സ്ക്രീനിലും ട്രാക്കിലും സൂപ്പർഹിറ്റ്!
text_fieldsഅജിത്
ഏതാനും മാസങ്ങൾക്കു മുമ്പാണ്, നടൻ അജിത്തിന് കാർ റേസിങ് പരിശീലനത്തിനിടെ അപകടം പറ്റിയ വാർത്ത പുറത്തുവന്നത്. അദ്ദേഹത്തിന് ഈ കായിക വിനോദത്തോടുള്ള താൽപര്യം ലോകമറിയുന്നത് ആ അപകടത്തോടെയായിരുന്നു.
ഇപ്പോഴിതാ, മറ്റൊരു വാർത്ത: ബെൽജിയത്തിൽ നടന്ന സ്പാ-ഫ്രാങ്കോർചാംപ്സ് സർക്യൂട്ടിൽ രണ്ടാം സ്ഥാനം സ്വന്തമാക്കിയിരിക്കുകയാണ് സൂപ്പർതാരം. അദ്ദേഹത്തിന്റെ മാനേജർ സുരേഷ് ചന്ദ്രയുടെ എക്സ് പോസ്റ്റ് ഇങ്ങനെ: "ഇന്ത്യൻ മോട്ടോർസ്പോർട്ടിന് അഭിമാന നിമിഷം! അജിത്കുമാറും അദ്ദേഹത്തിന്റെ ടീമും ബെൽജിയത്തിലെ സ്പാ ഫ്രാങ്കോർചാംപ്സ് സർക്യൂട്ടിൽ ശ്രദ്ധേയമായ പി2 പോഡിയം ഫിനിഷ് ഉറപ്പാക്കിയിരിക്കുന്നു. ആഗോള റേസിങ് വേദിയിൽ കൃത്യതയുടെയും സ്ഥിരോത്സാഹത്തിന്റെയും തെളിവാണിത്."
ഇതാദ്യമായാണ് അജിത് മോട്ടോർ സ്പോർട്സിൽ ഇങ്ങനെയൊരു നേട്ടം കൈവരിക്കുന്നത്. വിജയാഘോഷത്തിന്റെ വിഡിയോയും പുറത്തുവന്നിട്ടുണ്ട്. ഒന്നും മൂന്നും സ്ഥാനം നേടിയവരെ അജിത് അഭിനന്ദിക്കുന്നത് കാണാം. മത്സരത്തിന്റെയും വിജയത്തിന്റെയും ആവേശം മാനേജറുടെ വാക്കുകളിൽ വ്യക്തം:
"ആൾക്കൂട്ടം വർധിക്കുന്നു, സ്നേഹവും! ബെൽജിയത്തിലെ ആളുകൾ തങ്ങളുടെ ആരാധനാപാത്രത്തെ കാണാൻ വരിനിൽക്കുന്നു! സിനിമയിലും കായികരംഗത്തും, താൻ പോകുന്നിടത്തെല്ലാം പോസിറ്റിവിറ്റി പ്രചരിപ്പിക്കുന്നത് തുടരുന്ന അജിത് കുമാർ ഒരു യഥാർഥ ആഗോള പ്രതിഭയാണ്."