞ്ഞെടുപ്പ് വന്നതും പഞ്ചായത്തിൽ യു.ഡി.എഫുണ്ടായതും.
യുവാക്കളും ചില മുതിർന്ന നേതാക്കളും ഇതിൽ അതൃപ്തിയുള്ളവരായിരുന്നു. വോട്ട് ശതമാനം കുറയാൻ കാരണവും ഇതാണ്. ലീഗ് കേന്ദ്രങ്ങളായ കിഴക്കെത്തല (59), തരിശ് (60), കണ്ണത്ത് (64), പുന്നക്കാട് (62), പുൽവെട്ട (66), പയ്യാക്കോട് (67), പണത്തുമ്മൽ (67) എന്നിങ്ങനെയാണ് ബൂത്തുകളിലെ പോളിങ് ശതമാനം.
സ്ത്രീ വോട്ടർമാരാണ് കൂടുതലും വോട്ട് ചെയ്യാത്തവർ. പഞ്ചായത്തിലെ തങ്ങളുടെ സ്ഥാനാർഥികളെ തോൽപിക്കാൻ പ്രവർത്തിച്ചവർക്ക് വോട്ടില്ല എന്ന നിലപാടിലായിരുന്നു പല ലീഗ് പ്രവർത്തകരും.
പതിനായിരത്തോളം വോട്ടുകളാണ് കരുവാരകുണ്ടിൽ പോൾ ചെയ്യപ്പെടാതെ പോയിരിക്കുന്നത്. 69 ശതമാണ് പോളിങ്. പോസ്റ്റൽ കൂടിയാവുമ്പോൾ ഇത് 70 ആയേക്കും.