വിടപറഞ്ഞത് സിനിമയിലെ പ്രണയമുഖം
text_fieldsരവികുമാർ
തിരുവനന്തപുരം: 'പ്രണയ സരോവര തീരം പണ്ടൊരു പ്രദോഷ സന്ധ്യാ നേരം' 1977ൽ പുറത്തിറങ്ങിയ ‘ഇന്നലെ ഇന്ന്’ എന്ന ചിത്രത്തിൽ വിരഹ പ്രണയത്തെ അതിമനോഹരമായി വെള്ളിത്തിരയിൽ പകർന്നാടിയ രവികുമാർ 70കളുടെ അവസാനത്തിലും 80 കളിലും മലയാളികളുടെ പ്രണയത്തിന്റെ മറുമുഖമായിരുന്നു. ഐ.വി. ശശിയുടെ സിനിമകളാണ് രവികുമാറിന് പ്രണയ നായകപട്ടം നേടിക്കൊടുത്തത്. ആ കാലഘട്ടത്തിന്റെ പ്രണയമുഖമാണ് കഴിഞ്ഞ ദിവസം കാലയവനികക്കുള്ളില്‍ മറഞ്ഞത്.
അവളുടെ രാവുകൾ, ലിസ, അങ്ങാടി തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങളിലൂടെ ആരാധകർ നെഞ്ചേറ്റിയ രവികുമാർ വില്ലന്റെയും നായകന്റെയും വേഷങ്ങൾ അവതരിപ്പിക്കാൻ ഒരു മടിയും കാട്ടിയിരുന്നില്ല. പ്രേംനസീർ, ജയൻ, സുകുമാരൻ, സോമൻ, കമൽഹാസൻ, വിൻസന്റ് എന്നിവർക്കൊപ്പം നിരവധി ചിത്രങ്ങളിൽ വേഷമിട്ടിരുന്നു.
ജയനുമായും കമൽഹാസനുമായും വ്യക്തിബന്ധവും സൂക്ഷിച്ചിരുന്നു. അതുകൊണ്ടാണ് അസുഖബാധിതനായിരുന്നിട്ടും ജയൻ സാംസ്കാരിക വേദിയുടെ പുരസ്കാരം ഏറ്റുവാങ്ങാൻ ആറുമാസം മുമ്പ് അദ്ദേഹം തിരുവനന്തപുരത്തെത്തിയത്. മുടി ഒരൽപം നീട്ടി വളർത്തിയ ഹിപ്പി സ്റ്റൈലും ബെൽബോട്ടം പാന്റുമൊക്കെ ട്രെൻഡാക്കി മാറ്റാൻ അന്നത്തെ ചിത്രങ്ങളിലൂടെ രവികുമാറിന് കഴിഞ്ഞിരുന്നു.
1975ല്‍ എ.ബി. രാജ് സംവിധാനം ചെയ്ത ഉല്ലാസയാത്ര എന്ന ചിത്രത്തിലൂടെയാണ് രവികുമാര്‍ മേനോന് എന്ന രവികുമാര്‍ അഭിനയരംഗത്തെത്തിയത്. ആ സിനിമയില്‍ നായകവേഷത്തിലെത്തിയ അദ്ദേഹം പിന്നീട്, നിരവധി സിനിമകളില്‍ പ്രണയനായകനായി, മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി. രവികുമാര്‍ അഭിനയിച്ച സിനിമകളിലെ ഗാനങ്ങള്‍ ഇപ്പോഴും ഓർമിക്കപ്പെടുന്നത് താരത്തിന്റെ സാന്നിധ്യത്തോടെയാണ്.
കെ. ബാലകൃഷ്ണൻ തിരക്കഥ എഴുതി രവികുമാറിന്റെ അച്ഛൻ നിർമിച്ച ത്യാഗസീമ എന്ന സിനിമയിലൂടെയാണ് ചിറയിൻകീഴ് സ്വദേശി അബ്ദുൽ ഖാദറെന്ന പ്രേംനസീറും സത്യനും വെള്ളിത്തിരയിൽ ശ്രദ്ധേയരാകുന്നത്. ആ ബന്ധവും സൗഹൃദവും രവികുമാറിനെ വെള്ളിത്തിരയിലെത്തിക്കുകയായിരുന്നു.
മുത്തച്ഛനായ പി. കൃഷ്ണമേനോൻ രാജഭരണകാലത്ത് പത്മനാഭപുരം എ.എസ്.പിയായിരുന്നു. പിന്നീട്, അദ്ദേഹം ആധ്യാത്മികതയിലേക്ക് തിരിഞ്ഞു. ആത്മാനന്ദ ഗുരുവെന്ന പേരും സ്വീകരിച്ചു. അത്തരമൊരു കുടുംബത്തിൽ നിന്നാണ് രവികുമാറിന്റെ മാതാപിതാക്കൾ സിനിമയിലേക്ക് തിരിഞ്ഞത്. ആ വഴി തന്നെ മകനും തിരഞ്ഞെടുത്തു.
നിരവധി മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും ചെയ്തു. സംഗീത സംവിധായകനായ രവീന്ദ്രനായിരുന്നു രവികുമാറിന് ശബ്ദം നൽകിയിരുന്നത്. മലയാളത്തിൽ മാത്രമല്ല, തമിഴിലും മികച്ച വേഷങ്ങൾ ചെയ്തു. നൂറിലധികം സിനിമകളിൽ മാത്രമല്ല, സീരിയലുകളിലും വേഷമിട്ടിരുന്നു.