പ്രതിഫലം വർധിപ്പിക്കാൻ അജിത് കുമാർ; ഒന്നും രണ്ടുമല്ല 25 കോടി കൂട്ടും
text_fieldsഅജിത് കുമാറിന്‍റെ അടുത്തിടെ പുറത്തിറങ്ങിയ ആക്ഷൻ കോമഡി ചിത്രമായ ഗുഡ് ബാഡ് അഗ്ലി (ജി.ബി.യു) തിയറ്ററുകളിൽ മികച്ച പ്രതികരണമാണ് നേടിയത്. ഇപ്പോഴിതാ, താരം പ്രതിഫലം വർധിപ്പിച്ചെന്ന വിവരമാണ് ഇന്റർനെറ്റിൽ പ്രചരിക്കുന്നത്. AK64 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന് അജിത് 175 കോടി പ്രതിഫലം വാങ്ങുമെന്നാണ് റിപ്പോർട്ട്. 150 കോടിയായിരുന്നു താരത്തിന്‍റെ പ്രതിഫലം.
ചിത്രത്തിന്റെ ബജറ്റ് 300 മുതൽ 400 കോടി രൂപ വരെയാകാനാണ് സാധ്യത. എന്നാൽ നടന്റെ പ്രതിഫലം സംബന്ധിച്ച് അദ്ദേഹത്തിന്റെ ടീമിൽ നിന്ന് ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ല. പുതിയ ചിത്രത്തിനായി അജിത് കുമാർ സംവിധായകൻ ആധിക് രവിചന്ദ്രനുമായി വീണ്ടും ഒന്നിക്കുന്നതായാണ് റിപ്പോർട്ട്. ചിത്രീകരണം റേസിങ് ഓഫ് സീസണിൽ ആരംഭിക്കാൻ സാധ്യതയുണ്ട്. അടുത്ത സെഷൻ ആരംഭിക്കുന്നത് വരെ അജിത്ത് സിനിമയിൽ ശ്രദ്ധ കേന്ദ്രീകരിക്കും.
ഗുഡ് ബാഡ് അഗ്ലി അജിത് ആരാധകരെ മാത്രം മനസ്സിൽ വെച്ചുകൊണ്ടാണ് നിർമിച്ച ചിത്രമാണെങ്കിൽ, വരാനിരിക്കുന്ന സിനിമ എല്ലാത്തരം പ്രേക്ഷകരെയും ആകർഷിക്കുന്ന തരത്തിലാണ് രൂപകൽപ്പന ചെയ്യുന്നത്. ഈ വർഷം അജിത് രണ്ട് സിനിമകളിലാണ് അഭിനയിച്ചത്. മഗിഴ് തിരുമേനി സംവിധാനം ചെയ്ത ആക്ഷൻ ത്രില്ലറായ വിടാമുയർച്ചി ആയിരുന്നു ആദ്യ ചിത്രം.
അതേസമയം, ഇളയരാജ കോടതിയിൽ നൽകിയ ഹരജിയെ തുടർന്ന് 'ഗുഡ് ബാഡ് അഗ്ലി' നെറ്റ്ഫ്ലിക്സിൽ നിന്ന് നീക്കം ചെയ്തു. നെറ്റ്ഫ്ലിക്സ് അടക്കമുള്ള ഒ.ടി.ടി പ്ലാറ്റ്ഫോമുകളിൽ സിനിമയുടെ പ്രദർശനം മദ്രാസ് ഹൈകോടതി വിലക്കിയിരുന്നു. അനുമതിയില്ലാതെ ഗാനങ്ങള്‍ ഉപയോഗിച്ചുവെന്ന് ആരോപിച്ച് ഇളയരാജ കോടതിയെ സമീപിച്ചിരുന്നു. അഞ്ച് കോടി രൂപ നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇളയരാജയുടെ മൂന്ന് ഗാനങ്ങളാണ് സിനിമയിൽ അനുമതിയില്ലാതെ ഉപയോഗിച്ചിരിക്കുന്നത്.