ഭ്രമയുഗാന്തരം; കഥാപാത്രങ്ങളിലേക്ക് പരകായപ്രവേശം നടത്തുന്ന മമ്മൂട്ടി
text_fieldsചിരിയാണോ? അല്ല... വന്യതയും കൊലവിളിയും നിറഞ്ഞ അട്ടഹാസം. കൂരിരുട്ടിലും വെളിച്ചത്തിലും പെയ്തു തീരാത്ത പേമാരിയിലും അധികാര ഗർവോടെ വിഹരിച്ചിരുന്ന അയാൾ ഒരു മനുഷ്യനായിരുന്നില്ല. ശ്രദ്ധിച്ചുനോക്കിയാൽ അറിയാം അതു മനുഷ്യനല്ല. മറ്റൊരാളുടെ രൂപം കവർന്നെടുത്ത അതിമാനുഷൻ...
ഭാവപ്പകർച്ചകളിലൂടെ കഥാപാത്രങ്ങളിലേക്ക് പരകായപ്രവേശം നടത്തുന്ന മമ്മൂട്ടി എന്ന മഹാനടന്റെ നടനവിസ്മയം. തന്നിലെ വ്യക്തിയെ മനഃപൂർവം മറച്ചുവെച്ച് രൂപത്തിലും ഭാവത്തിലും നടത്തത്തിലുമെല്ലാം കൊടുമൺ പോറ്റിയെ അനുകരിച്ച്, തന്റെ സ്വരൂപമായ ചാത്തനെ ചിരിയിൽ ഒളിപ്പിച്ച് കാണികളുടെ മനസ്സിൽ പകിട കളിക്കാൻ മമ്മൂട്ടിക്ക് മാത്രമേ കഴിയൂ. 70കളിലും തന്നിലെ നടനെ മിനുക്കിയെടുത്ത് അഭിനയ കലയിൽ പുതിയ പാഠങ്ങൾ കൂട്ടിച്ചേർത്തുകൊണ്ടിരിക്കുകയാണ് ഇന്നും മലയാളത്തിന്റെ മമ്മൂട്ടി.
കഥാപാത്രങ്ങൾ തെരഞ്ഞെടുക്കുമ്പോഴുള്ള സൂക്ഷ്മതയും കഥാപാത്രങ്ങളെക്കുറിച്ച് ആഴത്തിലുള്ള പഠനവും നിരീക്ഷണവും മമ്മൂട്ടിയെ വ്യത്യസ്തനാക്കിക്കൊണ്ടേയിരിക്കുന്നു. അതുകൊണ്ടുതന്നെ പുരസ്കാരം പ്രതീക്ഷിച്ചിട്ടല്ല ഒരു ചിത്രവും കഥാപാത്രവും ചെയ്യുന്നതെന്നും ഇതെല്ലാം സ്വാഭാവികമായി സംഭവിക്കുന്നതാണെന്നും നിറഞ്ഞ ചിരിയോടെ മറുപടി നൽകാൻ മമ്മൂട്ടിക്ക് കഴിയുന്നു. സ്വയം മിനുക്കിയെടുത്ത കണ്ണാടിപോലെ ഓരോ കഥാപാത്രങ്ങളിലും മമ്മൂട്ടിയിലെ നടൻ തിളങ്ങിക്കൊണ്ടിരിക്കുന്നു. കണ്ടു ശീലിച്ചവയോ കണ്ടുമറന്നവയോ അല്ല, കാണാകാഴ്ചകൾ ഇനിയും സമ്മാനിക്കാനുണ്ടെന്ന് അദ്ദേഹത്തിലെ നടൻ വിളിച്ചുപറഞ്ഞുകൊണ്ടേയിരിക്കുന്നു.
‘ഭ്രമയുഗത്തിലെ കഥാപാത്രവും കഥയുമെല്ലാം വ്യത്യസ്തം. അതുകൊണ്ടാണ് ഇതു സംഭവിച്ചതും. ഇതൊരു യാത്രയാണ്. കൂടെ നടക്കാൻ ഒരുപാടു പേരുണ്ടാകും. അവരെയും നമുക്കൊപ്പം കൂട്ടാം. ഇതൊരു ഓട്ടമത്സരമല്ലല്ലോ...’ ഭ്രമയുഗത്തിലൂടെ വീണ്ടും മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം തേടിയെത്തിയതിന്റെ സന്തോഷം മമ്മൂട്ടി പങ്കുവെച്ചതിങ്ങനെ.
ഭാവ ചലനങ്ങളെ ഉൾക്കൊണ്ട് ശരീരവും മനസ്സും അതിനായി പാകപ്പെടുത്തിയെടുത്താൽ മാത്രമേ കഥാപാത്രത്തിലേക്ക് ഏതു നടനും ഇറങ്ങിച്ചെല്ലാൻ കഴിയൂ. അത്തരത്തിൽ സംഭാഷണത്തിലൂടെയും ശബ്ദത്തിലൂടെയും നോട്ടത്തിലൂടെയും സൂക്ഷ്മമായ ഭാവചലനങ്ങളിലൂടെയും കഥാപാത്രങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന നടനാണ് മമ്മൂട്ടി. മേലേടത്ത് രാഘവൻനായരും പ്രാഞ്ചിയേട്ടനും അഹമ്മദ് ഹാജിയും ചന്തുവും മോനിച്ചനും ബാലൻമാഷും പുട്ടുറുമീസുമെല്ലാം വ്യത്യസ്തമാകുന്നത് അങ്ങനെയാണ്. മമ്മൂട്ടിയെന്ന വ്യക്തിത്വത്തിന്റെ നേരെ വിപരീത ദിശയിലുള്ള കഥാപാത്രങ്ങളായിരുന്നു ഇവയോരോന്നും. തന്നിലെ നടന് പൂർണരൂപം കൈവരുത്താൻ തന്റെ ശരീരത്തെയും ശബ്ദത്തെയുമെല്ലാം അദ്ദേഹം മറ്റൊരാളായി സ്വയം മെരുക്കിയെടുക്കുന്നു. ഓരോ കഥാപാത്രങ്ങളുടെയും വൈകാരിക ദേഷ്യ പ്രകടനങ്ങളും സ്വാഭാവിക പ്രതികരണങ്ങളും എങ്ങനെയാണെന്ന് മമ്മൂട്ടിയിലെ നടന്റെ ഭാവചലനങ്ങളിൽ പ്രവചനാതീതം. തന്റെയോ ഇതുവരെ ചെയ്തുവെച്ച തന്റെ കഥാപാത്രങ്ങളുടെയോ പകർപ്പോ ആവർത്തനമോ തുടർന്നുവരുന്ന കഥാപാത്രങ്ങളിൽ എവിടെയും കാണരുതെന്ന നിർബന്ധബുദ്ധിയും അദ്ദേഹത്തിലെ നടൻ പുലർത്തിപ്പോന്നു.
നന്മനിറഞ്ഞ കഥാപാത്രങ്ങളിലൂടെ തന്നിലെ നടനെ പ്രത്യേക ചട്ടക്കൂടിൽ ഒതുക്കിയിടാൻ അദ്ദേഹം ഒരിക്കൽപോലും ശ്രമിച്ചിട്ടില്ല. വിധേയനും പാലേരി മാണിക്യവും മുന്നറിയിപ്പും പുഴുവും ഭ്രമയുഗവുമെല്ലാം പ്രധാന കഥാപാത്രങ്ങൾക്ക് നിശ്ചയിച്ചുപോന്നിരുന്ന ‘എഴുതപ്പെട്ട നന്മ നിറഞ്ഞ സ്വഭാവ -സവിശേഷത’കളിൽനിന്ന് നേർവിപരീതമായവയായിരുന്നു. തന്നിലെ നടൻ അർഹിക്കുന്ന ആംഗ്യ-നടന ഭാവ ചലനങ്ങൾ പുറത്തെടുക്കാനും പുതുമ സൃഷ്ടിക്കാനും പ്രതിനായക കഥാപാത്രങ്ങളിലൂടെ കഴിയുമെന്ന് അദ്ദേഹം തെളിയിച്ചുകൊണ്ടിരിക്കുന്നു.
അധികാരത്തിന്റെ ഗർവിൽ നെഞ്ചുവിരിച്ച് ആരെയും കൂസാത്ത പട്ടേലരായും അഹമ്മദ് ഹാജിയായും കൊടുമൺ പോറ്റിയായുമെല്ലാം ആടിത്തിമിർക്കുമ്പോഴും എല്ലാം സഹിച്ചും ത്യജിച്ചും കഴിയുന്ന പൊന്തൻമാടയായി മാറാനും മറ്റുള്ളവർക്ക് ഒരു കൈ അകലത്തിൽ അകറ്റിനിർത്താൻ തോന്നുന്ന ദുസ്വഭാവങ്ങളുള്ള എന്നാൽ, മനുഷ്യത്വമുള്ള വാറുണ്ണിയാകാനും നിഷ്കളങ്കനായ പുട്ടുറുമീസാകാനും മമ്മൂട്ടിക്ക് അനായാസം കഴിയുന്നു. ഇനിയും തന്നിലെ നടന് പുതുതലങ്ങളിലൂടെ പടർന്നുകയറാൻ കഴിയുമെന്ന് മമ്മൂട്ടി വിളിച്ചുപറഞ്ഞുകൊണ്ടേയിരിക്കുന്നു. പതിറ്റാണ്ടുകളായി നമ്മെ അതിശയിപ്പിച്ചുകൊണ്ടിരിക്കുന്ന കഥാപാത്രങ്ങളെപ്പോലെ, ഇനിയും മമ്മൂട്ടിയിലെ നടന് കടന്നുകയറാൻ കഴിയുന്ന നിഗൂഢഭാവ പ്രപഞ്ചങ്ങൾ പ്രവചനാതീതം.


