തെരഞ്ഞെടുപ്പ് വരും, പോകും...പക്ഷേ നത്തംകുനി പരൂർക്കുന്ന് ഉന്നതിയിലേക്ക് റോഡില്ല
text_fieldsമേപ്പാടി നത്തംകുനി പരൂർക്കുന്ന് ഉന്നതി. ഇവിടേക്കുള്ള മൺപാതകൾ വാഹനഗതാഗത യോഗ്യമല്ല
മേപ്പാടി: 120ലധികം കുടുംബങ്ങൾ മൂന്നു വർഷത്തിലധികമായി താമസിച്ചു വരുന്ന മേപ്പാടി പഞ്ചായത്ത് മൂന്നാം വാർഡിലെ നത്തംകുനി പരൂർക്കുന്ന് പട്ടിക വർഗ സെറ്റിൽമെന്റിലേക്ക് വാഹന സഞ്ചാരയോഗ്യമായ റോഡില്ല. മണ്ണ് റോഡാണ് നിലവിലുള്ളത്.
ഇവയാകട്ടെ വാഹനങ്ങൾ ഓടുന്ന തരത്തിലുള്ളതുമല്ല. മഴ പെയ്താൽ റോഡ് ചെളി നിറയും. സെറ്റിൽമെന്റിലേക്കെത്താനുള്ള പ്രധാന വഴിയും അകത്തെ വിവിധ വീടുകളിലേക്കുള്ള ഉപവഴികളും മൺപാതകളാണ്. ഒരു തദ്ദേശതെരഞ്ഞെടുപ്പുകൂടി മുന്നിലെത്തുമ്പോൾ ഇവരുടെ യാതന മാത്രം ആരും കാണുന്നില്ല. സംസ്ഥാന സർക്കാർ നടപ്പാക്കിയ പദ്ധതിയായതിനാൽ ഗ്രാമപഞ്ചായത്ത് ഇവിടേക്ക് ശ്രദ്ധിക്കുന്നില്ല എന്നാണ് ആക്ഷേപം. 216 വീടുകളാണ് ഇവിടെ നിർമിച്ചിട്ടുള്ളത്. ജില്ലയിലെ ഏറ്റവും വലിയ പട്ടിക വർഗ സെറ്റിൽമെന്റ് ഉന്നതി കൂടിയാണിത്. കുഴിവയൽ മുതൽ പരൂർക്കുന്ന് ഉന്നതിയിലേക്ക് എത്തുന്നതുവരെയുള്ള റോഡ് ഗ്രാമപഞ്ചായത്തിന്റെ അധീനതയിലാണ്. ഈ റോഡിലൂടെയും വാഹന ഗതാഗതം അതീവ ദുഷ്കരമാണ്.


