Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightറസിയയുടെ ആരെങ്കിലുമാണോ...

റസിയയുടെ ആരെങ്കിലുമാണോ എന്ന് ചോദിച്ച് ചിലർ മെസേജ് അയക്കും; ഗസറ്റിൽ പരസ്യം ചെയ്ത് പേര് മാറ്റിയിട്ടില്ല എന്നേയുള്ളൂ- രാധിക

text_fields
bookmark_border
Actress Radhika latest interview  About His How She popular In Her Character Name Rasiya
cancel

ഥാപാത്രത്തിന്‍റെ പേരിൽ അറിയപ്പെടുക എന്നത് അഭിനേതാവിനെ സംബന്ധിച്ചിടത്തോളം ഏതൊരു അംഗീകാരത്തേക്കാളും വലുതാണ്. പ്രേക്ഷക മനസ്സിൽ നിന്ന് കുടിയിറക്കപ്പെടാത്ത കഥാപാത്രമായി നിലകൊള്ളുക എന്നത് പകരംവെക്കാനില്ലാത്ത പുരസ്കാരവുമാണ്. രണ്ടു പതിറ്റാണ്ടായി ഈ അംഗീകാരം ആവോളം ആസ്വദിക്കുകയാണ് രാധിക. 21ാം നൂറ്റാണ്ടിന്‍റെ തുടക്കത്തിൽ ഫാത്തിമയായും 2006ൽ റസിയയായും പ്രേക്ഷക മനസ്സിലേക്ക് ചേക്കേറിയ രാധിക ഇപ്പോഴും ഈ പേരുകൾ കേട്ടാൽ തിരിഞ്ഞുനോക്കും. അത്രമേൽ ഹൃദയത്തോട് ചേർത്തുവെച്ച കഥാപാത്രങ്ങൾ രാധികയിൽനിന്ന് ഇപ്പോഴും വിട്ടൊഴിഞ്ഞിട്ടില്ല. ദുബൈയിലെ പ്രവാസജീവിതത്തിനിടയിലും പ്രേക്ഷകരുടെ പ്രിയപ്പെട്ട റസിയയായി സമൂഹമാധ്യമങ്ങളിൽ രാധികയുണ്ട്. ഇടവേളക്കുശേഷം ‘ആയിഷ’യിലൂടെ ബിഗ് സ്ക്രീനിലേക്കെത്തിയ രാധിക പെരുന്നാൾ വിശേഷങ്ങളും ഓർമകളും പങ്കുവെക്കുന്നു.

ഫാത്തിമ, റസിയ, രാധിക

ഗസറ്റിൽ പരസ്യം ചെയ്ത് പേര് മാറ്റിയിട്ടില്ല എന്നേയുള്ളൂ. നല്ലൊരു ശതമാനം പ്രേക്ഷകർക്കും ഞാനിപ്പോഴും ക്ലാസ്മേറ്റ്സിലെ റസിയയാണ്. എന്‍റെ പേര് രാധിക എന്നാണെന്ന് അറിയാത്തവർ പോലുമുണ്ട്. ഇൻസ്റ്റഗ്രാമിൽ രാധിക എന്നായിരുന്നു പേര് നൽകിയിരുന്നത്. ഇത് കണ്ട് ചിലർ മെസേജ് അയക്കും ‘റസിയയുടെ ആരെങ്കിലുമാണോ’. ഉത്തരം പറഞ്ഞ് മടുത്തപ്പോഴാണ് രാധിക-റസിയ എന്ന് പേരു മാറ്റിയത്. കോവിഡിന്‍റെ സമയത്ത് മാസ്കിട്ട് മറച്ച മുഖവുമായി ദുബൈയിലെ ലുലു ഹൈപ്പർ മാർക്കറ്റിൽ പോയപ്പോൾ ചിലർ അടുത്ത് വന്ന് ചോദിച്ചു, ‘എവിടെയോ കണ്ട് പരിചയമുണ്ടല്ലോ’. റസിയയുടെ കണ്ണ് പോലിരിക്കുന്നു എന്നുപോലും പറഞ്ഞവരുണ്ട്. കണ്ണിൽനിന്നുപോലും നമ്മളെ തിരിച്ചറിയുന്നു എന്നത് സന്തോഷകരമാണ്. റസിയ എന്ന പേരിൽ വിവാഹാലോചന പോലും വന്നിട്ടുണ്ട്. വിളിച്ചിട്ട് കേട്ടില്ലെങ്കിൽ അബിയും (ഭർത്താവ്) റസിയ എന്ന് വിളിക്കും. അപ്പോൾ തിരിഞ്ഞ് നോക്കും. 2000ത്തിന്‍റെ തുടക്കത്തിൽ ഈസ്റ്റ് കോസ്റ്റിന്‍റെ മിദാദ് ആൽബമിറങ്ങിയപ്പോൾ ഫാത്തിമ എന്നായിരുന്നു വിളിപ്പേര്. അതിലെ ‘പാൽനിലാ പുഞ്ചിരി’ കണ്ട് ഇപ്പോഴും ഫാത്തിമയായി തിരിച്ചറിയുന്നവരുണ്ട്. ഈ ആൽബം ഏഷ്യാനെറ്റിൽ ആദ്യമായി ടെലികാസ്റ്റ് ചെയ്ത ദിവസം അപകടം പറ്റി ആശുപത്രിയിലായി. അവിടെയെത്തിയ പലരും തിരിച്ചറിഞ്ഞത് ഫാത്തിമയായിട്ടായിരുന്നു.

‘ആയിഷ’ക്കൊപ്പം

ഇടവേളക്കുശേഷമാണ് ‘ആയിഷ’യിലേക്ക് എത്തിയത്. മഞ്ജു ചേച്ചിയോടൊപ്പം അഭിനയിക്കുന്നതിന്‍റെ ചെറിയ ടെൻഷനുണ്ടായിരുന്നു. എന്നാൽ, രണ്ടുദിവസം കൊണ്ട് അത് മാറിക്കിട്ടി. യു.എ.ഇയിൽ തന്നെയായിരുന്നു ഷൂട്ട്. ഒന്നര മാസത്തോളം ഷൂട്ടുണ്ടായിരുന്നു. നല്ലൊരു വൈബായിരുന്നു സെറ്റിൽ. മഞ്ജു ചേച്ചിക്കൊപ്പം അഭിനയിക്കുക എന്നത് സ്വപ്നമായിരുന്നു. ഒപ്പം നിന്ന് ഒരു സെൽഫിയെടുക്കാൻ പോലും കൊതിച്ചിട്ടുണ്ട്. അത് സാക്ഷാത്കരിക്കാൻ കഴിഞ്ഞു. എന്തുകൊണ്ടാണ് സിനിമയിൽ ഇത്രയേറെ ഇടവേളയെന്ന് പലരും ചോദിക്കാറുണ്ട്. എന്‍റെ എല്ലാ പ്രോജക്ടുകളിലും ഇടവേള സംഭവിച്ചിട്ടുണ്ട്. കാൽനൂറ്റാണ്ട് മുമ്പ് വിയറ്റ്നാം കോളനിയിൽ ബാലതാരമായി അഭിനയിച്ചപ്പോൾ നാലാം ക്ലാസിൽ പഠിക്കുന്നു. എട്ടിൽ പഠിക്കുമ്പോഴാണ് എൽ.ഐ.സിയുടെ പരസ്യത്തിൽ അഭിനയിക്കുന്നത്. ആൽബങ്ങൾക്കും സിനിമക്കും ഇടയിൽ വലിയൊരു ഗ്യാപ്പുണ്ടായി.

അവസരങ്ങൾ ചോദിച്ച് പോകാത്തതിനാലാകാം ഇത്ര വലിയ ഇടവേളയുണ്ടാകുന്നത്. ദുബൈയിൽ സെറ്റിലായ ശേഷം നാട്ടിലെ സിനിമ മേഖലയിലുള്ളവരുമായി എപ്പോഴും ബന്ധപ്പെടാറില്ല. അതുകൊണ്ട് അവരും എന്നെ മറന്നിട്ടുണ്ടാവും.

നോമ്പും പെരുന്നാളും സൗഹൃദങ്ങളും

നോമ്പുകാലത്ത് എല്ലാവരുടെയും തടി കുറയുമെങ്കിൽ എന്‍റെ തടി കൂടുന്നതാണ് പതിവ്. വ്യത്യസ്തമായ ഇഫ്താർ വിഭവങ്ങൾ ലഭിക്കുന്ന കടകൾ നോക്കിവെച്ച് ഭക്ഷണം കഴിക്കാൻ പോകും. നോമ്പിലും പെരുന്നാളിലുമെല്ലാം സുഹൃത്തുക്കളുടെ വീടുകളിൽ പോകാറുണ്ട്. ബിരിയാണിയാണ് മുഖ്യലക്ഷ്യം. ആരു വിളിച്ചാലും ഉന്നക്കായ വേണമെന്ന് ആദ്യമേ പറയും. ദുബൈയിലായതിനാൽ വ്യത്യസ്ത ഭക്ഷണങ്ങൾക്ക് ഒരു പഞ്ഞവുമില്ല. നാട്ടിലെ നോമ്പോർമകളിൽ പ്രധാനം മിദാദ് ആൽബത്തിന്‍റെ സമയത്താണ്. ഇപ്പോഴും ഈ ടീമിലുള്ളവർ ഈദ് ആശംസകൾ അറിയിക്കാറുണ്ട്. സൗഹൃദങ്ങൾ കാത്തുസൂക്ഷിക്കാൻ ഇഷ്ടമുള്ളയാളാണ് ഞാൻ. എന്നാൽ, വലിയൊരു സൗഹൃദവലയമുള്ള ആളല്ല. ഉള്ളത് ആത്മാർഥമായിരിക്കണമെന്ന് നിർബന്ധമുണ്ട്. ഒന്നാം ക്ലാസ് മുതൽ ഒരുമിച്ച് പഠിച്ചയാളാണ് ഇപ്പോഴും എന്‍റെ ബെസ്റ്റ് ഫ്രൻഡ്. എന്‍റെ അതേ വൈബിലുള്ള ആളുകളാണ് സൗഹൃദവലയത്തിലുള്ളത്.

ദുബൈ വേറെ ലെവൽ

നാട്ടിൽ പോയാലും അധികം നിൽക്കാറില്ല. ഒന്നോ രണ്ടോ ആഴ്ച തങ്ങിയിട്ട് മുങ്ങും. അത്രയേറെ ഇഷ്ടമാണ് ദുബൈ. ഇപ്പോൾ തുടങ്ങിയ ഇഷ്ടമല്ല. സഹോദരൻ ഇവിടെയാണ് ജോലിചെയ്യുന്നത്. അന്നുമുതൽ തന്നെ ഇടക്കിടെ ദുബൈയിൽ വരുമായിരുന്നു. വിവാഹാലോചനകൾ വന്നപ്പോൾ ‘ചെക്കൻ ദുബൈയിൽനിന്ന് മതി’ എന്ന് ഞാനും പറയുമായിരുന്നു. ആഗ്രഹിച്ചപോലെ തന്നെ ദുബൈക്കാരൻ ചെക്കനെ കിട്ടി, അടിപൊളിയായി ജീവിതം മുന്നോട്ടുപോകുന്നു. എപ്പോഴും പുതിയത് കണ്ടെത്തുന്ന നഗരമാണിത്. ഇന്ന് കാണുന്ന റോഡായിരിക്കില്ല നാളെ. ഓരോ ദിവസവും പുതിയ വഴികളും പാർക്കുകളും വിനോദസഞ്ചാര കേന്ദ്രങ്ങളും നവീന ആശയങ്ങളും പിറവിയെടുക്കുന്നു. ഈ വൈബ് ഭയങ്കര ഇഷ്ടമാണ്. ‘മൈ ദുബൈ’ എന്ന് ഹാഷ്ടാഗ് ഇടുന്നത് ഉള്ളിൽനിന്ന് വരുന്നതാണ്. ഈ നാട് നൽകുന്ന സുരക്ഷിതത്വവും വേറെ ലെവലാണ്. ഏതു പാതിരാത്രിയിലും ഇറങ്ങിനടക്കാം. നാട്ടിൽ ഇത്ര സുരക്ഷിതത്വം ലഭിക്കില്ല. പ്രത്യേകിച്ച് സ്ത്രീകൾക്ക്. അതിന് ഈ നാടിന്‍റെ ശൈഖുമാർക്ക് എന്‍റെ ബിഗ് സല്യൂട്ട്.

Show Full Article
TAGS:Radhika 
News Summary - Actress Radhika latest interview About His How She popular In Her Character Name Rasiya
Next Story