ഒരുമിച്ച് ജീവിച്ച സുദീർഘമായ ആ കാലയളവിൽ ഞങ്ങൾ 'ടോക്സിക്' ആയിരുന്നില്ല; വിവാഹമോചനം പ്രഖ്യാപിച്ചതിനു പിന്നാലെ നേരിട്ട ട്രോളുകൾക്ക് പ്രതികരണവുമായി എ.ആർ. റഹ്മാൻ
text_fieldsമൂന്നു പതിറ്റാണ്ട് പിന്നിട്ട വൈവാഹിക ജീവിതത്തിന് വിരാമമിട്ട് ഒരു സുപ്രഭാതത്തിൽ ഭാര്യ സൈറാ ബാനുവുമായി വേർപിരിയുകയാണെന്ന വിഖ്യാത സംഗീതജ്ഞൻ എ.ആർ. റഹ്മാന്റെ പ്രഖ്യാപനം ഒട്ടുമിക്കവരും ഞെട്ടലോടെയാണ് കേട്ടത്. പിന്നീട് കുറെക്കാലം ഇരുവരും വാർത്തകളുടെ തലക്കെട്ടുകളായി. വിവാഹമോചനം തേടാനുള്ള കാരണവും അതിന് വിശദീകരണവുമായി റഹ്മാനും സൈറയും എത്തി. ആറുമാസത്തിനു ശേഷം ആ കഠിനമായ തീരുമാനത്തെ കുറിച്ച് ഇന്ത്യൻ എക്സ്പ്രസിനു നൽകിയ അഭിമുഖത്തിൽ മനസുതുറക്കുകയാണ് റഹ്മാൻ.
''ആരും വിമർശനത്തിന് അതീതരല്ല. ദൈവത്തെ മുതൽ ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയെ വരെ ആളുകൾ അവലോകനം ചെയ്യും. അവരെയൊക്കെ വെച്ചു നോക്കുമ്പോൾ ഞാൻ ആരാണ്. ഞങ്ങൾ ഒരുപാട് കാലം ഒരുമിച്ചു ജീവിച്ചു. അപ്പോഴൊന്നും ആ ബന്ധം ഒരിക്കലും മോശമായ അവസ്ഥയിലൂടെയല്ല കടന്നുപോയത്''-റഹ്മാൻ പറയുന്നു.
വിവാഹമോചനം പ്രഖ്യാപിച്ച വേളയിലെ ട്രോളുകളെ കുറിച്ചും റഹ്മാൻ പ്രതികരിച്ചു. താൻ കർമത്തിൽ വിശ്വസിക്കുന്നുവെന്നായിരുന്നു റഹ്മാന്റെ മറുപടി. അതുപോലെ തന്നെയാണ് മിക്ക ഇന്ത്യക്കാരും. എല്ലാവർക്കും സഹോദരിമാരും ഭാര്യയും അമ്മയും ഉണ്ട്. ആരെങ്കിലും മറ്റൊരാളുടെ കുടുംബത്തെ കുറിച്ച് മോശം കാര്യങ്ങൾ പറയുന്നതു കേട്ടാൽ ദൈവമേ അവനോട് ക്ഷമിച്ച് ശരിയായ പാതയിലേക്ക് കൊണ്ടുവരണേ എന്ന് പ്രാർഥിക്കാറുണ്ടെന്നും റഹ്മാൻ സൂചിപ്പിച്ചു.
കഴിഞ്ഞ വർഷം നവംബറിലാണ് വിവാഹ മോചനത്തെ കുറിച്ച് റഹ്മാൻ എക്സിൽ പങ്കുവെച്ചത്. അതിനു മുമ്പുതന്നെ അക്കാര്യം സൂചിപ്പിച്ച് സൈറാ ബാനുവിന്റെ അഭിഭാഷക വന്ദന ഷായും രംഗത്തുവന്നിരുന്നു. 'വൈവാഹിക ജീവിതത്തിന്റെ അനവധി വർഷങ്ങൾ പിന്നിട്ട ശേഷം ഒടുവിൽ ഭർത്താവിൽ നിന്ന് വേർപെട്ട് ജീവിക്കാനുള്ള കഠിനമായ തീരുമാനം സൈറ എടുത്തിരിക്കുന്നു' -എന്നാണ് അഭിഭാഷക കുറിച്ചത്. അത് ശരിവെക്കുന്ന രീതിയിലായിരുന്നു പിന്നീട് റഹ്മാന്റെ കുറിപ്പ്. ''ഈ ബന്ധം മുപ്പതിലെത്തുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. പക്ഷേ, എല്ലാകാര്യങ്ങള്‍ക്കും കാണാന്‍ കഴിയാനാകാത്ത ഒരു അവസാനമുണ്ട്. തകര്‍ന്ന ഹൃദയങ്ങളാല്‍ ദൈവത്തിന്റെ സിംഹാസനം പോലും വിറച്ചേക്കാം. വീണ്ടും പഴയപടിയാകില്ലെങ്കിലും ഞങ്ങള്‍ അര്‍ഥം തേടുകയാണ്. ആകെ തകര്‍ന്ന ഈ സാഹചര്യത്തിലൂടെ കടന്നുപോകുമ്പോഴും ഞങ്ങളുടെ സ്വകാര്യത മാനിച്ചതിനും നിങ്ങള്‍ കാണിച്ച ദയക്കും സുഹൃത്തുക്കളോട് നന്ദി രേഖപ്പെടുത്തുന്നു'' എന്നായിരുന്നു വിവാഹ മോചനം സ്ഥിരീകരിച്ച് റഹ്മാൻ പങ്കുവെച്ച കുറിപ്പ്.
അടുത്തിടെ നോമ്പുകാലത്ത് റഹ്മാനെ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ തങ്ങൾ ഔദ്യോഗികമായി വേർപിരിഞ്ഞിട്ടില്ലെന്നും അതിനാൽ റഹ്മാന്റെ മുൻ ഭാര്യ എന്ന് വിളിക്കരുതെന്നും അഭ്യർഥിച്ച് സൈറാ ബാനു രംഗത്തുവന്നിരുന്നു.