ഷാറൂഖ് കരഞ്ഞുകൊണ്ട് പറഞ്ഞു 'ഞാനൊരു അച്ഛനാണ്...'; ആര്യൻ ഖാന്‍റെ അഭിഭാഷകൻ പറയുന്നു
text_fields2021ലാണ് മയക്കുമരുന്ന് കേസിൽ നടൻ ഷാറൂഖ് ഖാന്‍റെ മകൻ ആര്യൻ ഖാൻ അറസ്റ്റിലാകുന്നത്. അന്ന് ഏകദേശം ഒരു മാസത്തോളം ആര്യന് ജയിലിൽ കഴിയേണ്ടിവന്നു. ഇപ്പോഴിതാ, കേസിനെക്കുറിച്ചും താരങ്ങളെക്കുറിച്ചും സംസാരിക്കുകയാണ് ആര്യന്‍റെ അഭിഭാഷകൻ. മകന് ജാമ്യം ലഭിക്കാൻ ഷാറൂഖ് നിരന്തരം ശ്രമിച്ചുകൊണ്ടിരുന്നു. ലണ്ടനിൽ അവധിക്കാലം ആഘോഷിക്കുകയായിരുന്നതിനാൽ കേസ് ഏറ്റെടുക്കാൻ ആദ്യം വിസമ്മതിച്ചിരുന്നതായി ആര്യന്റെ അഭിഭാഷകൻ വ്യക്തമാക്കി.
റിപ്പബ്ലിക് ടി.വിയുമായുള്ള സംഭാഷണത്തിലാണ് ഇന്ത്യയുടെ മുൻ അറ്റോർണി ജനറൽ കൂടിയായ മുകുൾ റോഹ്തഗി കേസിനെക്കുറിച്ച് സംസാരിച്ചത്. തനിക്ക് ഇതൊരു പതിവ് കേസായിരുന്നെന്നും എന്നാൽ ഷാറൂഖിന്റെ ബന്ധം കാരണം കേസ് വലുതായെന്നും അദ്ദേഹം പറഞ്ഞു. നടന്‍റെ അടുത്ത സഹായിയിൽ നിന്ന് തനിക്ക് ഒരു കോൾ ലഭിച്ചുവെന്നും ഒരാഴ്ച നീണ്ടുനിൽക്കുന്ന അവധിക്കാല യാത്ര തടസ്സപ്പെടുത്താൻ ആഗ്രഹിക്കാത്തതിനാൽ കേസ് എടുക്കാൻ വിസമ്മതിച്ചുവെന്നും മുകുൾ പറഞ്ഞു. പിന്നൂട് ഷാറൂഖ് നേരിട്ട് വിളിച്ചു. അതും താൻ നിരസിച്ചതായി അദ്ദേഹം പറഞ്ഞു.
'മിസ്റ്റർ ഖാൻ എന്റെ നമ്പർ വാങ്ങി എന്നെ വിളിച്ചു. അപ്പോൾ ഞാൻ അദ്ദേഹത്തോട് പറ്റില്ലെന്ന് പറഞ്ഞു. എനിക്ക് നിങ്ങളുടെ ഭാര്യയോട് സംസാരിക്കാമോ? എന്ന് അദ്ദേഹം ചോദിച്ചു. ഷാറൂഖ് അവളോട് അപേക്ഷിച്ചു. ഒരു ക്ലയന്റായി എടുക്കരുത്. ഞാൻ ഒരു പിതാവാണ് എന്ന് അയാൾ കരഞ്ഞുകൊണ്ട് അവളോട് പറഞ്ഞു. അതിനാൽ ദയവായി പോകൂ എന്ന് എന്റെ ഭാര്യ എന്നോട് പറഞ്ഞു -മുകുൾ പറഞ്ഞു.
'ഖാൻ വളരെ ദയാലുവായിരുന്നു. അദ്ദേഹം എനിക്ക് ഒരു സ്വകാര്യ ജെറ്റ് വാഗ്ദാനം ചെയ്തു. അത് ഞാൻ സ്വീകരിച്ചില്ല. അദ്ദേഹം വളരെ കർക്കശക്കാരനും ബുദ്ധിമാനും ആണ്. അദ്ദേഹം കേസിന്‍റെ ധാരാളം കുറിപ്പുകളും പോയിന്റുകളും എഴുതിയിരുന്നു. അദ്ദേഹം എന്നോട് അതിനെക്കുറിച്ച് ചർച്ച ചെയ്തു. തുടർന്ന് രണ്ടോ മൂന്നോ ദിവസമോ മറ്റോ വാദിച്ചു. ഒടുവിൽ ജാമ്യം ലഭിച്ചു. എന്റെ അവധിക്കാലത്തിന്റെ ബാക്കി സമയം ചെലവഴിക്കാൻ ഞാൻ ഉടൻ തന്നെ ഇംഗ്ലണ്ടിലേക്ക് മടങ്ങി' -അദ്ദേഹം കൂട്ടിച്ചേർത്തു.
ആഡംബര കപ്പലിലെ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് 2021 ഒക്ടോബർ മൂന്നിനാണ് ആര്യൻ ഖാനെ അറസ്റ്റ് ചെയ്തത്. ആര്യന്റെ സുഹൃത്തുക്കളായ അർബാസ് മർചന്‍റ്, മുൺമുൺ ധമേച്ച എന്നിവരും പിടിയിലായിരുന്നു. 24 ദിവസമാണ് ആര്യൻ ആർതർ റോഡ് ജയിലിൽ കഴിഞ്ഞത്. ആര്യന്‍ ഖാന് ജാമ്യം ലഭിക്കാനായി നടി ജൂഹി ചൗള ഒരു ലക്ഷം രൂപയുടെ ബോണ്ടില്‍ ഒപ്പിട്ട് നൽകിയിരുന്നു.