പാരീസിലെത്തിയ ഐശ്വര്യയെക്കണ്ട് കണ്ണീരടക്കാനാകാതെ ആരാധിക; കണ്ണീരൊപ്പി ചേർത്തുപിടിച്ച് താരം
text_fieldsപാരീസ് ഫാഷൻ വീക്കിൽ വീണ്ടും എത്തിയിരിക്കുകയാണ് പ്രേക്ഷകരുടെ പ്രിയതാരം ഐശ്വര്യ റായ്. താരം വീണ്ടും റാംപിൽ നടക്കുന്നത് കണ്ട് ആരാധകർ ആവേശത്തിലാണ്. മകൾ ആരാധ്യ ബച്ചനൊപ്പമാണ് താരം പാരീസിൽ എത്തിയത്. ഐശ്വര്യയുടെും ആരാധ്യയുടെയും പാരിസിൽ നിന്നുള്ള വിഡിയോകൾ സമൂഹമാധ്യമത്തിൽ വൈറലാണ്. കോസ്‌മെറ്റിക് കമ്പനിയായ ലോറിയലിന്റെ ബ്രാന്‍ഡ് അംബാസഡറായാണ് ഐശ്വര്യ ഫാഷന്‍ വീക്കില്‍ പങ്കെടുക്കാനെത്തിയത്.
താരത്തെ കാണാൻ ആരാധകർ ഹോട്ടലിന് പുറത്ത് കാത്തുനിൽക്കുന്നത് വിഡിയോയിൽ കാണാം. വൈറൽ വിഡിയോയിൽ ഐശ്വര്യ നീല സ്യൂട്ടാണ് ധരിച്ചിരിക്കുന്നത്. വാഹനത്തിൽ കയറാൻ ഒരുങ്ങവേയാണ് നടി തന്നെ കണ്ട സന്തോഷത്തിൽ കരയുന്ന ആരാധികയെ ശ്രദ്ധിക്കുന്നത്. അവർ ഐശ്വര്യയോട് ഫോട്ടോ എടുക്കട്ടേ എന്ന് ചോദിക്കുന്നുണ്ട്. ആരാധികയെ ചേർത്തു പിടിച്ച് കണ്ണീർ തുടച്ച് ഒപ്പം നിർത്തുന്ന ഐശ്യര്യ റായിയെ നമുക്ക് വിഡിയോയിൽ കാണാം.
പ്രശസ്ത ഡിസൈനര്‍ മനീഷ് മല്‍ഹോത്ര നിര്‍മിച്ച ഇന്ത്യന്‍ ഷെര്‍വാണിയിലാണ് താരം ചടങ്ങിലെത്തിയത്. പാരീസിലെ ഹോട്ടല്‍ ഡി വില്ലയില്‍ നടന്ന പാരീസ് ഫാഷന്‍ വീക്കിന്റെ വിമന്‍സ് റെഡി-ടു-വെയര്‍ സ്പ്രിങ്-സമ്മര്‍ 2026 കലക്ഷന്റെ ഭാഗമായായിരുന്നു പരിപാടി. ഐശ്വര്യ എല്ലാ വർഷവും പാരീസ് ഫാഷൻ വീക്കിൽ റാംപിൽ എത്താറുണ്ട്. ഐശ്വര്യക്കൊപ്പം, ആലിയ ഭട്ടും ലോറിയലിന്റെ ആഗോള ബ്രാൻഡ് അംബാസഡറാണ്. കഴിഞ്ഞ വർഷം, ആലിയയും ഐശ്വര്യയും ഒരേ ബ്രാൻഡിനായി പാരീസ് ഫാഷൻ വീക്കിൽ റാംപിൽ നടന്നിരുന്നു.
അതേസമയം, മണിരത്‌നത്തിന്‍റെ ഇതിഹാസ ചരിത്ര ആക്ഷൻ ഡ്രാമയായ പൊന്നിയിൻ സെൽവൻ II എന്ന ചിത്രത്തിലാണ് ഐശ്വര്യ അവസാനമായി അഭിനയിച്ചത്. വിക്രം, രവി മോഹൻ, കാർത്തി, തൃഷ കൃഷ്ണൻ, ജയറാം, പ്രഭു, ആർ. ശരത്കുമാർ, ശോഭിത ധൂലിപാല, ഐശ്വര്യ ലക്ഷ്മി, വിക്രം പ്രഭു, പ്രകാശ് രാജ്, റഹ്മാൻ, ആർ. പാർഥിബൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു.