വിഷ്ണു വിശാലിനും ജ്വാല ഗുട്ടക്കും പെൺകുഞ്ഞ്; വിവാഹ വാർഷിക ദിനത്തിൽ സന്തോഷം പങ്കുവെച്ച് നടൻ
text_fieldsതമിഴ് നടൻ വിഷ്ണു വിശാലിനും ബാഡ്മിന്റൺ താരം ജ്വാല ഗുട്ടക്കും പെൺകുഞ്ഞിന് പിറന്നു. നാലാം വിവാഹവാർഷിക ദിനത്തിലാണ് ഇരുവർക്കും കുഞ്ഞ് ജനിച്ചത്. നടൻ തന്നെയാണ് സമൂഹ മാധ്യത്തിലൂടെ സന്തോഷവാർത്ത പങ്കുവെച്ചത്.
"ഞങ്ങൾക്ക് ഒരു പെൺകുഞ്ഞ് പിറന്നു.. ആര്യൻ ഇപ്പോൾ ഒരു മൂത്ത സഹോദരനാണ്... ഇന്ന് ഞങ്ങളുടെ നാലാമത്തെ വിവാഹ വാർഷികമാണ്... അതേ ദിവസം തന്നെ സർവശക്തനിൽ നിന്നുള്ള ഈ സമ്മാനത്തെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു... നിങ്ങളുടെ എല്ലാവരുടെയും സ്നേഹവും അനുഗ്രഹവും വേണം -വിഷ്ണു വിശാൽ എക്സ് പോസ്റ്റിൽ പറഞ്ഞു.
വിഷ്ണു വിശാൽ രണ്ട് ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്. ആദ്യ ഫോട്ടോ കുഞ്ഞിന്‍റെയും മാതാപിതാക്കളുടെയിം കൈകളുടെ ചിത്രമാണ്. അദ്ദേഹത്തിന്റെ മകൻ ആര്യൻ ആശുപത്രിയിൽ തന്റെ അനുജത്തിയെ കാണുന്നതാണ് രണ്ടാമത്തെ ചിത്രം.
2021 ഏപ്രിൽ 22ന് ഹൈദരാബാദിൽ നടന്ന സ്വകാര്യ ചടങ്ങിലാണ് വിഷ്ണു വിശാലും ജ്വാല ഗുട്ടയും വിവാഹിതരായത്. വിഷ്ണു വിശാലിന്‍റെ ആദ്യ വിവാഹത്തിലെ കുട്ടിയാണ് ആര്യൻ. രഞ്ജിനി നട്‌രാജ് ആയിരുന്നു വിഷ്ണുവിന്റെ ആദ്യഭാര്യ. 2010ൽ വിവാഹിതരായ ഇവർ 2018ല്‍ വേർപിരിഞ്ഞു. ജ്വാലയുടെയും രണ്ടാം വിവാഹമാണിത്. ബാഡ്മിന്റൻ താരം ചേതന്‍ ആനന്ദിനെയായിരുന്നു ജ്വാല മുന്‍പ് വിവാഹം ചെയ്തത്. 2011ൽ ഇരുവരും വേര്‍പിരിഞ്ഞു.