ജന്മദിനത്തിന് ആശ ഭോസ്ലെ ദുബൈയിൽ പാടും
text_fieldsആശ ഭോസ്ലെ
മുംബൈ: ഇന്ത്യൻ ഇതിഹാസ ഗായിക ആശാ ഭോസ്‌ലെയുടെ 90-ാം ജന്മദിനത്തിൽ അവർ യു.എ.ഇയിലെ ദുബൈയിൽ സംഗീത പരിപാടി നടത്തും. ജന്മദിനമായ സെപ്റ്റംബർ എട്ടിനാണ് ‘ആശ@90 ലൈവ്’ എന്ന പേരിൽ കച്ചേരി അവതരിപ്പിക്കുക. ദുബൈയിലെ കൊക്കകോള അരീനയിലാണ് പരിപാടി നടക്കുക. ചൊവ്വാഴ്ച ആശ തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളോട് വ്യക്തമാക്കിയത്. ദുബൈയിൽ താമസിക്കുന്ന ഇന്ത്യക്കാരടക്കമള്ള പ്രവാസികൾക്ക് അവരുടെ കച്ചേരി നേരിട്ട് ആസ്വദിക്കാം.
എട്ട് പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ പത്മവിഭൂഷൺ അവാർഡ് ജേതാവ് കൂടിയായ ആശ ഭോസ്ലെ വിവിധ ഭാഷകളിലെ സിനിമകൾക്കും ആൽബങ്ങൾക്കുമായി നിരവധി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. കൂടാതെ 1981,86 വർഷങ്ങളിലായി രണ്ട് ദേശീയ ചലച്ചിത്ര പുരസ്കാരം, 18 മഹാരാഷ്ട്ര സംസ്ഥാന ചലച്ചിത്ര അവാർഡുകൾ, രണ്ട് ഗ്രാമി നോമിനേഷനുകൾ എന്നിവയുൾപ്പെടെ നിരവധി അംഗീകാരങ്ങളും നേടിയിട്ടുണ്ട്.
ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള ഗായികമാരിൽ ഒരാളായ ആശ ഭോസ്ലെ വിവിധ ഭാഷകളിലായി 12,000ത്തിലധികം ഗാനങ്ങൾ പാടിയിട്ടുണ്ട്. ഒ.പി. നയ്യാർ, ഖയ്യാം, ശങ്കർ-ജയ്കിഷൻ, ആർ.ഡി. ബർമൻ തുടങ്ങി വിവിധ തലമുറകളിലെ സംഗീത സംവിധായകർക്കൊപ്പവും എ.ആർ റഹ്മാൻ, ഇളയരാജ തുടങ്ങി നിരവധി തെന്നിന്ത്യൻ സംഗീത സംവിധകയകർക്കാപ്പവും പ്രവർത്തിച്ചിട്ടുണ്ട്. അന്തരിച്ച പിന്നണി ഗായിക ലതാ മങ്കേഷ്‌കറിന്റെ സഹോദരിയാണ് ആശ ഭോസ്ലെ.