എപ്പോഴും കാണാനാകാത്ത സുഹൃത്തുക്കളെ കണ്ടുമുട്ടിയ ഒരു സായാഹ്നം, ഒരുമിച്ച് പ്രവർത്തിച്ചവർ; ‘ക്ലാസ് ഓഫ് 80 സ് റോക്ക്’
text_fieldsചെന്നൈയിൽ ഒത്തുകൂടിയ 80 കളിലെ താരങ്ങൾ
മൂന്ന് വർഷത്തെ ഇടവേളക്ക് ശേഷം 80 കളിലെ താരങ്ങൾ ഒത്തുകൂടി. ചെന്നൈയിൽ വെച്ച് നടന്ന ഒത്തുകൂടലിൽ ബോളിവുഡിലെയും ദക്ഷിണേന്ത്യൻ സിനിമയിലെയും നിരവധി പ്രമുഖ താരങ്ങളാണ് ഒത്തുചേർന്നത്. പുലിത്തോൽ പ്രമേയമാക്കിയുള്ള വസ്ത്രങ്ങളായിരുന്നു താരങ്ങളുടെ വേഷം.
ചിരഞ്ജീവി, ജാക്കി ഷ്രോഫ്, വെങ്കിടേഷ്, രേവതി എന്നിവരുൾപ്പെടെ 1980 കളിലെ നിരവധി സൂപ്പർസ്റ്റാറുകളാണ് വാർഷിക പുനസംഗമത്തിനായി ചെന്നൈയിലെത്തിയത്. ഒത്തുചേരലിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി തുടങ്ങി വിവിധ ഭാഷകളിലെയും അഭിനേതാക്കളാണ് ഈ ഒത്തുചേരലിന്റെ ഭാഗമാകാൻ ചെന്നൈയിലെത്തിയത്.
നടി രേവതിയാണ് ഒത്തുകൂടലിന്റെ വിവരങ്ങൾ തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ പങ്കുവെച്ചത്. ‘എപ്പോഴും കാണാനാകാത്ത സുഹൃത്തുക്കളെ കണ്ടുമുട്ടിയ ഒരു സായാഹ്നം. ഞങ്ങൾ ഒരുമിച്ച് പ്രവർത്തിച്ചവർ. 12 വർഷത്തിലേറെയായി കണ്ടുമുട്ടൽ തുടരുന്ന ഒരേയൊരു കൂട്ടായ്മ. ഒന്നിച്ച് ഇരിക്കുക എന്നത് തന്നെ സന്തോഷമാണ്. ഈ ഒരു സായാഹ്നത്തിനായി അക്ഷീണം പ്രവർത്തിച്ച ലിസി, സുഹാസിനി, പൂർണ്ണിമ, രാജ്കുമാർ, ഖുശ്ബു എന്നിവർക്ക് നന്ദി. ‘ക്ലാസ് ഓഫ് 80 സ് റോക്ക്’. രേവതി കുറിച്ചു.
ലിസിയുടെ ആശയത്തിൽ ഉൾത്തിരിഞ്ഞ സംഗമത്തിന്റെ ഓൾ ഇൻ ഓൾ നടിയും സംവിധായകയുമായ സുഹാസിനിയാണ്. കഴിഞ്ഞ വർഷം നടത്താൻ നിശ്ചയിച്ചിരുന്ന പരിപാടി ചെന്നൈ നഗരത്തിലുണ്ടായ വെള്ളപ്പൊക്കത്തെ തുടർന്ന് മാറ്റിവെച്ചിരുന്നു. സംഗമത്തിന്റെ പത്താം വാർഷികം 2019ൽ ഹൈദരാബാദിലെ ചിരഞ്ജീവിയുടെ വീട്ടിൽ വെച്ച് നടന്നിരുന്നു.
ഇത്തവണ രാജ്‌കുമാർ സേതുപതിയുടേയും ശ്രീപ്രിയയുടെയും വീടാണ് സംഗമത്തിന് ആതിഥേയത്വം വഹിച്ചത്. ആഡംബര ഹോട്ടൽ വേദി ഒഴിവാക്കി, ഉള്ളു തുറന്നു സംസാരിച്ചിരിക്കാൻ വീട് തന്നെയാണ് നല്ലതെന്ന് താരങ്ങൾ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. പതിവുപോലെ ലിസി ലക്ഷ്മി, പൂർണ്ണിമ ഭാഗ്യരാജ്, ഖുശ്ബു സുന്ദർ,സുഹാസിനി മണിരത്നം എന്നിവരായിരുന്നു സംഘാടകർ.


