2026 ഫിഫ ലോകകപ്പ്; ഉദ്ഘാടന വേദിയിൽ വീണ്ടും പാടിത്തിമിർക്കാൻ ബോളിവുഡ് താരം നോറ ഫത്തേഹി
text_fieldsകാനഡ: ലോകമെങ്ങുമുള്ള ഫുട്ബോൾ ആരാധകർ ഉറ്റുനോക്കുന്ന 2026 ഫിഫ ലോകകപ്പിന്റെ കാനഡയിലെ ഉദ്ഘാടന ചടങ്ങിൽ ബോളിവുഡ് നടി നോറ ഫത്തേഹി അവതാരകയായും ഗായികയായും എത്തും. ജൂൺ 12ന് ടോറന്റോയിലെ ബി.എം.ഒ ഫീൽഡിൽവെച്ചാണ് ഉദ്ഘാടന മാമാങ്കം അരങ്ങേറുന്നത്. ഇതാദ്യമായാണ് ഒരു ആഗോള കായിക മാമാങ്കത്തിന്റെ ഉദ്ഘാടന ചടങ്ങിൽ നോറ ഗായികയായും പെർഫോമറായുമുള്ള ഇരട്ട വേഷത്തിൽ പ്രത്യക്ഷപ്പെടുന്നത്.
ലോകപ്രശസ്തരായ കലാകാരന്മാരുടെ വലിയൊരു നിരതന്നെ ടോറന്റോയിലെ വേദിയിൽ അണിനിരക്കുന്നുണ്ട്. അലാനിസ് മോറിസെറ്റ്, അലസിയ കാര, എലിയാന, ജെസ്സി റെയസ്, മൈക്കൽ ബബിൾ, സഞ്ജോയ്, വെജിഡ്രീം, വില്യം പ്രിൻസ് എന്നിവരും നോറയ്ക്കൊപ്പം ഉദ്ഘാടന ചടങ്ങിന് മാറ്റുകൂട്ടും. അതേസമയം, അമേരിക്കയിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങുകളിൽ അനിത, ഫ്യൂച്ചർ, കാറ്റി പെറി, ലിസ, റെമ, റ്റൈല തുടങ്ങിയ ആഗോള സംഗീത ഇതിഹാസങ്ങളും മാറ്റുരക്കുമെന്ന് ഫിഫ അറിയിച്ചു.
2022ലെ ഖത്തർ ലോകകപ്പിലും നോറ ഫത്തേഹി ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചിരുന്നു. നൃത്തത്തിലൂടെയും സ്റ്റേജ് ഷോകളിലൂടെയും അന്താരാഷ്ട്ര തലത്തിൽ വലിയ ആരാധകവൃന്ദത്തെ സ്വന്തമാക്കിയ നോറയുടെ പ്രശസ്തി കണക്കിലെടുത്താണ് ഫിഫ വീണ്ടും താരത്തെ ക്ഷണിച്ചിരിക്കുന്നത്. ടി20 ലോകകപ്പ് ഉൾപ്പെടെയുള്ള പ്രമുഖ കായിക മേളകളിലും നോറ നേരത്തെ സാന്നിധ്യമറിയിച്ചിരുന്നു.
ലോകകപ്പ് വേദിയിലെ പ്രകടനത്തിന് മുന്നോടിയായി നോറയുടെ പുതിയ ഐ-പോപ്പ് ട്രാക്ക് 'ബോഡി റോൾ' പുറത്തിറങ്ങാനിരിക്കുകയാണ്. പ്രശസ്ത റാപ്പർ ഹണി സിങുമായി ഒന്നിക്കുന്ന ഈ ഗാനം ശനിയാഴ്ചയാണ് റിലീസ് ചെയ്യുക. ലോകകപ്പ് ഇരട്ട പ്രവേശനത്തിനൊപ്പം പുതിയ ഗാനത്തിന്റെ റിലീസും നോറയുടെ കരിയറിലെ സുപ്രധാന നാഴികക്കല്ലായി മാറും.


