‘സമ്പൂർണനായ സൂപ്പർതാരം; സ്നേഹമുള്ള മനുഷ്യൻ, ലവ് യൂ...’, ഷാറൂഖ് ഖാനെ പുകഴ്ത്തി ബ്രെറ്റ് ലീ
text_fieldsബ്രെറ്റ് ലീ, ഷാറൂഖ് ഖാൻ
മെൽബൺ: ബോളിവുഡിന്റെ കിങ് ഖാനെ പുകഴ്ത്തി ആസ്ട്രേലിയൻ ക്രിക്കറ്റിലെ വിഖ്യാത താരം ബ്രെറ്റ് ലീ. ഷാറൂഖ് ഖാൻ ഉടമസ്ഥനായ ഐ.പി.എൽ ടീം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ താരമായിരുന്നു ബ്രെറ്റ് ലീ. അന്ന് ടീമിനൊപ്പമുണ്ടായിരുന്ന നാളുകളെക്കുറിച്ച് സംസാരിക്കുന്നതിനിടയിലാണ് പഴയ ‘മുതലാളി’ക്കുമേൽ ലീ പ്രശംസാ വചനങ്ങൾ ചൊരിഞ്ഞത്.
മൂന്നു സീസണിൽ കിങ്സ് ഇലവൻ പഞ്ചാബിനു വേണ്ടി പന്തെറിഞ്ഞ ശേഷമാണ്, അതിവേഗ ബൗളിങ്ങിന്റെ അപ്പോസ്തലനായിരുന്ന ബ്രെറ്റ് ലീ കൊൽക്കത്തയിലേക്ക് കൂടുമാറിയത്. 2011 മുതൽ 2013 വരെയുള്ള സീസണുകളിലായി നൈറ്റ്റൈഡേഴ്സിനൊപ്പം 34 മത്സരങ്ങളിൽനിന്ന് ലീ 24 വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. 2012ൽ ടീമിന്റെ കിരീട വിജയത്തിലും നിർണായക സാന്നിധ്യമായി.
താരത്തിന്റെ യൂട്യൂബ് ചാനലിൽ ഒരു പാകിസ്താൻ ആരാധകൻ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് ഷാറൂഖിനെക്കുറിച്ച് ബ്രെറ്റ് ലീ വാചാലനായത്. ‘ഹലോ, സൂപ്പർസ്റ്റാർ..ഞാൻ ലാഹോറിൽനിന്നാണ്! ഷാറൂഖ് ഖാനെ കണ്ടുമുട്ടിയതിനെക്കുറിച്ചും അദ്ദേഹത്തോടൊപ്പമുള്ള വിശേഷങ്ങളും പറയൂ..’ എന്നായിരുന്നു ആരാധകന്റെ ആവശ്യം.
‘ഷാറൂഖ് ഖാൻ എല്ലാംതികഞ്ഞ സൂപ്പർ താരമാണ്. വളരെ സ്നേഹമുള്ള മനുഷ്യൻ എന്ന് അദ്ദേഹത്തെ എളുപ്പം ചുരുക്കിപ്പറയാം. മാന്യനെന്നാൽ അത് അദ്ദേഹമാണ്. ലോകത്ത് ഏറ്റവും പ്രതിഫലം പറ്റുന്ന, ഏറ്റവും പ്രശസ്തനായ നടനാണ് ഷാറൂഖ് ഖാൻ. അദ്ദേഹത്തിനൊപ്പം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ മൂന്നു വർഷം ചെലവിടാൻ കഴിഞ്ഞ അവസരത്തെ ഏറെ വിലമതിക്കുന്നു. ഇത്രയും നേട്ടങ്ങളും അംഗീകാരങ്ങളും പ്രശസ്തിയുമൊക്കെ കരഗതമാക്കിയിട്ടും വളരെ വിനയാന്വിതനാണ് അദ്ദേഹം. സമ്പൂർണനായ സൂപ്പർതാരം. ഞങ്ങൾ നിങ്ങളെ സ്നേഹിക്കുന്നു, ഷാറൂഖ്’ -ലീ പ്രതികരിച്ചു.