സിനിമ സ്വപ്നത്തിന് പിന്നാലെ സഞ്ചരിച്ച വേണുവേട്ടൻ
text_fieldsകോഴിക്കോട്: ചലച്ചിത്ര സൊസൈറ്റികൾ വഴി ലോകോത്തര സിനിമകൾ മലയാളികൾക്ക് പരിചയപ്പെടുത്തി കേരളത്തിൽ പുതിയ ചലച്ചിത്രാസ്വാദന സംസ്കാരം വളർത്തിയെടുക്കുന്നതിൽ വലിയ പങ്കുവഹിച്ച പ്രതിഭാധനനാണ് ചെലവൂർ വേണു.
1971 മുതല്‍ കോഴിക്കോട്ടെ ‘അശ്വിനി ഫിലിം സൊസൈറ്റി’യുടെ ജനറല്‍ സെക്രട്ടറിയായിരുന്നു. ’70കളിലും ’80കളിലും കേരളത്തിലെ ഗ്രാമങ്ങളിലും നഗരങ്ങളിലും രൂപംകൊണ്ട നിരവധി ഫിലിം സൊസൈറ്റികളുടെ പിന്നിലെ ചാലക ശക്തിയായിരുന്നു കോഴിക്കോട്ടുകാരുടെ വേണുവേട്ടൻ.
ചലച്ചിത്ര പ്രവര്ത്തകന് എന്ന നിലയിലാണ് പ്രശസ്തനെങ്കിലും എഴുത്തുകാരന്, ചലച്ചിത്ര നിരൂപകൻ, പത്രാധിപർ എന്നീ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ചു. എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ‘ഉമ്മ’ എന്ന സിനിമക്ക് ചന്ദ്രിക വാരികയിൽ അദ്ദേഹം നിരൂപണമെഴുതിയത്. സംവിധായകൻ ജോണ്‍ എബ്രഹാമിന്റെ ജീവിതം ആസ്പദമാക്കി പ്രേംചന്ദ് സംവിധാനം ചെയ്ത ജോണ്‍ എന്ന ചിത്രത്തില്‍ വേണു അഭിനയിച്ചിട്ടുണ്ട്.
കേരളത്തിലെ ആദ്യ മനഃശാസ്ത്ര മാഗസിന് പുറത്തിറക്കിയത് വേണുവാണ്. മനഃശാസ്ത്രത്തെക്കുറിച്ചൊന്നും അധികമാരും ചിന്തിക്കാത്ത 1969ലാണ് സൈക്കോ എന്ന മാസിക ചെലവൂർ വേണു ആരംഭിക്കുന്നത്.
ലോകത്ത് എന്തെങ്കിലും പ്രശ്നമില്ലാത്ത ഒരൊറ്റ മനുഷ്യരുമുണ്ടാവില്ലെന്ന ചിന്തയില്‍നിന്നാണ് സൈക്കോ മാഗസിന് ആരംഭിച്ചതെന്നാണ് ചെലവൂർ വേണു അതേക്കുറിച്ച് ഒരിക്കൽ പറഞ്ഞത്. മനഃശാസ്ത്ര ലേഖനങ്ങളും പംക്തികളുമായിരുന്നു ഇതിലെ പ്രതിപാദ്യം. സൈക്കോ അതിവേഗമാണ് പുതുതലമുറയെ ആകർഷിച്ചത്.
ബ്ലാക്ക് ആൻഡ് വൈറ്റ് നിറങ്ങളില്‍ പുനലൂര്‍ രാജന് എന്ന പ്രശസ്ത ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ ചിത്രങ്ങളും മനോരോഗ വിദഗ്ധരായ ഡോ. എസ്. ശാന്തകുമാര്‍, ഡോ. പ്രഭാകരന്, ഡോ. ജയന് എന്നിവരുടെ ലേഖനങ്ങളും അടങ്ങുന്ന സൈക്കോ ഉള്ളടക്കത്തിലും കെട്ടിലും മട്ടിലും ഒരുപോലെ വ്യത്യസ്തത പുലർത്തി. കുട്ടികളെ വളര്‍ത്തുമ്പോള്‍ ശ്രദ്ധിക്കേണ്ടത്, പ്രണയകാലത്തെ മനസ്സ്, പഠനവൈകല്യങ്ങള്‍, സ്ത്രീകളുടെ മാനസിക പ്രശ്നങ്ങള്‍ തുടങ്ങിയ വിഷയങ്ങളാണ് സൈക്കോ കൈകാര്യം ചെയ്തത്.
അശ്വിനി ഫിലിം സൊസൈറ്റി രൂപവത്കരിച്ചശേഷം സിനിമയുടെ സ്വപ്നത്തിന് പിന്നാലെയായിരുന്നു ചെലവൂർ വേണു. ശ്രദ്ധ കുറഞ്ഞുവെങ്കിലും കൂട്ടുകാരുടെ സഹായത്തോടെ സൈക്കോ പുറത്തിറക്കാൻ ശ്രമിച്ചിരുന്നു. 2011ഓടെയാണ് സൈക്കോ പ്രസിദ്ധീകരണം നിലച്ചത്. ചെലവൂരിലെ അദ്ദേഹത്തിന്റെ വീടിന് നൽകിയ പേരും സൈക്കോ എന്നുതന്നെയായിരുന്നു. മനസ്സ് ഒരു സമസ്യ, മനസ്സിന്റെ വഴികൾ എന്നീ പുസ്തകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്.
ചെലവൂർ വേണു ആരംഭിച്ച സ്പോർട്സ് മാഗസിനായ ‘സ്റ്റേഡിയം’ വായനക്കാരെ ഏറെ ആകർഷിച്ചു. എഴുപതുകളിലെ രാഷ്ട്രീയ കാലാവസ്ഥയെ അടയാളപ്പെടുത്തിയ പൊളിറ്റിക്കല്‍ വീക്കിലി ‘സര്‍ച്ച് ലൈറ്റ്’, സ്ത്രീകൾക്ക് വേണ്ടിയുള്ള മാസികയായ രൂപകല, സിറ്റി മാഗസിന് എന്ന പേരില്‍ പ്രതിവാര പത്രം തുടങ്ങി പത്തോളം പ്രസിദ്ധീകരണങ്ങള്‍ അദ്ദേഹം ആരംഭിച്ചിട്ടുണ്ട്.
സുഹൃത്തുക്കളുടെ സിനിമ ആരംഭിക്കുമ്പോഴാണ് പലപ്പോഴും പ്രസിദ്ധീകരണങ്ങൾ നിലക്കുക. ഈ സിനിമകളുടെ സെറ്റോ ഓഫിസോ ആയി മാസികയുടെ ഓഫിസ് മാറും. അതെല്ലാം കഴിഞ്ഞ് പിന്നീട് ആദ്യം മുതൽ തുടങ്ങുക എന്നതായിരുന്നു പതിവ്. പലപ്പോഴും അതിന് കഴിയാതെയും വന്നു.
തന്റെ ശരികൾക്കും സ്വപ്നങ്ങൾക്കും പിന്നാലെ അലഞ്ഞ വേണു ഈ യാത്രക്കിടയിൽ വിവാഹം കഴിക്കാൻ പോലും മറന്നു. ഒടുവിൽ കൂട്ടുകാരിയായ സുകന്യയെ ജീവിതപങ്കാളിയാക്കിയത് 70ാം വയസ്സിലായിരുന്നു. അടൂർ ഗോപാലകൃഷ്ണൻ, അരവിന്ദൻ, ചിന്ത രവി, ബക്കർ എന്നിങ്ങനെ സിനിമാരംഗത്ത് എണ്ണിയാലൊടുങ്ങാത്ത സൗഹൃദങ്ങളാണ് അദ്ദേഹത്തിനുണ്ടായിരുന്നത്.
സ്വന്തമായി സിനിമ സംവിധാനം ചെയ്യണമെന്ന് ആദ്യകാലത്ത് ഏറെ മോഹിച്ചിരുന്നുവെങ്കിലും സുഹൃത്തുക്കളെല്ലാം സിനിമ ചെയ്തുതുടങ്ങിയപ്പോൾ അവർക്കുവേണ്ട സഹായം ചെയ്യുക എന്നതിലായി ശ്രദ്ധ. നല്ല സിനിമകൾ കണ്ടുശീലിച്ചതോടെ അത്രയും മികച്ച രീതിയിൽ സിനിമ എടുക്കാൻ കഴിയുമോ എന്ന സന്ദേഹവും പിടികൂടിയെന്ന് അദ്ദേഹം തന്നെ സമ്മതിക്കുന്നു.
സിനിമാരംഗത്തും പ്രസിദ്ധീകരണ രംഗത്തും ഏറെമുമ്പേ നടന്ന് മലയാളിയുടെ ആസ്വാദന ശീലത്തെ പുതിയ മാനങ്ങളിലേക്കുയർത്തിയ അതുല്യനായ മനുഷ്യനെ അർഹിക്കുംവിധം മനസ്സിലാക്കാൻ മലയാളി മറന്നുപോയോ എന്ന സന്ദേഹം മാത്രം ബാക്കിനിൽക്കുന്നു.