കലാസംവിധായകൻ കെ. ശേഖർ അന്തരിച്ചു
text_fieldsതിരുവനന്തപുരം: മലയാള സിനിമയിലെ പ്രശസ്ത കലാസംവിധായകൻ കെ. ശേഖർ (72) അന്തരിച്ചു. ഇന്ത്യയിലെ ആദ്യ ത്രി ഡി ചിത്രമായ മൈ ഡിയർ കുട്ടിച്ചാത്തനിലെ കലാസംവിധായകൻ എന്ന നിലയിലാണ് ശേഖർ പ്രശസ്തനാകുന്നത്.
1982ൽ ജിജോ പൊന്നൂസ് സംവിധാനം ചെയ്ത പടയോട്ടത്തിലൂടെ കോസ്റ്റ്യൂം പബ്ളിസിറ്റി ഡിസൈനറായാണ് സിനിമാ പ്രവേശനം. മൈ ഡിയർ കുട്ടിച്ചാത്തനിലെ ‘ആലിപ്പഴം പെറുക്കാൻ...’ എന്ന ഗാനത്തിലെ കറങ്ങുന്ന മുറി ഒരുക്കിയത് ശേഖറിന്റെ കലാവിരുതായിരുന്നു. പിന്നീട്, നോക്കെത്താ ദൂരത്ത് കണ്ണുംനട്ട്, ചാണക്യൻ, ഒന്നു മുതൽ പൂജ്യം വരെ, ദൂരദർശനിലെ ഹിന്ദി പരമ്പരയായ ബൈബിൾ കി കഹാനിയാം എന്നിവയുടെ കലാസംവിധായകനായി.
ചെന്നൈയിലെ കിഷ്കിന്ധ അമ്യൂസ്മെന്റ് പാർക്കിന്റെ രൂപകൽപ്പനയിലും ശേഖർ പങ്കാളിയായിരുന്നു. റിട്ട. അധ്യാപികയായ ജയന്തിയാണ് ഭാര്യ. ഏറെക്കാലമായി തിരുവനന്തപുരം സ്റ്റാച്യു ജങ്ഷൻ, ട്യൂട്ടേഴ്സ് ലെയിൻ പ്രേംവില്ലയിലായിരുന്നു താമസം. സംസ്കാരം തൈക്കാട് ശാന്തി കവാടത്തിൽ നടന്നു.


