ചിരികിലുക്കത്തിനും അപ്പുറം...
text_fieldsസലിംകുമാർ ദേശീയ അവാർഡ് ലഭിച്ച വാർത്ത അറിഞ്ഞപ്പോൾ
കൊച്ചി: സലീം കുമാർ എന്ന നടൻ അറിയപ്പെടുന്നത് ചിരികുടുക്കയായാണ്. ആ കുടുക്കയിൽനിന്ന് ചിതറിവീണ ചിരി മുഹൂർത്തങ്ങൾ ഏറെ. വെള്ളിത്തിരയിൽ ചിരികിലുക്കം തീർത്താണ് പ്രേക്ഷകരുടെ മനസിൽ ഇടം നേടിയതെങ്കിലും അതിനും അപ്പുറവും അദ്ദേഹത്തിന്‍റെ പ്രതിഭയുടെ തിളക്കം പീന്നീട് കാണാനായി. ആ കഴിവാണ് ദേശീയ പുരസ്കാരത്തിൽവരെ എത്തിച്ചത്.
2004-ൽ പുറത്തിറങ്ങിയ പെരുമഴക്കാലത്തിലായിരുന്നു സലിംകുമാറിന്‍റെ മറ്റൊരുമുഖം പ്രേക്ഷകർ കണ്ടത്. കമലിന്റെ സംവിധാനത്തിലൊരുങ്ങിയ ആ ചിത്രത്തിൽ അതുവരെ കണ്ടതിൽനിന്ന് വ്യത്യസ്തമായി ഒരു തമാശപോലും പറയാതെ നടൻ എന്ന രീതിയിൽ സലീം കുമാർ തിളങ്ങി. ചിരികിലുക്കത്തിന്‍റെ അകമ്പടിയില്ലാതെ സലീം കുമാറിനെ പിന്നീട് കണ്ടത് 2006-ൽ പുറത്തിറങ്ങിയ അച്ഛനുറങ്ങാത്ത വീടിലായിരുന്നു. സൂര്യനെല്ലി പെൺവാണിഭക്കേസിനെ ആസ്പദമാക്കി നിർമിച്ച ചിത്രത്തിൽ സലീം കുമാർ അവതരിപ്പിച്ച പ്രധാന കഥാപാത്രത്തിന്റെ വേദന അതേ തീവ്രതയോടെ പ്രേക്ഷകരും അനുഭവിച്ചു. ഈ ചിത്രത്തിലെ അഭിനയത്തിന് സലീം കുമാറിന് മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചു. അതോടെയാണ് സലിംകുമാറിന്റെ അഭിനയശേഷി പ്രശംസിക്കപ്പെട്ട് തുടങ്ങിയത്. 2010 ൽ ഇറങ്ങിയ മേരിക്കുണ്ടൊരു കുഞ്ഞാടിലെ ലോനപ്പൻ ആദ്യം ചിരിപ്പിക്കുകയും കരയിക്കുകയും ചെയ്തു. 2011ൽ ആദാമിന്റെ മകൻ അബുവിലൂടെ വെള്ളിത്തിരയിൽ വിസ്മയങ്ങൾ തീർക്കാനാവുമെന്ന് സലിംകുമാർ തെളിയിച്ചു. സലിം അഹമ്മദ് രചനയും സംവിധാനവും നിർവ്വഹിച്ച ഈ ചിത്രം ദേശീയ ആവാർഡുകൾ വാരി കൂട്ടി. ഇതിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരവും ലഭിച്ചു. അതോടെ ഹാസ്യനടനിൽ നിന്ന് രാജ്യത്തെ മുൻനിര അഭിനേതാവ് എന്ന പദവിയിലേക്ക് എത്തുകയായിരുന്നു. അബു എന്ന വൃദ്ധനായ അത്തറ് കച്ചവടക്കാരന്, തന്റെ സാമ്പത്തിക പരാധീനതകൾക്കിടയിലും മെക്കയിൽ ഹജ്ജു കർമം നിർവഹിക്കാനുണ്ടാകുന്ന മോഹവും, അതിനെ തുടർന്നുണ്ടാവുന്ന സംഭവവികാസങ്ങളും ആയിരുന്നു ഈ ചിത്രത്തിന്റെ ഇതിവൃത്തം. അബുവിനെ അവതരിപ്പിച്ചത് സലീംകുമാറായിരുന്നു.
2013ൽ ഭാരത് ബാല സംവിധാനം ചെയ്ത മാരിയാനിലൂടെ ധനുഷിനൊപ്പം തമിഴിൽ സലിംകുമാർ വേഷമിട്ടു. 2015ൽ പുറത്തിറങ്ങിയ ദീപു കരുണാകരന്റെ ഫയർമാനിലെ നരേന്ദ്രൻ ആചാരി എന്ന കഥാപാത്രവും ചിരിപ്പിക്കുകയായിരുന്നില്ല. അല്പം ദുരൂഹതനിറഞ്ഞ കഥാപാത്രമായിരുന്നു അത്. 2015ൽ കമ്പാർട്ട്മെന്റ് എന്ന സിനിമ യിലൂടെ സംവിധായകന്‍റെ കുപ്പായവും തനിക്ക് ചേരുമെന്ന് തെളിയിച്ചു. ഈ ചിത്രത്തിന്‍റെ നിർമാണവും സംവിധാനവും വിതരണവും പ്രചാരണവും എല്ലാം സ്വന്തം നിലയിൽ നടത്തുകയായിരുന്നു. ഹാസ്യത്തിന് പ്രാധാന്യം നൽകി ഒരുക്കിയ ഡോക്യു-ഫിക്ഷൻ വിഭാഗത്തിൽപ്പെട്ട ചിത്രമായിരുന്നു അത്. ശാരീരിക വൈകല്യങ്ങളുള്ള കുട്ടികളുടെ ജീവിതത്തെക്കുറിച്ചാണ് ചിത്രം പറഞ്ഞത്.
സലിംകുമാർ ദേശീയ അവാർഡ് നേടിയ വേഷത്തിൽ
സമൂഹത്തിൽ പലപ്പോഴും ഒറ്റപ്പെട്ടുപോകുന്ന ഇത്തരം ആളുകളുടെ ലോകം ഒരു ട്രെയിൻ കംപാർട്ട്മെന്റ് പോലെയാണെന്ന് സൂചിപ്പിക്കാനാണ് ഈ പേര് നൽകിയത്. 2017ൽ കറുത്ത ജൂതൻ എന്ന സിനിമയുമായി രംഗത്തെത്തി. വർഷങ്ങൾക്ക് മുൻപ് കേരളത്തിലേക്ക് കുടിയേറിപാർത്ത ഒരു വിഭാഗം ജൂതരുടെ ജീവിതമാണ് സിനിമയിൽ ദൃശ്യവൽക്കരിച്ചത്. രചനയും തിരക്കഥയും സംവിധാനവും സലീംകുമാറാണ് നിർവഹിച്ചത്. ഇതിൽ കേന്ദ്ര കഥാപാത്രമായ ആരോൺ ഇല്യാഹുവിനെ അവതരിപ്പിച്ചത് സലിം കുമാറാണ്. 2018ൽ ചിരിപ്രാധാന്യമുള്ള ദൈവമേ കൈതൊഴാം കെ. കുമാർ ആകണം എന്ന ചിത്രവുമായി എത്തി. അതിന്‍റെ രചനയും സംവിധാനവും സലീംകുമാറായിരുന്നു. നെടുമുടി വേണുവിന്റെ 500-ാമത്തെ ചിത്രമായിരുന്നു അത്. 2012ൽ മായാബസാർ എന്ന ബംഗാളി ചിത്രത്തിലൂടെയാണ് മറുനാടൻ ഭഷാ സിനിമയിൽ അദ്ദേഹം അരങ്ങേറ്റം കുറിച്ചത്. 2013ൽ ഊംഗ എന്ന ഒറിയ ചിത്രത്തിൽ കുഞ്ഞാ എന്ന കഥാപാത്രമായി വേഷമിട്ടു. 2014ൽ അപ്പാവിൻ മീസൈ, നെടുഞ്ചാലൈ എന്നീ തമിഴ് സിനിമകളിലും കഥാപാത്രങ്ങളെ അവതരിപ്പിച്ചു.


