2025ൽ ആമിർ ഖാൻ നിരസിച്ച മൂന്ന് സിനിമകൾ...
text_fieldsബോളിവുഡ് സൂപ്പർസ്റ്റാർ ആമിർ ഖാൻ ലോകേഷ് കനകരാജിന്‍റെ കൂലിക്ക് ശേഷം തന്‍റെ പുതിയ സിനിമകളൊന്നും പ്രഖ്യാപിച്ചിട്ടില്ല. അതിന് മുമ്പ് അദ്ദേഹത്തിന്‍റേതായി പുറത്തിറങ്ങിയ സ്‌പോർട്‌സ് കോമഡി ചിത്രമായ സിത്താരേ സമീൻ പറിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. കൂലിയിൽ അതിഥി വേഷമായിരുന്നു ആമിർ ഖാന്‍റേത്. ചിത്രത്തിന് സമ്മിശ്ര പ്രതികരണത്തിന് ലഭിച്ചത്. റിപ്പോർട്ടുകൾ പ്രകാരം, 2025ൽ ഒന്നിലധികം പ്രോജക്ടുകളാണ് അദ്ദേഹം വേണ്ടെന്ന് വെച്ചത്.
വംശി പൈഡിപ്പള്ളി പ്രോജക്റ്റ്
ടോളിവുഡ് സംവിധായകൻ വംശി പൈഡിപ്പള്ളിയുടെ ദിൽ രാജു നിർമിക്കുന്ന ചിത്രത്തിനായി ആമിർ ഖാൻ ചർച്ചകൾ നടത്തിവരികയായിരുന്നു. എന്നാൽ ആ സിനിമ ആമിർ ചെയ്യുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. ചിത്രം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് താരം പിന്മാറുകയായിരുന്നു. ആമിറിന് പകരമായി സൽമാൻ ഖാൻ അഭിനയിക്കുമെന്നാണ് വിവരം. ആമിർ ഖാന്‍റെ പിന്മാറ്റത്തിനുള്ള കാരണങ്ങൾ വ്യക്തമല്ല. കഥയുടെ സാധ്യതകൾ നടന് പൂർണമായി ബോധ്യപ്പെട്ടിട്ടില്ലെന്ന് അണിയറപ്രവർത്തകർ പറയുന്നു.
സൂപ്പർഹീറോ ചിത്രം
കൂലിയിലെ അതിഥി വേഷത്തിന് ശേഷം, ആമിറും സംവിധായകൻ ലോകേഷ് കനകരാജും ചേർന്ന് ലോകേഷിന്റെ ഹിന്ദി അരങ്ങേറ്റം ലക്ഷ്യമിട്ട് ഒരു വമ്പൻ സൂപ്പർഹീറോ ചിത്രം ആസൂത്രണം ചെയ്തിരുന്നു. വലിയ തോതിലുള്ള ആക്ഷൻ രംഗങ്ങൾ നിറഞ്ഞ ചിത്രമായിരുന്നു ഇത്. എന്നാൽ കൂലിക്ക് മോശം പ്രതികരണം ലഭിച്ചതോടെ ആമിർ അത് ഉപേക്ഷിക്കാൻ തീരുമാനിച്ചതായി റിപ്പോർട്ടുണ്ട്. ആമിറിനെ ഒരു സൂപ്പർഹീറോയായി കാണാൻ കാത്തിരുന്ന നിരവധി ആരാധകരെ ഈ തീരുമാനം നിരാശരാക്കിയിട്ടുണ്ട്.
ദാദാസാഹിബ് ഫാൽക്കെ ജീവചരിത്രം
രാജ്കുമാർ ഹിരാനി സംവിധാനം ചെയ്ത ദാദാസാഹിബ് ഫാൽക്കെ എന്ന ജീവചരിത്ര സിനിമയിൽ നിന്നും ആമിർ പിന്മാറി. ത്രീ ഇഡിയറ്റ്‌സിനും പി.കെക്കും ശേഷം ഇരുവരും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമായിരുന്നു ഇത്. അന്തിമ തിരക്കഥയിൽ ആമിറും ഹിരാനിയും തൃപ്തരല്ലെന്ന് വൃത്തങ്ങൾ പറയുന്നു. ആമിർ ഇപ്പോൾ 20 ഓളം സ്ക്രിപ്റ്റുകൾ കേൾക്കുകയാണെന്നും 2026ന്റെ തുടക്കത്തിൽ തന്റെ പുതിയ പ്രോജക്റ്റ് പ്രഖ്യാപിക്കാൻ പദ്ധതിയിടുന്നു എന്നുമാണ് വിവരം.


