'ദംഗല്‍' ആദ്യം നിരസിച്ച ചിത്രം, കരിയര്‍ അവസാനിപ്പിക്കാൻ ശ്രമിച്ചുവെന്ന് സംശയിച്ചു -ആമിര്‍ ഖാന്‍
text_fieldsബോളിവുഡിൽ ഏറ്റവും കൂടുതൽ പണം വാരിയ ചിത്രങ്ങളിൽ ഒന്നാണ് ആമിർ ഖാൻ നായകനായെത്തിയ ‘ദംഗൽ’. നിതേഷ് തിവാരിയുടെ സംവിധാനത്തിൽ 2016ൽ ഇറങ്ങിയ ബയോഗ്രഫിക്കൽ സ്പോർട്സ് ഡ്രാമ 2000 കോടി രൂപയാണ് ആഗോള ബോക്സ് ഓഫിസിൽനിന്ന് വാരിക്കൂട്ടിയത്. ഗുസ്തി പരിശീലകനായ മഹാവീർ സിങ്ങിന്റെയും മക്കളുടെയും കഥയാണ് ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയത്. ദംഗലിനെ തന്റെ കരിയറിൽ തന്നെ ഏറ്റവും നന്നായി അഭിനയിച്ച ചിത്രമായി കണക്കാക്കുന്നുവെന്ന് ആമിർ ഖാൻ വ്യക്തമാക്കിയിരുന്നു.
എന്നാൽ ഈ പ്രോജക്റ്റ് ഏറ്റെടുക്കാൻ ആദ്യം വിമുഖത കാണിച്ചിരുന്നുവെന്നും സൽമാൻ ഖാനും ഷാരൂഖ് ഖാനും തന്റെ കരിയർ അവസാനിപ്പിക്കാൻ തിരക്കഥയുമായി സംവിധായകനെ അയച്ചതാണെന്ന് കരുതിയെന്നും ആമിർ വെളിപ്പെടുത്തി. അടുത്തിടെ നടന്ന അഭിമുഖത്തിലാണ് ആമിർ ഇക്കാര്യം വ്യക്തമാക്കിയത്.
ഞാന്‍ സിനിമകള്‍ തിരഞ്ഞെടുക്കുന്നത് ട്രന്‍ഡ് നോക്കിയല്ല മറിച്ച് തിരക്കഥകള്‍ ഇഷ്ടമാകുന്നത് അനുസരിച്ചാണ്. ബോക്സ് ഓഫീസ് പ്രവചനങ്ങളെക്കാള്‍ വ്യക്തിപരമായ ബോധ്യങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രങ്ങള്‍ തിരഞ്ഞെടുക്കുന്നത്. അതിന് ഉദാഹരണമാണ് ലഗാന്‍, പീപിലി ലൈവ്, ദംഗല്‍ എന്നിവ -ആമിര്‍ ഖാന്‍ പറഞ്ഞു. സല്‍മാന്‍ ഖാനും ഷാരൂഖ് ഖാനും തന്റെ കരിയര്‍ അവസാനിപ്പിക്കാന്‍ തിരക്കഥയുമായി സംവിധായകനെ തന്റെ അടുത്തേക്ക് അയച്ചതാണോ എന്ന് സംശയിച്ചെന്നും താരം തമാശയായി പറഞ്ഞു.
ദംഗലിന്‍റെ തിരക്കഥ ഇഷ്ടപ്പെട്ടെങ്കിലും മഹാവീര്‍ സിങ് ഫോഗട്ട് എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ താന്‍ ഉടന്‍ തയ്യാറല്ലെന്ന് ആമിര്‍ പറഞ്ഞു. ധൂം 3 പൂര്‍ത്തിയാക്കിയപ്പോള്‍, വളരെ ചെറുപ്പവും ഫിറ്റുമായി ശരീരമായിരുന്നു. അതില്‍ നിന്നും തടിച്ച ശരീരമുള്ള വൃദ്ധനായ പിതാവിനെ അവതരിപ്പിക്കാന്‍ താന്‍ മടിച്ചുവെന്നും ആമിർ പറയുന്നു.
എന്നാല്‍ ചിത്രത്തില്‍ ആമിര്‍ തന്നെ നായകന്‍ ആകണമെന്ന നിലപാടില്‍ തിവാരി ഉറച്ചു നിന്നു. 10-15 വര്‍ഷം കാത്തിരിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ സംവിധായകന്‍ അത് സമ്മതിച്ചത് അത്ഭുതകരമായിരുന്നുവെന്നും താരം പറഞ്ഞു. ആദ്യമൊക്കെ നിരസിച്ചെങ്കിലും ദംഗലിന്റെ തിരക്കഥ തനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടതായും ആമിർ പ്രതികരിച്ചു.