ഓർമകളുടെ പൂക്കാലം
text_fieldsഭാര്യ ധന്യക്കും മക്കളായ ദേവരാജൻ മനോജ്, ജഗദ് മനുവിനുമൊപ്പം
ഓരോ ഓണക്കാലവും ഓർമകളുടെ പൂക്കാലം കൂടിയാണ് നടനും നാടകപ്രവർത്തകനുമായ മനോജിന്. സിനിമാത്തിരക്കുകൾക്കിടയിൽ ഓണവിേശഷങ്ങൾ പങ്കുവെക്കുകയാണ് അദ്ദേഹം
മാനുഷരെല്ലാരും ഒന്നുപോലെ ആമോദത്തോടെ വസിച്ചിരുന്ന ഒരു കാലഘട്ടത്തിന്റെ ഓര്‍മ പുതുക്കുന്നതാണ് ഓരോ ഓണവും. എന്നാൽ, ഓർമകളിലെ ഓണത്തിൽ കുട്ടിക്കാലമാണ് നിറഞ്ഞുനിൽക്കുന്നത്. അക്കാലത്തെ രസകര സംഭവങ്ങളാണ് മാധുര്യമേറിയതായി തോന്നുന്നത്. ഓണക്കാലമായാൽ പാടത്തും പറമ്പിലും ഓണപ്പൂക്കൾകൊണ്ട് നിറയും. പൂക്കളിറുത്തും പൂക്കളമൊരുക്കിയും അത്തം മുതല്‍ തിരുവോണനാളുവരെ ആഘോഷങ്ങളാണ്. പുത്തനുടുപ്പിട്ട്, സദ്യയുണ്ട്, ഓണക്കളികള്‍ കളിച്ച് തിരുവോണം കെങ്കേമമാക്കുമായിരുന്നു. എന്റെ ചെറുപ്പത്തിൽ ഓണവിഭവങ്ങളിൽ വളരെ അപൂർവം വീടുകളിൽ മത്സ്യവും മാംസവും ഒക്കെ ഉണ്ടാകുമായിരുന്നു. എന്നാൽ, വിദ്യാലയങ്ങളിൽ ഇന്നത്തെ പോലെയുള്ള ഓണാഘോഷങ്ങൾ ഒന്നും നടക്കാറില്ല.
ഓണം അവധിയായാൽ ചേട്ടന്മാരും ചേച്ചിമാരും കൂട്ടുകാരുമൊക്കെയായി രാവിലെ തന്നെ ഞങ്ങളിറങ്ങും. പ്ലാവിലകൾ ശേഖരിച്ച് കുത്തിക്കൂട്ടി വലിയ ഒരു സഞ്ചിയും ചെറിയ സഞ്ചികളുമുണ്ടാക്കും. അതുമായി വയലിലേക്കിറങ്ങും. കൃഷ്ണപ്പൂ, തുമ്പപ്പൂ എല്ലാം ശേഖരിച്ച് ചെറിയ സഞ്ചിയിലിടും. അത് നിറയുമ്പോൾ വലിയ സഞ്ചിയിലേക്ക് മാറ്റും. പിന്നെ പറിച്ചെടുത്ത പൂക്കൾ കൊണ്ട് ഓണപ്പൂക്കളങ്ങളിടും. ഞങ്ങൾ സ്ഥിരം പൂക്കളമിടാറുണ്ട്. ഓണത്തിന് അത് ഒന്നുകൂടി ഡെക്കറേറ്റ് ചെയ്യും എന്ന് മാത്രം. ഇങ്ങനെയുള്ള പരിപാടികൾ ഉച്ചക്ക് രണ്ടുമണിവരെ തുടരും. പിന്നെ അതിനുശേഷം ക്ലബുകളിലും നാട്ടിലും നടക്കുന്ന ഓണാഘോഷങ്ങളിലും പങ്കെടുത്തിരുന്നു. അന്നത്തെ കളികളായ ഓണത്തല്ല്, വെള്ളത്തിൽ പന്തുകളി തുടങ്ങിയവയുമുണ്ടാവും. പിന്നെ മാൽക്കം എന്ന് പറയുന്ന ഒരു കളിയുണ്ടായിരുന്നു.
അടക്കാമരം തോൽ ചെത്തിയിട്ട് അതിൽ മുഴുവൻ ഗ്രീസോ ഓയിലോ തേച്ച് കുഴിച്ചിടും. അതിനു മുകളിൽ ഫസ്റ്റ് പ്രൈസും സെക്കൻഡ് പ്രൈസും ഒക്കെ കെട്ടിത്തൂക്കും. അതിൽ കയറി സമ്മാനമെടുക്കണം. മൂന്നോ അഞ്ചോ പ്രാവശ്യം ഒരാൾക്ക് അവസരം കൊടുക്കും, അതായിരുന്നു മാൽക്കം. പിന്നെ എല്ലായിടത്തുമുള്ള പോലെ കണ്ണുകെട്ടി കലമുടക്കൽ, കസേരകളി തുടങ്ങിയ മത്സരങ്ങളുമുണ്ടാകും. മറ്റൊന്ന് ഓണക്കോടിയായിരുന്നു. അക്കാലത്ത് ഓണത്തിന് മാത്രമാണ് ഒരു നല്ല ഉടുപ്പ് ലഭിക്കുക. അത് ഒരു വർഷത്തേക്കുള്ള വസ്ത്രമായിരുന്നു. ഇന്ന് നോക്കുമ്പോൾ അന്നായിരുന്നു രസകരമായ ഓണാഘോഷം. ഇന്ന് ഒന്നോ രണ്ടോ മാസം കൂടുമ്പോൾ ഉടുപ്പുകളെടുക്കുന്നു.
അന്നത്തെപ്പോലെ തുമ്പപ്പൂവും കൃഷ്ണപ്പൂവുമൊന്നും ഇന്ന് കാണാനില്ല. വയലുകളും പറമ്പുകളുമൊക്കെ വീടുകളായി മാറി. അതോടെ അത്തരം പൂക്കളും ചെടികളും അപ്രത്യക്ഷമായി. ഇപ്പോൾ ഓണപ്പൂക്കൾ മുഴുവൻ വിലകൊടുത്തു വാങ്ങുകയാണ്. തമിഴ്നാട്ടിൽ നിന്നെത്തുന്ന പൂക്കളാണ് ഉപയോഗിക്കുന്നത്. ഇപ്പോൾ കേരളത്തിൽ ചിലയിടങ്ങളിൽ ജമന്തിയുടെയും മറ്റും പൂപ്പാടങ്ങൾ ഒരുക്കാൻ തുടങ്ങിയിട്ടുണ്ട്. എന്നാലും പഴയകാല പൂവിറുത്തുള്ള പൂക്കളങ്ങൾ ഒരുക്കുന്നതിന് ഒരു തനിമയും കൂട്ടായ്മയും ഒക്കെ ഉണ്ടായിരുന്നു.
ചിങ്ങത്തിലെ അത്തം മുതൽ രണ്ടിടത്തായി തൃക്കാക്കരപ്പനെ വെക്കാൻ തുടങ്ങും. അന്ന്, അതിനെ മാതേവർ എന്നാണ് പറഞ്ഞിരുന്നത്. അരിമാവുകൊണ്ട് അണിഞ്ഞ മുറ്റത്ത് തൃക്കാക്കരപ്പനെ വെക്കും
അതൊക്കെ നഷ്ടപ്പെട്ടതിന്റെ ഒരു ഗൃഹാതുരതയുണ്ട്. ഇന്നത്തെ തലമുറക്ക് ഇതൊക്കെയായിരിക്കും പുതുമ. കാലങ്ങൾ കഴിയുമ്പോൾ അവർക്ക് ഇതൊക്കെ ഗൃഹാതുരത്വമായി മാറാം. ഓണക്കാലത്തെക്കുറിച്ച് പറയുമ്പോൾ അന്നത്തെ ഓണപ്പാട്ടുകളെ കുറിച്ച് പറയാതെ വയ്യ. ‘തിരുവോണത്തിൻ കോടിയുടുക്കാം...’ എന്ന ഗാനം അക്കാലത്ത് കേട്ട ഓണപ്പാട്ടുകളിൽ ഓർമകളിലേക്ക് ഓടിയെത്തുന്ന ഒരു ആൽബം സോങ്ങാണ്. സിനിമകളിൽ തന്നെ ഒരുപാട് ഓണപ്പാട്ടുകൾ അക്കാലത്ത് സമൃദ്ധമായി ഉണ്ടായിരുന്നു.
തിരുവോണം എന്ന സിനിമയിൽ എം.കെ. അർജുനൻ മാഷ് സംഗീതം നൽകി ശ്രീകുമാരൻ തമ്പി രചന നിർവഹിച്ച് വാണി ജയറാം പാടിയ ‘തിരുവോണപ്പുലരിതൻ തിരുമുൽക്കാഴ്ച വാങ്ങാൻ തിരുമുറ്റമണിഞ്ഞൊരുങ്ങീ...’ എന്ന ഗാനവും ‘ഈ ഗാനം മറക്കുമോ’ എന്ന ചിത്രത്തിലെ 'ഓണപ്പൂവേ പൂവേ പൂവേ ഓമൽപ്പൂവേ പൂവേ പൂവേ നീ തേടും മനോഹര തീരം ദൂരെ മാടിവിളിപ്പൂ...' എന്ന ഗാനവും ‘മിനിമോൾ’ എന്ന സിനിമയിലെ ‘കേരളം കേരളം കേളികൊട്ടുണരുന്ന കേരളം കേളീകദംബം പൂക്കും കേരളം കേരകേളീ സദനമാമെൻ കേരളം പൂവണി പൊന്നുംചിങ്ങം പൂവിളി കേട്ടുണരും...’ എന്ന ഗാനവും വിഷുക്കണി എന്ന ചിത്രത്തിലെ ‘പൂവിളി പൂവിളി പൊന്നോണമായി നീ വരൂ നീ വരൂ പൊന്നോണ തുമ്പീ ഈ പൂവിളിയിൽ മോഹം പൊന്നിൻ മുത്തായ് മാറ്റും പൂവയലിൽ നീ വരൂ ഭാഗം വാങ്ങാൻ...’ എന്നീ പഴയ ഗാനങ്ങളും അന്നും ഇന്നും എന്നും മനസ്സിനെ തൊട്ടുണർത്തുന്ന ഓണക്കാല സിനിമാ പാട്ടുകളാണ്. കൂടാതെ 2016ൽ പുറത്തിറങ്ങിയ ജേക്കബിന്റെ സ്വർഗരാജ്യം എന്ന ചിത്രത്തിലെ ‘തിരുവാവണി രാവ്മ നസ്സാകെ നിലാവ് മലയാളച്ചുണ്ടിൽ മലരോണപ്പാട്ട്...’ എന്ന ഗാനവും ഓണക്കാലത്ത് ഒഴിവാക്കാൻ പറ്റാത്ത ഗാനമാണ്.
സിനിമയിലെത്തിയതിനുശേഷം നാട്ടിലുണ്ടെങ്കിൽ പല ഓണാഘോഷങ്ങളിലും അതിഥിയായി പോകേണ്ടിവരുന്നുണ്ട്. നാടകത്തിലായിരുന്നപ്പോൾ പലയിടത്തും നാടകാവതരണം ഓണക്കാലത്ത് ആയിരിക്കും. അപ്പോൾ നാട്ടിലും ഉണ്ടാകാറില്ല. സിനിമയിലെത്തിയപ്പോൾ കഴിഞ്ഞ രണ്ട് കൊല്ലമായി ലൊക്കേഷനുകളിൽ ആയിരുന്നു ഓണാഘോഷം. എന്നാൽ, ഈ വർഷം വിദേശത്ത് ചിത്രീകരിക്കുന്ന ഒരു സിനിമയുടെ ഒരുക്കത്തിലായതുകൊണ്ട് ഭാര്യ ധന്യ, മക്കൾ ദേവരാജൻ മനോജ്, ജഗദ് മനു എന്നിവർക്കൊപ്പം വീട്ടിലുണ്ട്.