‘തുടക്കത്തിൽ ആളുകൾ നിങ്ങളെ സഹായിക്കും, എന്നാൽ ഒരു കാലയളവിനുശേഷം നിങ്ങൾ അത് ചുറ്റുമുള്ള എല്ലാവരിൽ നിന്നും പ്രതീക്ഷിച്ചു തുടങ്ങും -അജിത് കുമാർ
text_fieldsഅജിത് കുമാർ
സൂപ്പർതാരമെന്ന നിലയിലും മോട്ടോർ സ്‌പോർട്‌സ് റേസറെന്ന നിലയിലുമുള്ള തന്‍റെ കരിയർ കുറച്ചുകാലമായി അജിത് കുമാർ ആസ്വദിക്കുകയാണ്. പ്രത്യക ഫാൻ ബേസുള്ള നടൻ കൂടിയാണ് അജിത് കുമാർ. അടുത്തിടെ അനുപമ ചോപ്രയുമായുള്ള അഭിമുഖത്തിൽ കൂടെയുള്ള സഹായികളെ ഒഴിവാക്കുകയും സ്വന്തമായി കാര്യങ്ങൾ ചെയ്യുന്ന ശീലത്തെക്കുറിച്ച് താരം സംസാരിച്ചിരുന്നു.
‘ഇത് എല്ലാവരും ചെയ്യുന്ന കാര്യമല്ലേ? ഞാൻ ഒരു ഇടത്തരം കുടുംബത്തിൽ നിന്നാണ് വരുന്നത്. എന്‍റെ മാതാപിതാക്കൾക്ക് അവരുടെ കാലത്തേക്കാൾ ഒരുപാട് മുന്നോട്ടുള്ള കാഴ്ചപ്പാടുണ്ടായിരുന്നു. അതുകൊണ്ട് കാര്യങ്ങൾ സ്വന്തമായി ചെയ്യാൻ ഞങ്ങൾ പഠിച്ചു. ഏഴോ എട്ടോ വയസ്സിൽ ഞങ്ങൾ പാചകം ചെയ്യാൻ പഠിച്ചിരുന്നു. ഇന്നത്തെ സിനിമാ മേഖലയിൽ പ്രത്യേകിച്ച് ബോളിവുഡിൽ, താരങ്ങളുടെ കൂടെയുള്ള സഹായികളുടെ എണ്ണവും ചെലവും വളരെയധികം വർധിച്ചിട്ടുണ്ട്. ഇത് സിനിമയുടെ നിർമാണച്ചെലവ് വർധിപ്പിക്കുന്നതായി നിർമാതാക്കൾ പരാതിപ്പെടുന്നു.
എന്തുകൊണ്ടാണ് ചിലർ സഹായത്തിനായി ആളുകളെ ചുറ്റും നിർത്താൻ ഇഷ്ടപ്പെടുന്നതെന്ന് എനിക്ക് മനസിലാക്കാൻ കഴിയും. അത് അവരുടെ ജീവിതം എളുപ്പമാക്കുന്നു. അവർക്ക് മറ്റ് കാര്യങ്ങൾക്കായി അത്രയും സമയം മാറ്റിവെക്കാൻ കഴിയും. ഒരുപക്ഷേ സമയം ലാഭിക്കാൻ വേണ്ടിയാവാം. അത് തെറ്റാണെന്ന് ഞാൻ കരുതുന്നില്ല. അതിൽ നിന്നെല്ലാം ഞാൻ മാറിനിൽക്കാൻ തീരുമാനിച്ചതിന് കാരണം ചിലപ്പോൾ അത് എന്നെ വഷളാക്കും എന്നതാണ്. തുടക്കത്തിൽ ആളുകൾ നിങ്ങളെ സഹായിക്കും. എന്നാൽ ഒരു കാലയളവിനുശേഷം നിങ്ങൾ അത് ചുറ്റുമുള്ള എല്ലാവരിൽ നിന്നും പ്രതീക്ഷിച്ചു തുടങ്ങും. അത് മുമ്പ് എനിക്ക് സംഭവിച്ചിട്ടുണ്ട്. അതിൽ എനിക്ക് ലജ്ജയുണ്ട് അജിത് കുമാർ പറഞ്ഞു.
ആ കാരണത്താലാണ് ഞാൻ ദുബായിലേക്ക് താമസം മാറിയത്. എല്ലാ ശബ്ദകോലാഹലങ്ങളിൽ നിന്നും ഒഴിഞ്ഞുനിൽക്കാൻ. പ്രധാന റേസിങ് സർക്യൂട്ടുകൾ ഇവിടെ നടക്കുന്നതിനാൽ ഞാൻ പ്രധാനമായും മോട്ടോർ സ്‌പോർട്‌സിന് വേണ്ടിയാണ് ഇവിടെ വന്നിട്ടുള്ളത്. ഇത് എന്നെ സഹായിക്കുന്നു. എനിക്ക് എല്ലാ കാര്യങ്ങളും സ്വയം ചെയ്യേണ്ടിവരുന്നു. അത് ഞാൻ ആസ്വദിക്കുകയും ചെയ്യുന്നു. ഇതൊക്കെ പറഞ്ഞാലും നിങ്ങൾ എന്നെ 20 വർഷം മുമ്പ് കണ്ടിരുന്നെങ്കിൽ ഒരുപക്ഷേ എന്നെ വെറുത്തേനെ. ഞാൻ ഒരുപാട് വഷളായിരുന്നില്ല. പക്ഷേ എനിക്കൊരു വലിയ സഹായിവൃന്ദം ഉണ്ടായിരുന്നു. അത് ജീവിതം ബുദ്ധിമുട്ടിലാക്കും. നിങ്ങൾക്ക് ചുറ്റും കൂടുതൽ ആളുകൾ ഉണ്ടാകുമ്പോൾ കൈകാര്യം ചെയ്യാൻ നിങ്ങൾക്ക് ഒരുപാട് കാര്യങ്ങൾ ഉണ്ടാകും. അവരുടെ ദൈനംദിന വഴക്കുകൾ പരിഹരിക്കാൻ ശ്രമിക്കുന്നതിലൂടെ ഒരുപാട് സമയം പാഴാക്കുന്നു എന്ന് എനിക്ക് തോന്നി. നിങ്ങളെ ശ്രദ്ധിക്കാൻ നിങ്ങൾ ആളുകളുടെ സഹായം തേടുകയാണെന്നും താരം കൂട്ടിച്ചേർത്തു.


