Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_right5 വർഷത്തിനിടയിൽ...

5 വർഷത്തിനിടയിൽ കുറച്ചത് 40 കിലോ: ശരീര ഭാരം കുറച്ചതിനെ കുറിച്ച് വെളിപ്പെടുത്തി നടി ഖുശ്ബു സുന്ദർ

text_fields
bookmark_border
5 വർഷത്തിനിടയിൽ കുറച്ചത് 40 കിലോ: ശരീര ഭാരം കുറച്ചതിനെ കുറിച്ച് വെളിപ്പെടുത്തി നടി ഖുശ്ബു സുന്ദർ
cancel

ന്യഡൽഹി: പ്രമുഖ നടിയും രാഷ്ട്രീയ പ്രവർത്തകയുമായ ഖുശ്ബു സുന്ദറിന്‍റെ ശാരീരിക മാറ്റം വലിയ ചർച്ചകൾക്ക് വഴി വെച്ചിരുന്നു. തന്‍റെ ശരീര ഭാരം കുറക്കാൻ പ്രചോദനം നൽകിയത് ഫാമിലി ഫിസിഷ്യനും കുടുംബവുമാണെന്നാണ് കുശ്ബു പറഞ്ഞത്. ഒരു ഓൺലൈൻ മീഡിയക്ക് അഭിമുഖം നൽകുകയായിരുന്നു അവർ.

ഖുശ്ബുവിന്‍റെ വാക്കുകൾ: 98.6 കിലോ ആയിരുന്നു എന്‍റെ ശരീര ഭാരം. ഒന്നര കിലോ കൂടി കൂടിയാൽ ഭാരം 100 തികയുമായിരുന്നു. എനിക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല, എന്നാൽ ഷൂട്ടിങ്ങിനിടയിലേറ്റ പരിക്കുകൾ കാരണം കാൽമുട്ടിന് പ്രശ്നങ്ങളുണ്ടായിരുന്നു. പടികൾ കയറുമ്പോൾ കാൽമുട്ടുകൾ വല്ലാതെ വേദനിക്കും. എനിക്ക് ഓടാനോ നടക്കാനോ കഴിഞ്ഞിരുന്നില്ല. അങ്ങനെയാണ് കാൽമുട്ട് വേദന കുറക്കാൻ ഡോക്ടർ ശരീരഭാരം കുറക്കാൻ നിർദ്ദേശിച്ചത്."

2021ലാണ് കുശ്ബു ഫിറ്റ്നസ് യാത്ര ആരംഭിച്ചത്. ഏകദേശം അഞ്ച് വർഷം കൊണ്ടാണ് അവർ 40 കിലോ ഭാരം കുറച്ചത്. "തന്‍റെ കുടുംബവും ഭർത്താവും (സംവിധായകനും നടനുമായ സുന്ദർ സി) ആണ് ഇതിന് തുടക്കമിട്ടത്, പിന്നാലെ മക്കളും ഒപ്പം കൂടി. അങ്ങനെയാണെങ്കിൽ എനിക്കും ഇത് ചെയ്തുകൂടേ എന്ന് ഞാൻ ചിന്തിച്ചു... ഭർത്താവിനൊപ്പം ഞാൻ നടത്തം തുടങ്ങി, വ്യായാമവും യോഗയും ചെയ്തു. ഇടയ്ക്ക് ശരീരഭാരത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുമായിരുന്നു. കൂടാതെ എനിക്ക് ഗ്ലൂട്ടൻ അലർജി പോലുള്ള അലർജികൾ ഉണ്ടെന്ന് എനിക്കറിയില്ലായിരുന്നു. എനിക്ക് ശരീരത്തിൽ നീർക്കെട്ട് ഉണ്ടായിരുന്നു, അതുകൊണ്ട് ചപ്പാത്തിയും മൈദയും പൂർണമായും ഒഴിവാക്കി." കുശ്ബു പറഞ്ഞു.

ഡോക്ടർമാരുടെ അഭിപ്രായങ്ങൾ

ഓരോ ചുവടുവെപ്പിലും കാൽമുട്ടുകൾ ശരീരത്തിന്‍റെ ഭാരം താങ്ങുന്നുണ്ടെന്ന് ജുപിറ്റർ ഹോസ്പിറ്റൽ താാനെയിലെ ഡോ. അമിത് സരഫ് പറയുന്നു. "ഭാരം കൂടുമ്പോൾ സന്ധികളിലെ ഭാരവും വർധിക്കും. കാലക്രമേണ ഇത് വേദനക്കും മരവിപ്പിനും കാരണമാകും, പ്രത്യേകിച്ച് ഓസ്റ്റിയോ ആർത്രൈറ്റിസ് സാധ്യതയുള്ളവരിൽ. എങ്കിലും, കാൽമുട്ട് വേദനക്ക് ഭാരം മാത്രമാണ് കാരണമെന്ന് പറയാനാകില്ല. പ്രായം, മുമ്പത്തെ പരിക്കുകൾ, പേശികളുടെ ബലം, സന്ധികളുടെ ആരോഗ്യം എന്നിവയും ഇതിൽ പങ്കുവഹിക്കുന്നുണ്ട്," അദ്ദേഹം പറഞ്ഞു.

98.6 കിലോ ഭാരമുള്ളപ്പോൾ അധിക ശരീരഭാരം കാൽമുട്ടുകളിൽ കൂടുതൽ സമ്മർദ്ദം ചെലുത്തുമെന്ന് ഡോ. അനൂപ് ഖത്രി (ഗ്ലെൻഡേൽസ് ഹോസ്പിറ്റൽ, മുംബൈ) പറഞ്ഞു. "അമിതവണ്ണം കാൽമുട്ടുകളിലെ യാന്ത്രിക സമ്മർദ്ദം വർധിപ്പിക്കുകയും നീർക്കെട്ടിന് കാരണമാവുകയും ചെയ്യും. ഇവ രണ്ടും വേദനക്കും കാൽമുട്ട് തേയ്മാനത്തിനും കാരണമാകുന്നു."

സമയമെടുത്ത് ശരീരഭാരം കുറക്കുന്നത് ആരോഗ്യകരമോ?

പല കേസുകളിലും പതുക്കെ ഭാരം കുറയ്ക്കുന്നതാണ് നല്ലതെന്ന് ഡോ. സരഫ് പറയുന്നു. "ശരീരഭാരം കുറയ്ക്കുന്നത് വേഗത്തിലാകണമെന്നില്ല. പതുക്കെയുള്ള ഈ പ്രക്രിയ ശരീരത്തിനും വ്യക്തിക്കും അതിനോട് പൊരുത്തപ്പെടാൻ സമയം നൽകുന്നു. പെട്ടെന്ന് ഭാരം കുറയ്ക്കുന്ന ഡയറ്റുകൾ വേഗത്തിൽ ഫലം തരുമെങ്കിലും, ആ ഫലം നിലനിർത്തുന്നത് ബുദ്ധിമുട്ടാണ്. കൃത്യമായ ഭക്ഷണം, പതിവ് വ്യായാമം, ഉറക്കം, സ്ഥിരമായ ശീലങ്ങൾ എന്നിവയിലൂടെയുള്ള ഭാരം കുറയ്ക്കൽ ശാശ്വതമായ ജീവിതശൈലി മാറ്റത്തിലേക്ക് നയിക്കുന്നു."

വേദനകളും മറ്റ് പ്രശ്നങ്ങളും കുറയുമോ?

ചെറിയ അളവിൽ ഭാരം കുറച്ചാൽ പോലും കാൽമുട്ടുകളിലെ ആയാസം കുറയ്ക്കാനും ദൈനംദിന കാര്യങ്ങൾ എളുപ്പമാക്കാനും സഹായിക്കും. നടത്തം, പടികൾ കയറുന്നത് തുടങ്ങിയ പ്രവർത്തനങ്ങൾ എളുപ്പമാകും. ദീർഘകാലാടിസ്ഥാനത്തിലുള്ള ഭാരം നിയന്ത്രിക്കൽ രക്തത്തിലെ പഞ്ചസാരയുടെ അളവ്, രക്തസമ്മർദ്ദം എന്നിവ മെച്ചപ്പെടുത്തുകയും ഹൃദ്രോഗ സാധ്യത കുറക്കുകയും ചെയ്യും.

ശരീരഭാരം കുറയ്ക്കുന്നത് ഒരു മത്സരമല്ല. കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ ഭാരം കുറയ്ക്കുകയല്ല, മറിച്ച് ആരോഗ്യത്തോടെ ഇരിക്കുകയും ആ പുരോഗതി നിലനിർത്തുകയുമാണ് ലക്ഷ്യം. "ഒരാൾക്ക് അനുയോജ്യമായത് മറ്റൊരാൾക്ക് ഫലം ചെയ്യണമെന്നില്ല. വ്യക്തിയുടെ ഡയറ്റ്, മെഡിക്കൽ ചരിത്രം, പ്രവർത്തന നിലവാരം, ഉറക്കം, സമ്മർദ്ദം എന്നിവ കണക്കിലെടുത്തായിരിക്കണം പ്ലാൻ തയ്യാറാക്കേണ്ടത്. ഏറ്റവും പ്രധാനം, ശരീരഭാരത്തെ കേവലം രൂപത്തിന്റെയും ഇച്ഛാശക്തിയുടെയും മാത്രമായി കാണാതെ, ഒരു ആരോഗ്യപ്രശ്നമായി കാണണം," ഡോ. സരഫ് കൂട്ടിച്ചേർത്തു.

Show Full Article
TAGS:Khushbu Sundar Weight Loss Celebrity Health 
News Summary - Actress Khushbu Sundar reveals about her weight loss
Next Story