ചുറ്റിലും കനത്ത സുരക്ഷ; ജോധാ അക്ബറിന്‍റെ സെറ്റിൽ ഐശ്വര്യ എത്തിയത് 20 കിലോ ആഭരണങ്ങൾ അണിഞ്ഞ്...
text_fieldsഹൃതിക് റോഷനും ഐശ്വര്യ റായും പ്രധാന വേഷങ്ങളിലെത്തിയ ജോധാ അക്ബർ, ഹിന്ദി സിനിമയിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായിരുന്നു. ഹൃതിക്കിനും, ഐശ്വര്യക്കുമൊപ്പം, സോനു സൂദ്, നികിതിൻ ധീർ തുടങ്ങി നിരവധി താരങ്ങൾ അണിനിരന്ന ചിത്രം സംവിധാനം ചെയ്തത് ആശുതോഷ് ഗോവാരിക്കറാണ്. ജോധാ അക്ബറിൽ ഐശ്വര്യ റായ് ധരിച്ച രാജകീയമായി രൂപകൽപ്പന ചെയ്ത വസ്ത്രങ്ങളും ആഭരണങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിൽ ഐശ്വര്യ ധരിച്ച സിൽക്കിൽ നിർമിച്ച, ഹെവി എംബ്രോയിഡറി ലെഹങ്കകൾ അന്ന് വലിയ തരംഗമുണ്ടാക്കിയിരുന്നു. അത് പോലെ തന്നെ, ജോധാ അക്ബറിലെ ഐശ്വര്യയുടെ ആഭരണങ്ങളും അന്നത്തെ വിവാഹ ഫാഷനിൽ വലിയ വിപ്ലവം സൃഷ്ടിച്ചു.
എന്നാൽ ഈ ചിത്രത്തിൽ ഏകദേശം 20 കിലോഗ്രാം ആഭരണങ്ങൾ ഐശ്വര്യ ധരിച്ചിരുന്നു എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ?പോൾക്കി നെക്ലേസുകൾ, മാങ് ടിക്ക, ഹാത്ഫൂൽ, ഗ്ലാസ് വളകൾ എന്നിങ്ങനെ എല്ലാത്തരം പരമ്പരാഗത ആഭരണങ്ങളും നടി ധരിച്ചിരുന്നു. അമൂല്യമായ മുത്തുകളും, കല്ലുകളും പതിപ്പിച്ച ആഭരണങ്ങൾ ആഡംബര ലോഹങ്ങൾ ഉപയോഗിച്ച് ഏകദേശം 70 കരകൗശല വിദഗ്ധരുടെ സഹായത്തോടെയാണ് നിർമിച്ചത്. ഈ ആഭരണങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ 50 കാവൽക്കാരെയും ലൊക്കേഷനിൽ നിയോഗിച്ചിരുന്നു.
ഐശ്വര്യ തന്റെ കഥാപാത്രത്തിനായി അണിഞ്ഞൊരുങ്ങുമ്പോൾ തന്നെ ഡിസൈനർ നീതാ ലുല്ലയുമായി സ്വന്തം വിവാഹ വസ്ത്രത്തെക്കുറിച്ച് ചർച്ച ചെയ്തിരുന്നു. ജോധാ അക്ബർ ആ വർഷം ബോക്സ് ഓഫീസിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മൂന്നാമത്തെ ഇന്ത്യൻ ചിത്രമായിരുന്നു. 45 കോടി രൂപ ബഡ്ജറ്റിൽ നിർമിച്ച ഹിസ്റ്റോറിക്കൽ ഡ്രാമ മികച്ച കൊറിയോഗ്രഫിക്കും മികച്ച വസ്ത്രാലങ്കാരത്തിനും നിരവധി അവാർഡുകൾ നേടുകയും ചെയ്തു.